Connect with us

Kerala

വിശദീകരണം തൃപ്തികരമല്ല: ശ്രീറാം വെങ്കിട്ടറാമിന്റെ സസ്‌പെന്‍ഷന്‍ നീട്ടി

Published

|

Last Updated

തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെന്‍ഷന്‍ കാലാവധി രണ്ടു മാസത്തേക്ക് നീട്ടി. സംഭവം സംബന്ധിച്ച് ചീഫ്് സെക്രട്ടറി നല്‍കിയ നോട്ടീസിന് ശ്രീറാം വെങ്കിട്ടറാം നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചും ക്രിമിനല്‍ നടപടികള്‍ നേരിടുന്ന സാഹചര്യം കൂടി പരിഗണിച്ചുമാണ് സസ്‌പെന്‍ഷന്‍ രണ്ട് മാസത്തേക്ക് നീട്ടിയിരിക്കുന്നത്.

അതേസമയം ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര സെക്രട്ടറി എന്നിവരടങ്ങുന്ന സമിതി വിശദീകരണ കുറിപ്പ് പരിശോധിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കും. ആവശ്യമെങ്കില്‍ സമിതി മുമ്പാകെ വിശദീകരണം നല്‍കുന്നതിന് അവസരം നല്‍കും. 2013 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ ശ്രീറാമിനെ 1969 ലെ ആള്‍ ഇന്ത്യ സര്‍വീസസ് (ഡിസിപ്ലിന്‍ ആന്‍ഡ് അപ്പീല്‍) റൂള്‍സ് റൂള്‍ 3(3) അനുസരിച്ച് ചട്ടംലംഘിച്ചതിനാണ് ചീഫ് സെക്രട്ടറി സസ്‌പെന്‍ഡ് ചെയ്തത്.

നേരത്തെ പോലീസിന് നല്‍കിയ മൊഴി ആവര്‍ത്തിച്ചാണ് ശ്രീറാമിന്റെ വിശദീകരണം. അഞ്ച് ദൃസാക്ഷികളുടെ മൊഴികള്‍ക്കും കൂട്ടുപ്രതി വഫാ ഫിറോസിന്റെ രഹസ്യമൊഴിക്കും വിപരീതമായി താന്‍ അപകടസമയത്ത് വാഹനമോടിച്ചിട്ടില്ലെന്നും മദ്യപിച്ചിട്ടില്ലെന്നുമാണ് ശ്രീറാം ചീഫ് സെക്രട്ടറിക്ക് നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതിനാല്‍ തന്നെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും ശ്രീറാം അപേക്ഷിക്കുന്നുണ്ട്.

അപകടത്തിന് ശേഷം സര്‍വേ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ശ്രീറാമിനെ സസ്‌പെന്‍ഡ് ചെയ്ത ചീഫ് സെക്രട്ടറി വിശദീകരണവും തേടിയിരുന്നു. ജോലിയില്‍ നിന്ന് പിരിച്ചുവിടാതിരിക്കാന്‍ വിശദീകരണം നല്‍കണമെന്ന് കാണിച്ച് നല്‍കിയ നോട്ടീസിന് മറുപടിയായാണ് ശ്രീറാം വെങ്കട്ടരാമന്റെ ഏഴ് പേജുള്ള വിശദീകരണം.

അപകട സമയത്തെ ദൃക്‌സാക്ഷി മൊഴികളും, പരിശോധിച്ച ഡോക്ടറുടെ നിമനവുമെല്ലാം പൂര്‍ണമായി തള്ളിക്കളഞ്ഞുകൊണ്ടാണ് ശ്രീറാം വിശദീകരണം നല്‍കിയിരിക്കുന്നത്. കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ സംഭവം നടക്കുമ്പോള്‍ താന്‍ മദ്യപിച്ചിരുന്നില്ലെന്നും അപകട സമയത്ത് വാഹനം ഓടിച്ചത് താനല്ല, സുഹൃത്തായ വഫ ഫിറോസാണെന്നും വിശദീകരണത്തില്‍ പറയുന്നു. മദ്യപിക്കാത്തയാളാണ് താന്‍. സംഭവം നടക്കുമ്പോള്‍ മദ്യപിച്ചിട്ടില്ലായിരുന്നു. മനഃപൂര്‍വമല്ലാത്ത അപകടമാണ് സംഭവിച്ചത്. അപകടം ഉണ്ടായപ്പോള്‍ ബഷീറിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു. താന്‍ മദ്യപിച്ചതായുള്ള ദൃക്‌സാക്ഷി മൊഴികള്‍ ശരിയല്ലെന്നും രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും വിശദീകരണക്കുറിപ്പിലുണ്ട്. തനിക്കു നേരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം ശ്രീറാം നിഷേധിച്ചു.

ആഗസ്ത് മൂന്നിന് പുലര്‍ച്ചെ ഒരുമണിയോടെയാണ് മദ്യപിച്ച് ശ്രീറാം ഓടിച്ച വാഹനമിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ടത്. മ്യൂസിയത്തിനു സമീപം പബ്ലിക്ക് ഓഫിസിന് മുന്നിലായിരുന്നു അപകടം. അമിത വേഗതയിലെത്തിയ കാര്‍ ബഷീര്‍ സഞ്ചരിച്ച ബൈക്കിനു പിന്നില്‍ ഇടിക്കുകയായിരുന്നു. തെറിച്ചു വീണ ബഷീറിനെ ആശുപത്രിയിലെത്തിക്കുന്നതിനു മുമ്പ് മരണം സംഭവിച്ചു.

സര്‍വീസില്‍ പ്രവേശിക്കുന്നതിന് മുന്നോടിയായി കവടിയാറിലെ ഫ്‌ലാറ്റില്‍ നടത്തിയ പാര്‍ട്ടി കഴിഞ്ഞു പാളയം ഭാഗത്തേക്ക് പോകുകയായിരുന്നു ശ്രീറാം. അപകടമുണ്ടായ ഉടനെ ശ്രീറാമിനൊപ്പമുണ്ടായിരുന്ന യുവതിയെ പോലീസുകാര്‍ വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. ശ്രീറാമിനെ ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും രക്ത പരിശോധന പോലീസ് ആവശ്യപ്പെട്ടില്ല. എന്നിട്ടും മദ്യത്തിന്റെ മണമുണ്ടെന്ന് ഡോക്ടര്‍ പരിശോധനാ റിപ്പോര്‍ട്ടില്‍ കുറിച്ചിരുന്നു. ജനറല്‍ ആശുപത്രിയില്‍നിന്ന് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തി ശ്രീറാമിനെ സ്വന്തം ഇഷ്ട പ്രകാരം സ്വകാര്യ ആശുപത്രിയായ കിംസിലേക്ക് പോകാന്‍ പോലീസ് അനുവദിക്കുകയും ചെയ്തു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴും രക്തം പരിശോധിക്കാന്‍ സമ്മതിച്ചില്ല. പരിശോധന മണിക്കൂറുകളോളം വൈകിപ്പിക്കുകയാണുണ്ടായത്.

സംഭവം നടന്ന് ഒമ്പത് മണിക്കൂറുകള്‍ക്ക് ശേഷമാണ് ശ്രീറാമിന്റെ രക്ത സാമ്പിള്‍ പരിശോധനക്കെടുത്തത്. ഐ എ എസ് ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നതില്‍ മാധ്യമ പ്രവര്‍ത്തകരില്‍നിന്ന് പ്രതിശേധം ശക്തമായതോടെ പിറ്റേന്നു രാവിലെ പത്തോടെയാണ് ജനറല്‍ ആശുപത്രിയില്‍നിന്ന് ജീവനക്കാര്‍ സ്വകാര്യ ആശുപത്രിയിലെത്തി രക്തം ശേഖരിച്ചത്. കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബിലാണ് രക്തം പരിശോധിച്ചത്. മദ്യത്തിന്റെ സാന്നിധ്യമില്ലെന്നായിരുന്നു റിപ്പോര്‍ട്ട്.

പിന്നീട് എഫ് ഐ ആര്‍ രേഖപ്പെടുത്തുന്നതിലും പൊലീസിനു വീഴ്ച വന്നു. രാത്രി 12.55ന് നടന്ന അപകടം എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത് രാവിലെ 7.17ന് എന്നാണ്. ജീവന്‍ നഷ്ടപ്പെട്ട അവസ്ഥയിലാണ് ബഷീറിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു എന്നാണ് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

---- facebook comment plugin here -----

Latest