Connect with us

Cover Story

അകക്കണ്ണാലൊരു സ്വീപ് ഷോട്ട്

Published

|

Last Updated

കിലുങ്ങുന്ന പന്തും ക്രിക്കറ്റ് ബാറ്റും രജനീഷ് ഹെൻറി എവിടെ പോകുമ്പോഴും കൂടെയുണ്ടാകും. ശബ്ദങ്ങൾകൊണ്ട് പലതും തിരിച്ചറിഞ്ഞു തുടങ്ങുന്നേയുള്ളു. പക്ഷേ, ഭിത്തിയിലേക്കെറിഞ്ഞ പന്തിന്റെ ശബ്ദം തിരിച്ചറിയാൻ രജനീഷിന് ഒട്ടും സമയം വേണ്ടിവന്നില്ല. ക്രിക്കറ്റ് അത്രമേൽ അവന്റെ രക്തത്തിൽ ലയിച്ചുചേർന്നിരുന്നു. പന്തിന്റെ ശബ്ദം തിരിച്ചറിഞ്ഞ് കളിക്കാൻ തുടങ്ങിയതോടെ ഹോസ്റ്റൽ മുറിയും വരാന്തയും ടെറസുമെല്ലാം രജനീഷിന്റെ ക്രിക്കറ്റ് മൈതാനമായി. അങ്ങനെ പതിയെ പതിയെ രജനീഷിന്റെ ക്രിക്കറ്റ് ജീവിതം പുതിയ മൈതാനങ്ങൾ തേടി. കോഴിക്കോട് സ്വദേശിയായ രജനീഷ് ഇന്ന് കാഴ്ചാ പരിമിതരുടെ വേൾഡ് ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിലിന്റെ ഏഷ്യ ഡയറക്ടറും ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് ഇൻ ഇന്ത്യയുടെ വൈസ് പ്രസിഡന്റും ക്രിക്കറ്റ് അസോസിയേഷൻ ഓഫ് കേരളയുടെ സ്റ്റേറ്റ് ജനറൽ സെക്രട്ടറിയും കോഴിക്കോട് മാനാഞ്ചിറ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനുമാണ്.
എന്തുകൊണ്ടാണ് ക്രിക്കറ്റിനോടിത്ര ഇഷ്ടമെന്ന് ചോദിച്ചാൽ രജനീഷിന് ഒരുത്തരമേയുള്ളു. ജീവതവും ക്രിക്കറ്റും ഒരേപോലെയാണ്. ജീവിതത്തിലും ക്രിക്കറ്റിലും അടുത്ത നിമിഷം എന്തു സംവഭിക്കുമെന്ന് പറയാനാകില്ല. കാഴ്ചാ പരിമിതികളെ അതിജീവിച്ച രജനീഷിന്റെ ജീവിതം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. തികഞ്ഞ ആത്മവിശ്വാസത്തോടെ കഠിനപ്രയത്‌നത്തിലൂടെ എല്ലാ വെല്ലുവിളികളേയും അതിജയിച്ച് രജനീഷ് വിജയവഴിയിൽ എത്തുകയായിരുന്നു.

വീഴ്ച ഒരു നിമിത്തം

എല്ലാവരേയും പോലെത്തന്നെയായിരുന്നു രജനീഷിന്റെ ബാല്യം. വയസ്സ് മൂന്ന്, സന്തോഷത്തോടെ ഓടിച്ചാടി നടക്കുന്നതിനിടയിൽ വീടിന്റെ സ്റ്റെപ്പിൽ നിന്നുള്ള വീഴ്ചയിൽ ജീവിതത്തിന്റെ അടിതെറ്റി. കണ്ണിലേക്കുള്ള ഞെരമ്പുകൾക്ക് ക്ഷതം സംഭവിച്ചു. ഇടതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. ആശുപത്രികൾ പലതും കയറിയിറങ്ങി. പ്രതീക്ഷകളെല്ലാം അസ്ഥാനത്തായിരുന്നു. കാലചക്രം കറങ്ങി. ആറാം വയസ്സ്, ഊർജസ്സ്വലതയോടെ കളിച്ച് ചിരിച്ച് നടക്കുന്ന പ്രായം. ആ വിധിയും അവനെത്തേടിയെത്തി. വലത് കണ്ണിന്റെ കാഴ്ചയും നഷ്ടമായി. അതോടെ ജീവിതത്തിന്റെ നിറങ്ങളണഞ്ഞു, ലോകം ഇരുണ്ടു. ആറ് വയസ്സ് വരെ കണ്ട കാഴ്ചകൾ പതിയെപ്പതിയെ മറഞ്ഞുപോയെങ്കിലും ഒന്നുമാത്രം രജനീഷിന്റെ സിരകളിലേക്ക് പടർന്നുകയറിയിരുന്നു. ക്രിക്കറ്റ്. വന്നുപെട്ട വിധിയിൽ തകർന്നുപോയ കുഞ്ഞിളം മനസ്സിനെ തന്റെ ഇഷ്ടതോഴനായ ബാറ്റും പന്തും പതിയെ പിടിച്ചുയർത്തുകയായിരുന്നു. ആറ് വയസ്സ് വരെ ക്രിക്കറ്റ് താരമായ അമ്മാവൻ ഉത്തമൻ സെബാസ്റ്റ്യനൊപ്പം കളിച്ച കളികൾ രജനീഷിനെ അകക്കണ്ണിന്റെ വെളിച്ചത്തിൽ പുതിയ ഇന്നിംഗ്‌സുകൾ ഓപ്പൺ ചെയ്യാൻ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.

കോഴിക്കോട് സെന്റ് ജോസഫ് ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ പഠനമാരംഭിച്ച രജനീഷിനെ വിധി കാളകട്ടിയിലെ ബ്ലൈൻഡ് സ്‌കൂളിലേക്ക് മാറ്റി. കാളകട്ടിയിൽ നിന്ന് കോട്ടപ്പുറം ഹെലൻ കെല്ലർ മെമ്മോറിയൽ സ്‌കൂളിൽ ചേർന്നു. അവിടെ നിന്ന് പത്താം ക്ലാസ് കഴിഞ്ഞ് പ്രീഡിഗ്രി മുതൽ പി ജി വരെ മഹാരാജാസ് കോളജിൽ. പറവൂർ എസ് എൻ എം ട്രെയിനിംഗ് കോളജിൽ നിന്ന് ബി എഡ് നേടി. 2007 ൽ സർക്കാർ ജോലിയിൽ പ്രവേശിച്ചു.

പന്ത് കിലുങ്ങി,
ജീവിതം താളമിട്ടു

ലോകത്ത് കാഴ്ചാവൈകല്യമുള്ള എല്ലാവരും പിന്തുടർന്ന രീതിയായിരുന്നു കിലുക്കമുള്ള പന്തുപയോഗിച്ച് ക്രിക്കറ്റ് കളിക്കുന്നത്. ആസ്‌ത്രേലിയയിലും ഇംഗ്ലണ്ടിലുമെല്ലാം ഇതേ രീതിയിലാണ് കളിക്കുന്നത്. കിലുക്കമുള്ള പന്ത് ഉപയോഗിച്ച് അതിന്റെ ശബ്ദം തിരിച്ചറിഞ്ഞ് കളിക്കുക ശ്രമകരമാണ്. പക്ഷേ വെല്ലുവിളികളെ നേരിടാൻ അത് തരുന്ന ആത്മവിശ്വാസം ചെറുതല്ലായിരുന്നു- രജനീഷ് പറഞ്ഞു.
കളി പഠിച്ചും കളിച്ചും നടന്ന കാലം, ഇടക്കെപ്പഴോ ഇന്ത്യൻ ക്രിക്കറ്റിനെ പ്രതിനിധീകരിക്കണമെന്ന മോഹം മനസ്സിൽ തളിർത്തു. ആഗ്രഹം കനത്തുകൊണ്ടിരുന്നു. അപ്പോഴാണ് കാഴ്ചയില്ലാത്തവർ നടത്തുന്ന ബ്ലൈൻഡ് ക്രിക്കറ്റിനെക്കുറിച്ചറിഞ്ഞത്. ഇതോടെ രജനീഷിന്റെ ജീവിതം അടുത്ത ഇന്നിംഗ്‌സിലേക്ക് കടക്കുകയായിരുന്നു. കടുത്ത പരിശീലനമായി. അന്തർദാഹം തീർക്കാനുള്ള തീവ്രയത്‌നം. അങ്ങനെ വെല്ലുവിളികളെ അതിജയിച്ച് കേരളാ ടീമിലും ദേശീയ ടീമിലും ഇടംപിടിച്ചു.

1997 ൽ മഹാരാജാസിൽ പ്രീഡിഗ്രിക്ക് ചേരുമ്പോൾ രജനീഷ് സംസ്ഥാന താരമായിരുന്നു. പ്രീഡിഗ്രിക്ക് ക്ലാസിൽ പോകുന്നതൊക്കെ കുറവായിരുന്നു. ഹോസ്റ്റലിനകത്തും ഗ്രൗണ്ടിലും എല്ലാം കളിതന്നെ കളി. വൺഡൗൺ ബാറ്റ്സ്മാനായിരുന്നു അന്ന്. ഞങ്ങൾ തന്നെയായിരുന്നു പരിശീലകർ. എല്ലാ മത്സരങ്ങളിലും ടീം തോൽക്കും. ക്രിക്കറ്റ് കളിക്കുക ബുദ്ധിമുട്ടാണല്ലോ എന്ന് പലപ്പോഴും തോന്നിയെങ്കിലും പിൻവാങ്ങിയില്ല. ഫീൽഡിംഗിലും ബൗളിംഗിലും ബാറ്റിംഗിലും നന്നായി മികവ് കാണിക്കാൻ സാധിച്ചിരുന്നു. കടുത്ത പരിശീലനം വിജയത്തിലേക്കെത്തിച്ചു. 1998 ൽ നടന്ന മത്സരത്തിൽ മഹാരാജാസിനെ വിജയിപ്പിച്ചതോടെ മാൻ ഓഫ് ദ സീരീസ് ആയി. സച്ചിന്റെ സൈനോടെ ഇറക്കിയ ഫിലിപ്സിന്റെ റേഡിയോ സമ്മാനമായി ലഭിച്ചത് രജനീഷ് ഇന്നും ചാരിതാർഥ്യത്തോടെ ഓർക്കുന്നു.

1999 ൽ കേരളത്തിനുവേണ്ടി കളത്തിലിറങ്ങി. ഗോവയിൽ നടന്ന ദേശീയ മത്സരത്തിൽ തമിഴ്നാടിനെ തോൽപ്പിച്ചു. ആ വർഷം കേരളം ഫൈനലിൽ എത്തി. കർണാടകയുമായുള്ള മത്സരത്തിൽ 205 റൺസ് നേടി. അന്ന് താനും വിനോദ് കൃഷ്ണയെന്ന കളിക്കാരനും ചേർന്ന് 85 റൺസിന്റെ പാർടണർഷിപ്പ് ഉണ്ടാക്കി. 60 റൺസിന് നാല് വിക്കറ്റ് പോയ നിലയിൽ നിന്നായിരുന്നു ടീമിനെ കരകയറ്റിയത്. എന്നാൽ, ഫിനീഷിംഗിലെ പിഴവ് കേരളത്തെ തോൽപ്പിച്ചു. പിന്നീട് ആന്ധ്രയോടും തോൽവി വഴങ്ങി. അന്ന് രണ്ട് റൺസിനാണ് ഞാൻ പുറത്തായത്. 2001 ൽ ബെൽഗാമിൽ നടന്ന കളിയിലും കേരളം ഫൈനലിൽ എത്തിയിരുന്നു. അവിടെയും 50 റൺസിന് കർണാടകയോട് തോറ്റു. പിന്നീട് സൗത്ത് സോൺ ടീമിന്റെ ഭാഗമായി. 2002 ലോകകപ്പ് വന്ന വർഷം വാം അപ്പ് മാച്ചിൽ ഇംഗ്ലണ്ടിനെതിരെയും ആസ്‌ത്രേലിയക്കെതിരെയും ദേശീയ ടീമിനായി കളിച്ചു. ചെന്നൈയിൽ വെച്ചായിരുന്നു ആ സ്വപ്‌നനേട്ടം. അന്ന് എനിക്ക് 23 വയസ്സായിരുന്നു.

കളി മാത്രമല്ല ക്രിക്കറ്റ്…

ക്രിക്കറ്റിനെ പ്രാണനോട് ചേർത്ത രജനീഷിന് അത് കളി മാത്രമായിരുന്നില്ല. കാഴ്ചയും ശബ്ദവും വഴിയും വെളിച്ചവുമായിരുന്നു. പന്തിന്റെ ശബ്ദം കേട്ട് അതിന്റെ വേഗവും ഗതിയും അറിഞ്ഞ് ബാറ്റുകൊണ്ട് അവന് അടിച്ചെടുത്തത് ജീവിതമാണ്. വെല്ലുവിളികൾ നേരിടാൻ പ്രാപ്തനായത് ക്രിക്കറ്റിലൂടെയായിരുന്നു. ബൗണ്ടറിയിലേക്ക് പോകുന്ന കിലുക്കമുള്ള പന്തിന്റെ പിറകെയോടിയെടുത്ത് തിരിച്ചെറിഞ്ഞുകൊടുക്കുമ്പോൾ പൊരുതി നേടിയതിന്റെ വിലയറിഞ്ഞു. എന്നെ ഇംഗ്ലീഷ് അധ്യാപകനാക്കിയതും ക്രിക്കറ്റാണെന്ന് രജനീഷ് പറയുന്നു. കളിയുള്ള ദിവസം ടി വിക്കു മുന്നിലോ റോഡിയോ ഓൺ ചെയ്തോ ഒരേ ഇരിപ്പിരിക്കും. കമന്ററി ഉച്ചത്തിൽ വെക്കും. അങ്ങനെ ഇംഗ്ലീഷ് കമന്ററി കേട്ടുകൊണ്ടിരുന്നതോടെ ഭാഷ മനഃപാഠമായി. കളിയറിയാൻ ഈ ഭാഷ പഠിച്ചേ പറ്റു എന്നായി. അധികം വൈകാതെ അതും സാധിച്ചെടുത്തു.
ഒരിക്കൽ എറണാകുളത്ത് വെച്ച് ഒരാളോട് സഹായം ചോദിച്ചതാണ് രജനീഷിന്റെ ജീവിതത്തിലെ നിർണായക മാറ്റത്തിന് വഴിയൊരുക്കിയത്. അപരിചിതനോട് ഓട്ടോ വിളിച്ചുതരാൻ അപേക്ഷിച്ചു. കണ്ണുകാണില്ലെങ്കിൽ വീട്ടിൽ കുത്തിയിരുന്നു കൂടെ എന്നായിരുന്നു മറുപടി. അത് മനസ്സിൽ തറച്ചു. അന്ന് കരുതിവെച്ചതാണ് കാഴ്ചാ പരിമിതിയെ മറികടക്കാൻ ആവുന്നതെല്ലാം ചെയ്യണമെന്ന്.
കാഴ്ചാ പരിമിതരെ സ്വയം പര്യാപ്തരാക്കാൻ രജനീഷ് തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുകയാണ്. ലോട്ടറി വിൽപ്പന നടത്തിയും തീവണ്ടിയിൽ പാട്ടു പാടിയും മാത്രം കാഴ്ചയില്ലാത്തവരുടെ ലോകം ചുരുങ്ങരുത്. കാഴ്ചയുള്ളവരെപ്പോലെ തന്നെ എല്ലാം ചെയ്യാൻ തങ്ങൾക്കുമാകുമെന്ന് അവരെ ബോധ്യപ്പെടുത്തണം. ഈ നിശ്ചയദാർഢ്യത്തോടെ അസംഖ്യം വരുന്ന കാഴ്ചയില്ലാത്തവർക്ക് വെളിച്ചമാകാൻ ക്രിക്കറ്റ് ബാറ്റും കിലുക്കമുള്ള പന്തുമായി കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിക്കുകയാണിന്ന് രജനീഷ്.

അങ്ങനെയാണ് 2010 ക്രിക്കറ്റിൽ അഡ്മിനിസ്ട്രേറ്റീവ് റോളിലേക്ക് എത്തിക്കൊണ്ട് അടുത്ത ഇന്നിംഗ്‌സിന് തുടക്കമിട്ടത്. കായിക താരമെന്ന നിലയിൽ നിന്ന് സംഘാടകനെന്ന നിലയിലേക്കുള്ള മാറ്റം. കളിക്കുന്നതുപോലെ തന്നെ വെല്ലുവിളികൾ നിറഞ്ഞതാണ് സംഘാടനവും. പ്രത്യേകിച്ചും സമൂഹത്തിൽ മാറ്റി നിർത്തപ്പെടുന്ന വിഭാഗത്തിന്റെയാകുമ്പോൾ. എല്ലാ വെല്ലുവിളിയും രജനീഷ് ഏറ്റെടുത്തു. കഴിവും ആത്മവിശ്വാസവും മുന്നിൽ നിന്നു നയിച്ചു. അങ്ങനെ രജനീഷിന്റെ സംഘാടക മികവ് ഇന്ത്യയെന്ന ബൗണ്ടറിയും കടന്ന് ലോക ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിലിൽ വരെയെത്തി. ഇനിയും തന്റെ ജൈത്രയാത്ര തുടരുകയാണ് രജനീഷ്. പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉയർത്തെഴുന്നേൽപ്പിനായി.

കെ എം സിജു
• sijukm707@gmail.com

sijukm707@gmail.com

Latest