Connect with us

Ongoing News

പൊട്ടാസ്യം സയനൈഡ്; രുചിയറിയാത്ത അത്ഭുത വിഷം

Published

|

Last Updated

കോഴിക്കോട്: ആറ് പേരുടെ മരണത്തിനിടയാക്കിയ കൂടത്തായി കൊലപാതക പരമ്പരയിലെ വില്ലൻ രാസവസ്തുവായ പൊട്ടാസ്യം സയനൈഡെന്ന് സൂചന. ജോളിക്കൊപ്പം അറസ്റ്റിലായ ജ്വല്ലറി ജീവനക്കാരൻ സജി മാത്യുവും സ്വർണപ്പണിക്കാരൻ പ്രജുകുമാറുമാണ് സയനൈഡ് സംഘടിപ്പിച്ച് നൽകിയതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. എല്ലാ മരണങ്ങൾക്കും സയനൈഡ് ഉള്ളിൽ ചെന്നതിന്റെ ലക്ഷണമുള്ളതായാണ് സൂചന ലഭിച്ചിരിക്കുന്നത്.

പെട്ടെന്ന് കണ്ടെത്താൻ കഴിയാത്ത തരത്തിലുള്ള മാരക വിഷാംശമാണ് പൊട്ടാസ്യം സയനൈഡ്. പഞ്ചസാരയോട് സാമ്യമുള്ള, ജലത്തിൽ വളരെ നന്നായി ലയിക്കുന്ന, നിറമില്ലാത്ത, ക്രിസ്റ്റൽ രൂപമാണ് ഇതിന്. സ്വർണ ഖനനത്തിലും ആഭരണ മേഖലയിലും ഇലക്ട്രോപ്ലേറ്റിംഗിലും ഉപയോഗിച്ചുവരുന്ന രാസവസ്തു. രുചി അറിയാൻ കഴിയില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. അപ്പോഴേക്കും മരണം നടന്നിരിക്കും. ആഹാരത്തിനെ ഓക്‌സീകരണം നടത്തി ഉപയോഗപ്രദമായ ഊർജം ഉത്പ്പാദിപ്പിക്കുന്നതിൽ നിന്ന് ശരീരത്തെ തടയുന്നു. തുടക്കത്തിൽ, കഠിനമായ സയനൈഡ് വിഷബാധ, വിഷബാധയേൽക്കുന്നയാളിന്റെ മുഖം ചുവന്നുതുടുക്കാൻ കാരണമാകുന്നു. രക്തത്തിലെ ഓക്‌സിജൻ ടിഷ്യുസിന് ഉപയോഗിക്കാൻ കഴിയാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. സയനൈഡ് ഉള്ളിൽ ചെന്നാൽ വിരലിന്റെ അറ്റത്ത് നീല നിറത്തിലുള്ള അടയാളം ഉണ്ടാകും.

കപ്പയിലയുടേതിന് സമാനമായ വാസനയാണ് സയനൈഡിന് ഉണ്ടാകുകയെന്ന് കുറ്റാന്വേഷണ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
മറ്റ് വിഷവസ്തുക്കൾ ഉള്ളിൽ ചെന്നാൽ പെട്ടെന്ന് കണ്ടെത്താൻ കഴിയുമ്പോൾ സയനൈഡ് ഉള്ളിലുണ്ടെന്ന് കണ്ടെത്താൻ കൂടുതൽ പരിശോധനകൾ വേണ്ടിവരുന്നു. കീടനാശിനി പോലുള്ള വിഷ വസ്തുക്കൾ ഉള്ളിൽ ചെന്നാൽ മണവും ഛർദിയും ഉണ്ടാകും. എന്നാൽ സയനൈഡ് ശ്വാസ തടസ്സമാണുണ്ടാക്കുന്നത്. സാധാരണ വിഷപദാർഥങ്ങൾ ലഭ്യമാകുന്നത് പോലെ സയനൈഡ് വിപണിയിൽ ലഭ്യമല്ല. സ്വർണപ്പണിക്കാരുടെ പക്കലാണ് പ്രധാനമായും ഈ രാസവസ്തു ഉണ്ടാവുക.

കൂടത്തായിയിൽ നടന്ന കൊലപാതക പരമ്പരയിലും സ്വർണപ്പണിക്കാരനിൽ നിന്ന് ലഭിച്ച സയനൈഡ് നൽകിയാണ് കൃത്യം നടത്തിയതെന്നാണ് പോലീസ് കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സയനൈഡ് എത്തിച്ച് നൽകിയ സജി മാത്യുവും പ്രജു കുമാറും അറസ്റ്റിലായത്. ടോം തോമസിന്റെ ഭാര്യ അന്നമ്മയാണ് 2002ൽ ആദ്യം മരിച്ചത്. കുഴഞ്ഞ് വീണായിരുന്നു മരണം. തുടർന്ന് മറ്റുളളവരും സമാന സാഹചര്യത്തിൽ മരിച്ചു. ആറ് വർഷം മുമ്പായിരുന്നു റോയി തോമസിന്റെ മരണം.
ഹൃദയാഘാതമാണ് കാരണമെന്ന് വീട്ടിലുള്ളവർ പറഞ്ഞെങ്കിലും ചിലർ സംശയമുന്നയിച്ചതിനാൽ പോസ്റ്റ്‌മോർട്ടം നടത്തി. വിഷം അകത്ത് ചെന്നതാണ് മരണകാരണമെന്നായിരുന്നു റിപ്പോർട്ട്. ഈ പരിശോധനയിലാണ് സയനൈഡ് അകത്ത് ചെന്നാണ് മരണമെന്ന് വ്യക്തമായത്. മുൻ ഭർത്താവ് റോയി രാത്രി ഭക്ഷണം കഴിക്കുന്നതിന് മുമ്പായി ബാത്‌റൂമിൽ പോയെന്നും അവിടെ ബോധംകെട്ടെന്നുമാണ് ജോളി നൽകിയ മൊഴി.
എന്നാൽ മരണത്തിന് 15 മിനുട്ട് മുമ്പ് റോയി തന്റെ പ്രിയപ്പെട്ട ഭക്ഷണമായ ചോറും കടലക്കറിയും കഴിച്ചതായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ മനസ്സിലായി. പിറ്റേന്ന് മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടത്തിൽ സയനൈഡിന്റെ അംശവും കണ്ടെത്തുകയായിരുന്നു.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest