Connect with us

Ongoing News

കരുതണം കച്ചോടത്തിലെ കള്ളത്രാണങ്ങൾ

Published

|

Last Updated

നമുക്കിഷ്ടമില്ലാത്ത കാര്യങ്ങൾ മറ്റുള്ളവരുടെ തലയിൽ വെച്ചുകൊടുക്കുന്നതിൽ സമർഥരാണ് നമ്മിൽ പലരും. നമ്മളോരോരുത്തരും ഇത്തരത്തിൽ അപകടം പിടിച്ചവയിൽ നിന്ന് സ്വയം തലയൂരുകയും കൂട്ടുകാരന്റെ തല പിടിച്ച് അവിടെ കുരുക്കിയിടുകയും ചെയ്യുമ്പോൾ, ഫലത്തിൽ നമ്മളെല്ലാവരും ചേർന്ന് നമ്മെ നാമാവശേഷമാക്കുന്നു.
ഇത് രണ്ട് രൂപത്തിലാണ് നടക്കുന്നത് എന്ന് പൊതുവേ പറയാം. ഒന്ന്, തന്റെ കാര്യലാഭത്തിന് അന്യനെ ഇരയാക്കുക. ഇന്ന് നടക്കുന്ന ഏറെക്കുറെ കച്ചവടങ്ങളും അങ്ങനെയാണ് എന്നു പറയേണ്ടി വരും ? അന്നം എന്ന പേരിൽ വിഷവിൽപ്പനകളാണ് നടക്കുന്നത്. നിങ്ങൾ ഹോട്ടൽ നടത്തുന്നത് നാട്ടുകാരെ നന്നാക്കാനല്ലായിരിക്കാം. പക്ഷേ അവരെ ദ്രവിപ്പിച്ചേ നിങ്ങൾക്ക് ലാഭം വേണ്ടതുള്ളൂ എന്ന് വാശി പിടിക്കേണ്ടതുണ്ടോ ? എന്നതാണ് അലമുറയിടുന്ന ചോദ്യം.

രണ്ടാമത്തേത് തനിക്ക് പിടിപെട്ട നിവൃത്തികേടിനെ മറ്റ് വഴികളില്ലാത്തതുകൊണ്ട്, അപരന്റെ തലയിൽ തള്ളിയിടുക എന്നതാണ്. അംഗവൈകല്യമുള്ള പെണ്ണിനെ കള്ളിമിണ്ടാതെ കെട്ടിച്ചുകടത്തുക, എൻജിൻ തകർന്ന വാഹനം ബോഡിയുടെ മോടികൂട്ടി വിൽക്കുക, ചുടലയായി ഉപയോഗിച്ച മുളമ്പറമ്പ് കിട്ടിയ പൈസക്ക് വിറ്റൊഴിവാക്കുക, തറതകർന്ന വീട് പെയ്ന്റടിച്ച് മുന്തിയ വിലക്ക് വിറ്റുപറ്റിക്കുക… എന്നിങ്ങനെ പോകുന്നു അതിന്റെ ഉദാഹരണങ്ങൾ.
അറവുകാരൻ ഒടിഞ്ഞതിനേയും പുഴുത്തതിനേയും ചത്തതിനെ പോലും കശാപ്പു ചെയ്ത് ചൂടോടെ തൂക്കി വിൽക്കുന്നു. ഒരു കഷ്ണം പോലും അതിൽ നിന്ന് കറിവെച്ച് കൂട്ടുന്നില്ല. അവൻ ഉള്ളാലെ കള്ളച്ചിരി ചിരിച്ച് അപ്പുറത്ത് ചെന്ന് അയക്കൂറയുടെ നടുക്കഷ്ണം വെട്ടി വാങ്ങുന്നു. ദിവസങ്ങൾക്കപ്പുറം മംഗലാപുരത്ത് നിന്ന് അധികം വന്നത്, ഐസുകട്ടയുടേയും അമോണിയയുടേയും കുഴമ്പിൽ കുളിപ്പിച്ച് കണ്ണോക്ക് കഴിക്കാനായി കെട്ടിയെടുത്ത പഴകിയ മയ്യിത്താണ് ഈ അയക്കൂറ അവർകൾ എന്നത് എന്തുകൊണ്ടോ അയാൾ അറിയാതെ പോകുമ്പോൾ ആ മീൻകാരനും ഉള്ളിൽ പൊട്ടിച്ചിരിക്കുന്നു. ഹോട്ടലുകാരൻ പുളിച്ചതും ചീഞ്ഞതും രാസരുചികളുടെ അമിത സാന്നിധ്യത്താൽ കെങ്കേമമാക്കി വിളമ്പി, നമ്മുടെ വയറുകളിൽ രോഗാണുക്കളെ റിക്രൂട്ട് ചെയ്യുന്നു. അങ്ങനെയുള്ള ഹോട്ടലുടമ ഒരു വയറ്റിക്കാളിച്ചയുമായി ഡോക്ടറെ കാണാൻ ചെന്നാൽ, ആദ്യപരിശോധനയിൽ തന്നെ പിത്തസഞ്ചിയിൽ കല്ലുണ്ടെന്നോ, കിഡ്‌നിയിൽ മണ്ണ് പുരണ്ടെന്നോ, അടിവയർ പഴുത്തു മലർന്നെന്നോ ആധികാരികമായി സംശയം പ്രകടിപ്പിച്ച് മലരക്തമൂത്രാദി ടെസ്റ്റുകളെല്ലാം ചെയ്യിപ്പിക്കുന്നു. മനുഷ്യന്റെ ആന്തരാവയവങ്ങളെ ദ്രവിപ്പിക്കുന്ന മുട്ടൻ ഇംഗ്ലീഷ് ഗുളികകളുടെ പായ മടക്കിക്കെട്ടിക്കൊടുക്കുന്നു.

യഥാർഥ വിശ്വാസിക്ക് ചേർന്നതല്ല ഇതൊന്നും. ഒരാൾ തനിക്കെന്താണോ ഇഷ്ടപ്പെടുന്നത്, അത് തന്റെ സഹോദരനും ഇഷ്ടപ്പെടണം, തനിക്കെന്താണോ വെറുപ്പ് അത് അവനുവേണ്ടിയും വെറുക്കണം. ഉപഭോക്താവിന്റെ നെഞ്ച് കലക്കുന്ന ചതി വിൽപ്പനകൾ വിശ്വാസിക്ക് യോജിച്ചതല്ല. “ആരെങ്കിലും നമ്മെ വഞ്ചിച്ചാൽ അവൻ നമ്മിൽ പെട്ടവനല്ല”- തിരുവചനം. ത്വാഹാ റസൂൽ(സ) മാർക്കറ്റിലൂടെ നടന്നു നീങ്ങുന്നു. ചാക്കുകളിൽ ഗോതമ്പ് നിറച്ച് ഒരാൾ കച്ചവടം നടത്തുന്നു. നോട്ടത്തിലും ഭാവത്തിലും ആശാനൊരു പൂച്ചക്കളി. നബി തങ്ങൾ ചാക്കിലേക്ക് കയ്യിട്ടു കുഴച്ചുമറിച്ചു. നോക്കുമ്പോൾ, അടിയിൽ നനച്ച് വെച്ചിരിക്കുന്നു ഇഷ്ടൻ. അപ്പോഴാണിങ്ങനെ പ്രസ്താവിച്ചത്.

വിശ്വാസിയായ കച്ചവടക്കാരന് ഉപഭോക്താവിനെ വഞ്ചിക്കാൻ കഴിയില്ല. സത്യസന്ധനായ വ്യാപാരിക്ക് പരലോകത്ത് മഹത്തായ സ്ഥാനമാണ് നൽകപ്പെട്ടിരിക്കുന്നത്. പക്ഷേ, എന്തുകൊണ്ടെന്നറിയില്ല, ഇടപാടുകളിലെ ചതിയും കച്ചവടത്തിലെ കള്ളത്തരങ്ങളും കാരണം നമുക്ക് നമ്മെത്തന്നെ വിശ്വാസമില്ലാതായിരിക്കുന്നു. എന്താണിന്നത്തെ അവസ്ഥ ? മാർക്കറ്റിൽ നിന്ന് എന്തെങ്കിലും സാധനം ധൈര്യമായി വാങ്ങാനാകുമോ ? പാലും മുട്ടയും പഴവും പച്ചക്കറിയും എന്തിനധികം ദീനം മാറാനുള്ള മരുന്നടക്കം സർവത്ര വിഷമയം.

മുതൽ വേണം. അതെത്രയും സമ്പാദിക്കാം. അതിന് പരിധിയൊന്നും മതത്തിന്റെ കർമകാണ്ഠപ്രകാരമില്ല. എന്നുമാത്രമല്ല, നന്നായി ധനം സമ്പാദിച്ച് നല്ല മാർഗത്തിൽ ചെലവഴിക്കുന്ന ഒരാളിനെ അസൂയയോടെ (മത്സരബുദ്ധി) കാണാവുന്നതാണ്. എന്നു മാത്രമല്ല, ബിസിനസ് പോലുള്ള ധനാഗമ മാർഗത്തിൽ ഇടപെട്ട് സാത്വികനായി ജീവിക്കുന്ന ഒരാൾ അതെല്ലാം വലിച്ചെറിഞ്ഞ് ദിവ്യമാർഗത്തിൽ മാത്രം മുഴുകാൻ ഇരിക്കുന്നത് ഗുപ്തമായ ദുർമോഹമാണെന്ന് ഇബ്‌നു അത്വാഇല്ലാഹിസ്സിക്കന്തരി (റ) ഓർമപ്പെടുത്തുന്നുണ്ട് (അൽഹികം). പക്ഷേ മുതൽ വേട്ടക്ക് കണ്ണും കാതും വേണം. മനുഷ്യനെ ഭ്രാന്തനാക്കുന്ന ഒരുതരം ലഹരിബാധയായി അത് തരം താഴരുത്. മനുഷ്യൻ മുതലിന്റെ അടിമയായി മാറുകയും അരുത്. മുതലുകൂടുമ്പോൾ ആവശ്യങ്ങൾ കൂടും. ചെലവേറും. നാം മുതലിലേക്ക് ഓടിപ്പിടിക്കുമ്പോൾ അത് നമ്മിൽ നിന്ന് ഓടിയകലും. നാം പുറം തിരിഞ്ഞോടുമ്പോൾ അത് നമ്മെ തേടി പിന്നാലെ പോരും.

തനിക്ക് സുഖവും ആരാന് കലികാലവും എന്ന രീതി മാറ്റേണ്ടതാണ.് ത്വാഹാ റസൂലിന്റെ ഉപദേശങ്ങളിലും കർമരേഖകളിലും അങ്ങനെയുള്ള നിലപാടാണ് കാണുന്നത്. സ്വഹാബികൾ അതേ രീതിയാണ് സ്വീകരിച്ചത്. പലപ്പോഴും തന്നെക്കാൾ, അപരന് നല്ലത് വെച്ചുനീട്ടുന്ന മനസ്സായിരുന്നു അവരുടേത്. രണാങ്കണത്തിൽ മരണം നേർക്കുനേർ കാണുന്ന വേളയിൽ തൊണ്ടക്കുഴിയിൽ ദാഹം ബൂട്ടിട്ട് ചവിട്ടുമ്പോൾ, വെച്ചുനീട്ടപ്പെട്ട ദാഹജലം പോലും സഹോദരന് ദാനം ചെയ്ത, കണ്ണീര് പൊടിയുന്ന ചരിത്രമാണ് നമുക്കുള്ളത്.
എന്നിരിക്കെ ക്യാൻസറിന്റെ മുത്താപ്പയായ അജ്‌നാമോട്ടോയും കഴുത്തൊടിച്ചു കൊന്ന കോഴിശവവും പുഴങ്ങിവിറ്റ് കാശുകൊയ്യുകയും ഉണ്ണാൻ നേരത്ത് വീട്ടിലെത്തി പൂന്നെല്ലിന്റെ ചോറും നാടൻ പശുവിന്റെ നെയ്യും തട്ടിവിഴുങ്ങുന്നത് എത്ര മേൽ ശരിയാണ് ?

ഫൈസൽ അഹ്‌സനി ഉളിയിൽ
• faisaluliyil@gmail.com

Latest