Connect with us

Articles

ഗാന്ധിയന്‍ ബഹുസ്വരതയുടെ തെളിച്ചം

Published

|

Last Updated

സബര്‍മതി ആശ്രമത്തിലേക്ക് ഒരിക്കല്‍ ഗാന്ധിജിയെ അന്വേഷിച്ച് ഉന്നതനായ ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ വന്നു. ഗാന്ധിജി അപ്പോള്‍ ആശ്രമത്തില്‍ ഉണ്ടായിരുന്നില്ല. അതിഥിയെ സ്വീകരിച്ചിരുത്തി ആശ്രമത്തിലെ അന്തേവാസി ഗാന്ധിജിയെ തേടി പുറത്തേക്കിറങ്ങി. അല്‍പ്പം അകലെ ഒരു ഹരിജന്‍ കോളനിയില്‍ ആ ദരിദ്ര ജനതയുടെ വേവലാതികള്‍ കേട്ടുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. ആശ്രമവാസി ഓടിക്കിതച്ചെത്തി കാര്യം പറഞ്ഞെങ്കിലും അദ്ദേഹം കോളനിവാസികളെ കേള്‍ക്കുന്നത് തുടര്‍ന്നു. വളരെ വൈകിയാണ് ഗാന്ധിജി ആശ്രമത്തിലേക്ക് തിരികെയെത്തിയതും ബ്രിട്ടീഷ് ഉദ്യോഗസ്ഥനുമായി കൂടിക്കാഴ്ച നടത്തിയതും. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ ഗാന്ധിജി നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു.
“സാമൂഹിക ക്രമത്തില്‍ താഴേ തട്ടില്‍ എന്ന് നാം കരുതുന്ന ഈ ജനവിഭാഗമാണ് രാജ്യത്തിന്റെ യഥാര്‍ഥ അവകാശികള്‍. അവരുടെ പ്രശ്‌നങ്ങള്‍ക്ക് മുമ്പില്‍ കണ്ണടച്ച് കൊണ്ട് ഉന്നതന്മാരെ സുഖിപ്പിക്കുന്ന സമീപനങ്ങള്‍ നമ്മുടെ രാജ്യം മുന്നോട്ടു വെക്കുന്ന മാനവിക സങ്കല്‍പ്പങ്ങളോട് ഒരിക്കലും യോജിക്കുന്നതല്ല.”

ആധുനിക ഇന്ത്യയിലെ നിരവധി സാമൂഹിക പ്രശ്‌നങ്ങളെ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ഏറ്റവും ആദ്യം തെളിഞ്ഞു വരുന്ന കാര്യം, ജാതിയിലും സമ്പത്തിലും താഴേ തട്ടില്‍ കിടക്കുന്ന ദരിദ്ര ജനവിഭാഗം ഇന്നും അനുഭവിക്കുന്ന സാമൂഹിക അസമത്വമാണ്. യൂറോപ്യന്‍ സാമ്രാജ്യത്വത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയപ്പോള്‍ അതിലും ഭീകരമായ ഒരു ആഭ്യന്തര കൊളോണിയലിസത്തെ കുറിച്ച് ആരും ചിന്തിച്ചിരുന്നില്ല. രാഷ്ട്രീയ ഭീകരതയുടെ പുതിയ കാലഘട്ടത്തില്‍ ഗാന്ധിജിയുടെ ദേശീയ ചിന്തകള്‍ക്കും ബഹുസ്വര സങ്കല്‍പ്പങ്ങള്‍ക്കും എത്രമാത്രം പ്രസക്തിയുണ്ട് എന്ന് നാം അന്വേഷണം നടത്തേണ്ടതുണ്ട്.

ഗാന്ധിജി ഓര്‍മിക്കപ്പെടുമ്പോഴും പ്രമേയമാക്കപ്പെടുമ്പോഴും തീര്‍ച്ചയായും ഉത്തരം കണ്ടെത്തേണ്ട ചില ചോദ്യങ്ങളുണ്ട്.
വിദേശ സാമ്രാജ്യത്വ ശക്തികളുടെ വിട വാങ്ങലിനു ശേഷം ശക്തിപ്പെട്ട ആഭ്യന്തര കൊളോണിയലിസം, യാതൊരു മാറ്റവുമില്ലാതെ തുടരുന്ന സാമൂഹിക അസമത്വം, മതേതര മൂല്യങ്ങള്‍ക്കും ബഹുസ്വര സംവിധാനങ്ങള്‍ക്കും നേരെ ഭീകരമായി ഉയരുന്ന ഏകശിലാപരമായ പ്രഖ്യാപനങ്ങള്‍. സ്വാതന്ത്ര്യാനന്തര ഇന്ത്യയെ സംബന്ധിച്ച് ഗാന്ധിജി സ്വരുക്കൂട്ടിയ ഒരു സ്വപ്‌നമുണ്ടായിരുന്നു. ബഹുസ്വരതയില്‍ രൂപം നല്‍കിയ ദേശീയതയും ഏറ്റവും താഴേ തട്ടിലുള്ളവരുടെ കണ്ണീര്‍ പോലും പ്രമേയമാക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രത്തെ കുറിച്ചുള്ളതായിരുന്നു ആ സ്വപ്‌നം. പക്ഷേ, ഗാന്ധിജിയുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട പുതിയ പ്രഖ്യാപനങ്ങളിലൂടെ ഗാന്ധിജി ഒരിക്കല്‍ പോലും നിര്‍വചിക്കാത്ത വിധത്തില്‍ അദ്ദേഹത്തിന്റെ സ്വപ്‌നങ്ങളെ സംഘ്പരിവാര്‍ ഇന്ത്യയില്‍ നടപ്പാക്കി കൊണ്ടിരിക്കുകയാണ്. ഗാന്ധിജിയുടെ രാമരാജ്യം എന്ന പേരില്‍ ഫാസിസ്റ്റ് ശക്തികള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വ പദ്ധതികള്‍ ഇതിന്റെ ഭാഗമായി വേണം മനസ്സിലാക്കാന്‍.

രാജ്യം സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ടു പിന്നിട്ടിട്ടും നഗരങ്ങളും ഗ്രാമങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സാമൂഹികവും സാമ്പത്തികവും വികസനപരവുമായ അസമത്വം വലിയ വ്യത്യാസത്തില്‍ ഇപ്പോഴും തുടരുകയാണ്. കേരളം പോലെ ചുരുക്കം ചില ഇടങ്ങള്‍ മാത്രമാണ് ഈ ആക്ഷേപത്തിനു അപവാദമായി ഉയര്‍ത്തി കാണിക്കാന്‍ കഴിയുക. ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഗ്രാമീണ ജീവിതം ഇന്നും നരകതുല്യമാണ്. കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്ന ഗ്രാമീണ കര്‍ഷക ജനത നിരന്തരം അവഗണിക്കപ്പെടുകയും നാണ്യ വിളകള്‍ക്ക് അര്‍ഹമായ വില ലഭിക്കാതെ സാമ്പത്തികമായി ശോഷിച്ചുണങ്ങിയതിന്റെയും പ്രതിഫലനങ്ങളായിരുന്നു കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായ കര്‍ഷക ആത്മഹത്യകളും തുടര്‍ന്ന് ഡല്‍ഹി, മുബൈ ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ ദൃശ്യമായ കര്‍ഷക സമരങ്ങളും. ഇന്ത്യയുടെ ആത്മാവ് നില കൊള്ളുന്നത് ഗ്രാമങ്ങളിലാണെന്നും ഗ്രാമീണ ജനതയുടെ സര്‍വതോന്‍മുഖമായ പുരോഗതിയിലൂടെ മാത്രമേ രാജ്യത്തിന്റെ അഭിവൃദ്ധി സാധ്യമാകുകയുള്ളൂ എന്നും ഗാന്ധിജി രാഷ്ട്രീയ നേതൃത്വത്തെ ബോധ്യപ്പെടുത്തിയിരുന്നെങ്കിലും ഈ സിദ്ധാന്തത്തിന്റെ പ്രയോഗവത്കരണത്തില്‍ മുഴുവന്‍ പേരും ഒരു പോലെ പരാജയപ്പെട്ട കാഴ്ചയാണ് നാം കണ്ടത്.

ഹിന്ദു മതത്തിന്റെ സനാതന ധര്‍മങ്ങളെ പുണര്‍ന്നു ജീവിച്ചിരുന്ന ഒരു വൈശ്യ ജാതിക്കാരന്‍ ആയിരുന്നെങ്കിലും ഇന്ത്യന്‍ ബഹുസ്വരതയെ ഏറ്റവും നന്നായി മനസ്സിലാക്കിയ രാഷ്ട്ര നേതാവായിരുന്നു ഗാന്ധിജി. ബഹുസ്വരതക്കു മേല്‍ ഏറ്റവും വലിയ കടന്നു കയറ്റങ്ങള്‍ വ്യാപകമായ ആധുനിക കാലഘട്ടത്തില്‍ ഗാന്ധിജി വിഭാവനം ചെയ്ത ദേശീയതയും ബഹുസ്വരതയും പല ആവര്‍ത്തി വായിക്കപ്പെടേണ്ടതുണ്ട്. ദേശീയതയെയും ബഹുസ്വരതയെയും ഇരു ചേരിയിലാക്കി ജനതയെ രണ്ടാക്കി പകുത്തു പരസ്പരം ആയുധമെടുപ്പിക്കുന്ന നവ സാമൂഹിക ക്രമം സൃഷ്ടിച്ചെടുത്തതിലൂടെ സംഘ് പരിവാരം ലക്ഷ്യം വെച്ചത് എന്തെല്ലാമായിരുന്നു? ബഹുസ്വരതയില്ലായ്മ ചെയ്യുന്നതിലൂടെയും മനുഷ്യത്വ വിരുദ്ധമായ ദേശീയത സ്ഥാപിച്ചെടുക്കുന്നതിലൂടെയും അസ്വസ്ഥരാകുന്നത് കേവലം ഏതെങ്കിലുമൊരു മത വിശ്വാസം മാത്രമല്ല. ദളിത്, പിന്നാക്ക, മത ന്യൂനപക്ഷങ്ങള്‍ എല്ലാം ഈ ആഭ്യന്തര കൊളോണിയല്‍ ശക്തികളുടെ പീഡന മുറകളില്‍ നിന്ന് രക്ഷ തേടുകയാണ്. ഗാന്ധിജിയുടെ അവസാന നാളുകളിലെ നിലപാടുകളും സമര രീതികളും ഏറ്റവും നന്നായി വായിക്കപ്പെടേണ്ടതും ഈ അവസരത്തിലാണ്.

സകല മാനവികതയും മാനുഷിക മൂല്യങ്ങളും 1947നു ശേഷം അതിര്‍ത്തി നിശ്ചയിക്കപ്പെട്ട ഇന്ത്യന്‍ ഉപദ്വീപിനകത്തേക്കു ചുരുക്കപ്പെട്ടു. സവര്‍ണ ഫാസിസ്റ്റു കുബുദ്ധിയില്‍ തെളിഞ്ഞു വരുന്ന മാനദണ്ഡങ്ങള്‍ രാജ്യ സ്‌നേഹത്തിന്റെ അളവ് കോലായി പരിഗണിക്കപ്പെടുന്നതോടെ രാജ്യാതിരുകള്‍ക്കപ്പുറത്തുള്ള മനുഷ്യരെ കുറിച്ച് ചിന്തിക്കുന്നത് പോലും രാജ്യദ്രോഹമായി അടയാളപ്പെടുത്തുന്നു. ദേശീയതയുമായി ബന്ധപ്പെട്ട് ഗാന്ധിജി പ്രകടമാക്കിയ നിലപാടുകളുടെ തെളിച്ചം ഇവിടെയാണ് കൂടുതല്‍ പ്രകാശമയമാകുന്നത്. സ്വാതന്ത്ര്യ ലബ്ധിയോടെ വിഭജിക്കപ്പെട്ടുപോയ പാക്കിസ്ഥാന് വേണ്ടിയായിരുന്നു സ്വാതന്ത്ര്യാനന്തരം ഗാന്ധിജി ആദ്യ ഉപവാസം നടത്തിയത്. ആധുനിക ഇന്ത്യയുടെ ദേശീയതാ അളവുകോല്‍ വെച്ച് നിര്‍ണയിച്ചെടുക്കുകയാണെങ്കില്‍ മരിക്കും വരെ തൂക്കി കൊല്ലാന്‍ അത് മതി. നെഹ്റുവിന്റെ നേതൃത്വത്തില്‍ അധികാരത്തിലേറിയ മന്ത്രിസഭാ അംഗങ്ങള്‍ ഓരോരുത്തരായി ഗാന്ധിജിയെ വന്നു കണ്ടു. ഗാന്ധിജിക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ, പാക്കിസ്ഥാന് നല്‍കാം എന്നേറ്റിരുന്ന 55 കോടി ഉടന്‍ നല്‍കുക. അല്ലാത്ത പക്ഷം ഉപവാസം അവസാനിപ്പിക്കുന്ന പ്രശ്‌നമേയില്ല. മുഹമ്മദലി ജിന്നക്കെതിരെ മിനുക്കി വെച്ചിരുന്ന ആയുധം സംഘ്പരിവാര്‍ ഗാന്ധിജിക്കെതിരെ മൂര്‍ച്ച കൂട്ടി. പൂനയിലെ സംഘ്പരിവാര്‍ ആസ്ഥാനത്ത് ചര്‍ച്ചകള്‍ പുരോഗമിച്ചു. നാഥുറാം വിനായക് ഗോഡ്സെ, നാരായണ്‍ ആപ്തെ, വിഷ്ണു കര്‍ക്കരെ തുടങ്ങി തല മുതിര്‍ന്ന വികാര ജീവികള്‍ തികഞ്ഞ ആസൂത്രണങ്ങളില്‍ മുഴുകി. ഗാന്ധിജി ഇന്ത്യയെ ഒരു സമ്പൂര്‍ണ മതേതര രാഷ്ട്രമാക്കി ഉറപ്പിച്ചു നിറുത്തുമോ എന്ന ഭീതിയാണ് ഗോഡ്സെ ഗാന്ധിജിക്കെതിരെ തിരിയാന്‍ കാരണമായത്.

മതം, മത വിശ്വാസം, രാഷ്ട്രം, രാഷ്ട്രീയം, ദേശീയത തുടങ്ങി എല്ലാ സാമൂഹിക ഘടനകളെയും വേര്‍തിരിച്ചു മനസ്സിലാക്കി കൊടുക്കാന്‍ മഹാത്മജിക്ക് കഴിഞ്ഞിരുന്നു. ഗാന്ധിജിയുടെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചു വര്‍ഗീയതക്ക് കളമൊരുക്കുന്നവര്‍ രാമരാജ്യം പോലുള്ള ഗാന്ധിയന്‍ പ്രഖ്യാപനങ്ങളെ വരികള്‍ക്കപ്പുറത്തേക്കു വായിക്കാന്‍ തയ്യാറാകേണ്ടതുണ്ട്. ദൈവ നാമങ്ങളും മന്ത്രോച്ചാരണങ്ങളും ഇതര വിശ്വാസി സമൂഹങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും അതില്‍ വിസമ്മതം പ്രകടിപ്പിക്കുന്നവരെ തല്ലിക്കൊല്ലുകയും ചെയ്യുന്ന സംസ്‌കാരം ആധുനിക സമൂഹത്തിന് ഏറ്റവും അപമാനമാണ്. ഗാന്ധിജിയുടെ രാഷ്ട്ര സങ്കല്‍പ്പങ്ങള്‍ക്ക് തീര്‍ത്തും വിരുദ്ധമായി അരങ്ങേറുന്ന ഈ മതരാഷ്ട്ര ചെയ്തികള്‍ ലോകത്തിനു മുന്നില്‍ ഭാരതത്തിന്റെ അന്തസ്സ് ഉലക്കുവാനേ ഉപകരിക്കൂ.

Latest