കെ എം സി സി നേതാവിന് നേരെ കൈയേറ്റ ശ്രമം

Posted on: October 2, 2019 6:52 pm | Last updated: October 3, 2019 at 11:52 am


കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പൗരാവകാശ സംക്ഷണ റാലിക്കെത്തിയ കെ എം സി സി നേതാവ് ഇബ്‌റാഹീം എളേറ്റിലിനെതിരെ കോഴിക്കോട്ട് കൈയേറ്റ ശ്രമം.

റാലി തുടങ്ങുന്നതിന് മുമ്പ് ലീഗ് ഹൗസിലാണ് തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിൽ നിന്നെത്തിയ പ്രവർത്തകർ അദ്ദേഹത്തോട് തട്ടിക്കയറുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തത്.

ഗൾഫിൽ രണ്ട് പ്രവർത്തകർ കേസിൽ കുടുങ്ങിയതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നമുണ്ടായതെന്ന് പറയുന്നു. കുഞ്ഞാലിക്കുട്ടിയുൾപ്പെടെയുള്ള നേതാക്കൾ ഈ സമയത്ത് ലീഗ് ഹൗസിലുണ്ടായിരുന്നു.

പ്രശ്‌നം രൂക്ഷമാകുമെന്ന് കണ്ടതോടെ നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു. ദുബൈ കെ എം സി സിയിൽ നിലനിൽക്കുന്ന വിഭാഗീയതയുടെ തുടർച്ചയാണ് ഇന്നലെ ലീഗ് ഓഫീസിലും അരങ്ങേറിയത്. കെ എം സി സിയിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് ലീഗ് നേതാക്കൾ പാണക്കാട്ട് അടിയന്തരയോഗം ചേർന്നിരുന്നു.
ഒരു മാസം മുമ്പ് ദുബൈയിൽ ചേർന്ന കെ എം സി സി യോഗം കൈയാങ്കളിയിൽ കലാശിച്ചതിനെ തുടർന്നായിരുന്നു ഇത്.

കെ എം സി സി പ്രസിഡന്റ് ഇബ്‌റാഹീം എളേറ്റിലും യോഗത്തിൽ പങ്കെടുത്തിരുന്നു. ഹൈദരലി ശിഹാബ് തങ്ങൾ ഫെബ്രുവരിയിലാണ് ദുബൈ കെ എം സി സി പ്രസിഡന്റായി ഇബ്‌റാഹീം എളേറ്റിലിനെയും സെക്രട്ടറിയായി മുസ്തഫ വേങ്ങരയെയും ചുമതലപ്പെടുത്തിയത്.

ഈ തീരുമാനത്തിനെതിരെ വിമത ശബ്ദങ്ങൾ ഉയർന്നെങ്കിലും പ്രതിഷേധങ്ങളെ ശമിപ്പിക്കാനായിരുന്നു നേതൃത്വത്തിന്റെ ശ്രമം. ഇതേതുടർന്ന് കെ എം സി സി യോഗങ്ങളിൽ പലപ്പോഴും സംഘർഷങ്ങളുണ്ടായി. അതേസമയം തനിക്കെതിരെ യാതൊരു കൈയേറ്റ ശ്രമങ്ങളും നടന്നിട്ടില്ലെന്ന് ഇബ്‌റാഹീം എളേറ്റിൽ പ്രതികരിച്ചു. ഇത്തരത്തിൽ പ്രചരിക്കുന്ന കാര്യങ്ങൾ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.