പാക് അധീന കശ്മീരില്‍ ഈ തിടുക്കമെന്തിന്?

ഇന്ത്യയുടെ സമീപകാല നടപടികളെല്ലാം പാക്കിസ്ഥാനെ പ്രകോപിപ്പിക്കുന്ന തരത്തില്‍ വളരുകയാണ്. ഇതിനെ ചെറുതായെങ്കിലും പ്രതിരോധിക്കുകയോ പ്രതികാരം ചെയ്യുകയോ ചെയ്തില്ലെങ്കില്‍ ഇംറാന്‍ ഖാന് തന്റെ ഇമേജ് അന്നാട്ടുകാര്‍ക്കിടയില്‍ കുറച്ചൊന്നുമല്ല പിന്നാക്കം പോകുക. അതിന്റെ ചില സൂചനകള്‍ പാക്കിസ്ഥാന്റെ ഭാഗത്തു നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് ചൈനയുമായുള്ള അവരുടെ ചങ്ങാത്തവും പാക് അധീന കശ്മീര്‍ വിഷയത്തില്‍ അവര്‍ കാണിക്കുന്ന തിടുക്കവും. കശ്മീരിന്റെ പ്രത്യേക പദവി ഒരു സുപ്രഭാതത്തില്‍ എടുത്തു കളയാന്‍ ധൈര്യപ്പെട്ട ഇന്ത്യ, പാക് അധീന കശ്മീരും അധീനപ്പെടുത്താന്‍ ശ്രമിച്ചു കൂടെന്നില്ല എന്ന ആശങ്ക പാക് ഭരണകൂടത്തിനുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ഒപ്പുവെച്ച പ്രസ്താവനയില്‍ പാക്കിസ്ഥാന് താക്കീത് നല്‍കുന്നുണ്ട്. ഈ താക്കീത് ഏറെ ഭയപ്പാടോടെയാണ് പാക്കിസ്ഥാന്‍ കാണുന്നത്.
Posted on: September 30, 2019 3:28 pm | Last updated: September 30, 2019 at 3:28 pm

കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയതുമൂലം പാക്കിസ്ഥാന്‍ വലിയ സമ്മര്‍ദത്തിലാണിപ്പോള്‍. അന്താരാഷ്ട്ര തലത്തില്‍ ഇതൊരു വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇതേവരെയും പാക്കിസ്ഥാന് കഴിഞ്ഞിട്ടില്ല. അമേരിക്ക പോലും അവരെ കൈയൊഴിഞ്ഞ മട്ടാണ്. ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണ് കശ്മീര്‍ ഇഷ്യൂ എന്ന് മോദി പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ, ഇന്ത്യയുടെ സമീപകാല നടപടികളെല്ലാം പാക്കിസ്ഥാനെ പ്രകോപിപ്പിക്കുന്ന തരത്തില്‍ വളരുകയാണ്. ഇതിനെ ചെറുതായെങ്കിലും പ്രതിരോധിക്കുകയോ പ്രതികാരം ചെയ്യുകയോ ചെയ്തില്ലെങ്കില്‍ ഇംറാന്‍ ഖാന് തന്റെ ഇമേജ് അന്നാട്ടുകാര്‍ക്കിടയില്‍ കുറച്ചൊന്നുമല്ല പിന്നാക്കം പോകുക. അതിന്റെ ചില സൂചനകള്‍ പാക്കിസ്ഥാന്റെ ഭാഗത്തു നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് ചൈനയുമായുള്ള അവരുടെ ചങ്ങാത്തവും പാക് അധീന കശ്മീര്‍ വിഷയത്തില്‍ അവര്‍ കാണിക്കുന്ന തിടുക്കവും.
ഇന്ത്യയുടെ ശക്തമായ പ്രതിരോധത്തെ മറികടന്നു കൊണ്ടാണ് പാക് അധീന കശ്മീരിലെ (പി ഒ കെ) ഗില്‍ജിത്ത് – ബള്‍ട്ടിസ്ഥാന്‍ പ്രവിശ്യയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനും, അതിന് ചൈനയുടെ സജീവമായ പങ്കാളിത്തം ഉറപ്പുവരുത്താനും പാക്കിസ്ഥാന്‍ ശ്രമിക്കുന്നത്. ചൈനയുടെ ചില ആഭ്യന്തര പ്രശ്‌നങ്ങളില്‍ നിന്ന് അന്നാട്ടുകാരുടെ ശ്രദ്ധ തിരിക്കുക എന്ന നയതന്ത്രവും ചൈന പ്രയോഗിക്കുന്നുണ്ടാകണം. ഹോംങ്കോംഗില്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിലാണ് തദ്ദേശീയരിപ്പോള്‍. ഗില്‍ജിത്ത് പ്രവിശ്യയിലെ മോക്‌പോണ്ടാസ് പ്രത്യേക സാമ്പത്തിക മേഖലയിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചൈനയും പാക്കിസ്ഥാനും ചേര്‍ന്ന് തിടുക്കപ്പെട്ട് നടത്തുന്നത്. ഇന്ത്യയെ സമ്മര്‍ദത്തിലാക്കുക എന്ന ലക്ഷ്യം മാത്രമല്ല പാക്കിസ്ഥാനുള്ളത്. അമേരിക്ക കൈയൊഴിഞ്ഞ തങ്ങള്‍ക്ക് ചൈന കൂട്ടിനുണ്ട് എന്ന ധാരണ ലോകത്ത് ഉണ്ടാക്കേണ്ടത് പാക്കിസ്ഥാന്റെ ആവശ്യമാണ്. മാത്രവുമല്ല, ഭാവിയില്‍ ചൈന മോക്‌പോണ്ടാസില്‍ സൈനിക താവളം പണിയുകയാണെങ്കില്‍ ഇന്ത്യക്കെതിരെ അവ ഉപയോഗിക്കാന്‍ പാക്കിസ്ഥാന് എളുപ്പവുമാണ്. ചൈനയുടെ ഭാവി പരിപാടി പാക് അധീന കശ്മീരില്‍ ഒരു സൈനിക താവളമെന്ന ലക്ഷ്യവുമത്രെ.

ഇന്ത്യയുടെ ചില സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവിട്ട ചില രഹസ്യങ്ങള്‍ വസ്തുതകളെ കൂടുതല്‍ തെളിമയോടെ കാണിച്ചു തരുന്നുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഗൗരവമേറിയ വസ്തുതകളാണിവ. 750 ഏക്കറില്‍ പരം വരുന്ന പാക് അധീന കശ്മീരിലാണ് ചൈനയുടെ സെസ് (പ്രത്യേക സാമ്പത്തിക മേഖല) നിര്‍മാണം. ഇതില്‍ 250 ഏക്കര്‍ ഭൂമി വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ഇംറാന്‍ ഖാന്‍ ഈയിടെയാണ് പ്രഖ്യാപിച്ചത്. എന്നാല്‍ പ്രഖ്യാപിത ഭൂമിയുടെ മൂന്നിരട്ടിയിലധികം ചൈന കൈവശപ്പെടുത്തിയിരിക്കുന്നതായി സാറ്റലൈറ്റ് ചിത്രങ്ങള്‍ തെളിവ് നല്‍കുന്നുണ്ട്. അധിനിവേശത്തിന് എന്നും വിരുതന്മാരാണ് ചൈനയെന്ന കാര്യം നമുക്കറിയാം. ഇന്ത്യയുടെ വലിയൊരു ഭൂമി അരുണാചലിലും ഹിമാചലിലുമായി ചൈന കൈവശപ്പെടുത്തിയിട്ടുണ്ട്. തിബറ്റ് മറ്റൊരു ഉദാഹരണം. തിബറ്റിലെ സ്വാതന്ത്ര്യ മോഹികളായ ലക്ഷക്കണക്കിനു വരുന്ന പ്രക്ഷോഭകരെ അടിച്ചമര്‍ത്തിക്കൊണ്ടാണ് ചൈന അധിനിവേശം സുഗമമാക്കുന്നത്.

ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (സി പി ഇ സി) പാക്കിസ്ഥാന്‍ അധിനിവേശ കശ്മീരിലെ ഗില്‍ജിത്ത് ബാള്‍ട്ടിസ്ഥാന്‍ പ്രദേശത്തു കൂടിയാണ് കടന്നു പോകുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പാക് അധീന കശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണ്. അതിനാല്‍ തന്നെ ചൈനയുടെ ഓരോ നീക്കവും ശ്രദ്ധാപൂര്‍വം സമീപിക്കേണ്ടതാണ്. ഗില്‍ജിത്തും ബാള്‍ട്ടിസ്ഥാനും കൈവശപ്പെടുത്തിയ പാക്കിസ്ഥാന്‍ 1963 കാലഘട്ടത്തില്‍ തന്നെ ചൈനക്ക് പൂര്‍ണ സ്വാതന്ത്ര്യം അവിടെ നല്‍കിയ ചരിത്രമുണ്ട്. ഒരു സ്വയം പ്രതിരോധത്തിന്റെ ഭാഗം കൂടിയായിരുന്നു അത്. ഇന്ത്യയും ചൈനയും ഒരു കാലത്തും ഒത്തുപോകില്ലെന്ന് മനസ്സിലാക്കിയവരാണ് പാക്കിസ്ഥാന്‍ ഭരണകൂടം. ചൈനക്ക് പാക്കിസ്ഥാന്‍ നല്‍കുന്ന അമിത പ്രാധാന്യത്തിന്റെ തെളിവ്, സിയാച്ചിന് വടക്ക് ശക്‌സ്ഗാം താഴ്‌വരയില്‍ രണ്ട് വര്‍ഷം മുമ്പ് ചൈന സൈനിക കേന്ദ്രവും റോഡുകളും നിര്‍മിച്ചതില്‍ നിന്ന് മനസ്സിലാക്കാം. 2019ല്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ ബീജിംഗ് സന്ദര്‍ശിച്ചത് നാം ഓര്‍ക്കുക. ആ സന്ദര്‍ശനത്തില്‍ വെച്ചാണ് മേഖലയില്‍ സെസുകള്‍ നിര്‍മിക്കാനുള്ള സാധ്യതാ പഠനങ്ങളുടെ ചര്‍ച്ച നടന്നതും. ചില കരാറുകളില്‍ ഒപ്പു വെക്കപ്പെട്ടതും. തൊട്ടടുത്ത മാസം തന്നെ ഇസ്‌ലാമാബാദില്‍ ചേര്‍ന്ന നിക്ഷേപക ബോര്‍ഡ് യോഗം മോക്‌പോണ്ടാസടക്കം 20 സെസുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പച്ചക്കൊടി കാട്ടുകയും ചെയ്തു.

കശ്മീരിന്റെ പ്രത്യേക പദവി ഒരു സുപ്രഭാതത്തില്‍ എടുത്തു കളയാന്‍ ധൈര്യപ്പെട്ട ഇന്ത്യ, പാക് അധീന കശ്മീരും അധീനപ്പെടുത്താന്‍ ശ്രമിച്ചു കൂടെന്നില്ല എന്ന ആശങ്ക പാക് ഭരണകൂടത്തിനുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ഒപ്പുവെച്ച പ്രസ്താവനയില്‍ പാക്കിസ്ഥാന് താക്കീത് നല്‍കുന്നുണ്ട്. ഈ താക്കീത് ഏറെ ഭയപ്പാടോടെയാണ് പാക്കിസ്ഥാന്‍ കാണുന്നത്. പാക്കിസ്ഥാനുമായി ഇനിയൊരു ചര്‍ച്ച നടന്നാല്‍ അത് പാക് അധീന കശ്മീരിനെക്കുറിച്ച് മാത്രമായിരിക്കുമെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. ഇതെല്ലാം മുന്‍കൂട്ടി കണ്ടുകൊണ്ടാണ് പാക്കിസ്ഥാന്റെ ചൈനക്കു വേണ്ടിയുള്ള ചുവപ്പ് പരവതാനി. പാക് അധീന കശ്മീരില്‍ ചൈനീസ് അധിനിവേശത്തിനെതിരെ പ്രക്ഷോഭം തുടങ്ങിയത് അവര്‍ക്ക് മറ്റൊരു തലവേദനയാണ്.