ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: മിക്‌സഡ് റിലേയില്‍ ഇന്ത്യ ഫൈനലില്‍

Posted on: September 29, 2019 11:04 am | Last updated: September 29, 2019 at 3:52 pm

ദോഹ: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ 4ഃ400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ ഇന്ത്യ ഫൈനലില്‍. രണ്ടാം ദിനത്തില്‍ മലയാളി താരങ്ങളുടെ കരുത്തിലാണ് ഇന്ത്യ മിക്‌സഡ് റിലേയില്‍ അവസാന അങ്കത്തിന് അര്‍ഹത നേടിയത്. രണ്ടാം ഹീറ്റ്‌സില്‍ മൂന്നു മിനുട്ട് 16.14 സെക്കന്‍ഡില്‍ മൂന്നാമതായി ഫിനിഷ് ചെയ്താണ് ഇന്ത്യ ഫൈനലിലേക്ക് പറന്നത്. ഇന്ത്യന്‍ ടീമിലെ നാലു പേരും മലയാളികളാണ്. മുഹമ്മദ് അനസ്, നോഹ് നിര്‍മല്‍ ടോം, വി കെ വിസ്മയ, ജിസ്‌ന മാത്യു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ബാറ്റണ്‍ കൈമാറുന്നതില്‍ വരുത്തിയ പിഴവ് മൂലമാണ് ഇന്ത്യക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. എങ്കിലും ഹീറ്റ്‌സിലെ മികച്ച ഏഴാമത്തെ സമയമാണ് ഇന്ത്യയുടെത്. ഈ നേട്ടത്തോടെ അടുത്ത വര്‍ഷം നടക്കുന്ന ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടാനും ഇന്ത്യക്ക് സാധിച്ചു. രണ്ടാം ഹീറ്റ്‌സില്‍ പോളണ്ട് ഒന്നാമതും ബ്രസീല്‍ രണ്ടാമതുമെത്തി.