Connect with us

National

പഞ്ചാബില്‍ പാക് ഡ്രോണ്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

Published

|

Last Updated

ന്യൂഡല്‍ഹി: പാക് അതിര്‍ത്തിയോട് ചേര്‍ന്ന പഞ്ചാബിലെ അട്ടാരിയില്‍ തീവ്രവാദികള്‍ക്കായി ആയുധങ്ങള്‍ ഇറക്കാന്‍ ഉപയോഗിച്ച മറ്റൊരു പാക് ഡ്രോണ്‍ കൂടി കണ്ടെത്തി. തീവ്രവാദ കേസില്‍ പിടിയിലായ ആകാശ് ദീപ് എന്നയാളാണ് ഡ്രോണ്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചുകൊടുത്തത്. യന്ത്രത്തകരാര്‍ മൂലം ഡ്രോണ്‍ പാക്കിസ്ഥാനിലേക്ക് തിരിച്ചയക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഇവിടെ ഉപേക്ഷിക്കുകയായിരുന്നു. അട്ടാരി ഗ്രാമത്തിലെ ഒരു നെല്‍വയലില്‍ ഒളിപ്പിച്ചുവെച്ച നിലയിലാണ് ഡ്രോണ്‍ കണ്ടെത്തിയത്.

എകെ 47 റൈഫിളുകളും ഗ്രനേഡുകളും തീവ്രവാദികള്‍ക്ക് എത്തിച്ചു നല്‍കാന്‍ പാകിസ്ഥാന്‍ ഡ്രോണുകള്‍ ഉയോഗിക്കുന്നതായി പഞ്ചാബ് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. സാറ്റലൈറ്റ് ഫോണുകള്‍ ഉള്‍പ്പെടെ ആയുധങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ ഉപേക്ഷിക്കാന്‍ ഈ മാസം എട്ട് തവണ ഡ്രോണുകള്‍ ശ്രമം നണടത്തിയതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഈ ഫ്‌ലൈയിംഗ് മെഷീനുകള്‍ക്ക് 5 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ കഴിയും. മാത്രമല്ല വേഗത്തിലും താഴ്ന്നും പറക്കുവാനും ഇവയക്ക് സാധിക്കും.

താഴ്ന്ന് പറക്കുന്ന വസ്തുക്കളുടെ വ്യോമ ചലനം നിരീക്ഷിക്കാനുള്ള ശേഷി തങ്ങള്‍ക്കില്ലെന്ന് അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്എഫ്) അറിയിച്ചു. അത്തരം ആളില്ലാ ആകാശ വാഹനങ്ങള്‍ കണ്ടെത്തുന്നത് റഡാറുകളാണ്. രാത്രി പ്രവര്‍ത്തിപ്പിക്കുന്നതിനാല്‍ നഗ്‌നനേത്രങ്ങളാല്‍ ഇത് കണ്ടെത്താനാവില്ലെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഖാലിസ്ഥാന്‍ സിന്ദാബാദ് സേനയിലെ നാല് തീവ്രവാദികളെ തിങ്കളാഴ്ച പഞ്ചാബിലെ തന്‍ താരന്‍ ജില്ലയില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് ആയുധങ്ങളും വ്യജ നോട്ടുകളും കണ്ടെടുത്തു. പകുതി കത്തിച്ച നിലയില്‍ ഒരു ഡ്രോണ്‍ കഴിഞ്ഞയാഴ്ച ടാരന്‍ തരാനില്‍ പൊലീസുകാര്‍ കണ്ടെത്തിയിരുന്നു. പാകിസ്ഥാനിലേക്ക് തിരിച്ചയക്കുന്നത് പരാജയപ്പെട്ടതിനെ തുടര്‍ന്ന് തീവ്രവാദികള്‍ ഡ്രോണ്‍ കത്തിക്കുകയായിരുന്നു.

ഈ സാഹചര്യത്തില്‍ മുതിര്‍ന്ന ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ വിവേക് ജോഹ്രി വ്യാഴാഴ്ച പഞ്ചാബ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ നിരീക്ഷിച്ചിരുന്നു. അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Latest