Connect with us

Kerala

കമറുദ്ദീന്റെ പേര് ലീഗ്‌ ഔദ്യോഗികമായി പ്രഖ്യാപിച്ചു; പ്രചാരണത്തിന്റെ മേല്‍നോട്ടം കുഞ്ഞാലിക്കുട്ടിക്ക്‌

Published

|

Last Updated

മലപ്പുറം: മഞ്ചേശ്വരത്ത് യു ഡി എഫിന്റെ സ്ഥാനാര്‍ഥിയായി കാസര്‍കോട് ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് എം സി കമറുദ്ദിന്റെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബശീര്‍, കെ പി എ മജീദ് തുടങ്ങിയ നേതാക്കള്‍ പ്രചാരണത്തിന് നേതൃത്വം നല്‍കുമെന്നും പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു. അടുത്തമാസം ഒന്നാം തീയ്യതി യു ഡി ഫിന്റെ മണ്ഡലം കണ്‍വന്‍ഷന്‍ നടക്കും. എം സി കമറുദ്ദീന്‍ കാസര്‍കോടിലെ മുതിര്‍ന്ന നേതാവാണ്. യു ഡി എഫിലെ മറ്റ് കക്ഷികള്‍ക്കും സ്വീകാര്യനാണ് അദ്ദേഹം. ഇതാണ് അദ്ദേഹത്തെ പരിഗണിക്കാന്‍ കാരണമെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു.

പ്രതിഷേധങ്ങള്‍ക്കൊന്നും ഇനി പ്രസക്തിയില്ലെന്നും ഭാഷാ ന്യൂനപക്ഷങ്ങള്‍ അടക്കമുള്ളവരുടെ താത്പര്യം സംരക്ഷിച്ച്‌കൊണ്ട് പ്രവര്‍ത്തിക്കുമെന്നും എം സി കമറുദ്ദീന്‍ പ്രതികരിച്ചു. പാര്‍ട്ടി ഒറ്റക്കെട്ടായി രംഗത്തിറങ്ങും. തന്നെ മത്സരിപ്പിക്കാന്‍ തീരുമാനിച്ച പാര്‍ട്ടി നേതൃത്വത്തോട് നന്ദിയുണ്ട്. മഞ്ചേശ്വരത്ത് വിജയം ഉറപ്പാണ്. പതിനായിരത്തിന് മുകളില്‍ വോട്ടിന്റെ ലീഡ് കഴിഞ്ഞ പാര്‍ലിമെന്റില്‍ തിരഞ്ഞെടുപ്പിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.