എ എഫ് സി യോഗ്യത നേടി ഇന്ത്യ

Posted on: September 23, 2019 6:26 am | Last updated: September 23, 2019 at 11:28 am


താഷ്‌കെന്റ്: അടുത്ത വര്‍ഷം ബഹ്‌റൈനില്‍ നടക്കുന്ന എ എഫ് സി അണ്ടര്‍ -16 ചാമ്പ്യന്‍ഷിപ്പിന് ഇന്ത്യ യോഗ്യത നേടി. ഉസ്‌ബെക്കിസ്ഥാനെ 1-1ന് സമനിലയില്‍ തളച്ച ഇന്ത്യ യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനക്കാരായി.
മൂന്ന് മത്സരങ്ങളില്‍ ഏഴ് പോയിന്റുമായാണ് ഇന്ത്യ മുന്നിലെത്തിയത്. ഇത്രയും പോയിന്റുള്ള ഉസ്‌ബെക്കിസ്ഥാനെ ഗോള്‍ വ്യത്യാസത്തിലാണ് ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്.
ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ 5-0 മാര്‍ജിനില്‍ ജയിച്ചിരുന്നു. തുര്‍ക്‌മെനിസ്ഥാന്‍, ബഹ്‌റൈന്‍ ടീമുകളാണ് ഇന്ത്യയുടെ കരുത്തറിഞ്ഞത്.

അവസാന ഗ്രൂപ്പ് മത്സരത്തില്‍ സമനില മതിയായിരുന്നു ഇന്ത്യക്ക് യോഗ്യത ഉറപ്പിക്കാന്‍. അറുപത്തെട്ടാം മിനുട്ടില്‍ ഇന്ത്യ ലീഡെടുത്തു. റീബൗണ്ട് ചെയ്ത പന്ത് സ്രിദാര്‍ഥ് ഗോളാക്കി. എണ്‍പത്തൊന്നാം മിനുട്ടില്‍ ഉസ്‌ബെക്കിസ്ഥാന്‍ സമനില ഗോള്‍ നേടി. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇന്ത്യ അണ്ടര്‍ 16 തലത്തില്‍ എ എഫ് സി ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടുന്നത്. മൊത്തത്തില്‍ ഇത് ഒമ്പതാം തവണ. 2011ന് ശേഷം നാലാമത്തെ അവസരം. കഴിഞ്ഞ വര്‍ഷം ക്വാര്‍ട്ടര്‍ ഫൈനലില്‍ ദക്ഷിണ കൊറിയയോട് തോറ്റ് പുറത്താവുകയായിരുന്നു ഇന്ത്യ.

എ എഫ് സി ചാമ്പ്യന്‍ഷിപ്പ് യോഗ്യത നേടിയ ടീം അംഗങ്ങളെ കോച്ച് ബിബിയാനോ ഫെര്‍നാണ്ടസ് പ്രശംസിച്ചു.
കഠിനാധ്വാനികളാണ് എന്റെ കുട്ടികള്‍. സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളും ടീമിലെ ഓരോ അംഗവും ഈ നേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ടീമിനെ എ ഐ എഫ് എഫ് പ്രസിഡന്റ് പ്രഫുല്‍ പട്ടേലും ജനറല്‍ സെക്രട്ടറി കുശാല്‍ ദാസും അഭിനന്ദിച്ചു. ഇന്ത്യന്‍ ഫുട്‌ബോള്‍ കൈവരിച്ച വലിയ നേട്ടം എന്നാണ് കുശാല്‍ ദാസ് ഇതിനെ വിശേഷിപ്പിച്ചത്.