Connect with us

Sports

മൊഹാലിപ്പോര്; ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടി 20 മത്സരം ഇന്ന്

Published

|

Last Updated

മൊഹാലി: ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി 20 പരന്പരയിലെ രണ്ടാം മത്സരം ഇന്ന് മൊഹാലിയിൽ നടക്കും. വൈകീട്ട് ഏഴിനാണ് കളി. ധർമശാലയിൽ നടന്ന ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു.

മൊഹാലിയിൽ മഴ ഭീഷണിയില്ല. ഇന്ന് തെളിഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്നും മഴ പെയ്യാന്‍ സാധ്യത തീരെയില്ലെന്നും കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി.
ബാറ്റ്‌സ്മാന്മാരെ തുണക്കുന്ന പിച്ചാണ് ഒരുക്കിയിട്ടുള്ളത്. പിച്ചിൽ മികച്ച ബൗൺസും ലഭിക്കാനിടയുണ്ട്. അത് ബൗളർമാർക്കും പ്രയോജനപ്പെടുത്താം. അടുത്ത വർഷം ആസ്‌ത്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന്റെ തയ്യാറെടുപ്പെന്ന നിലയിലാണ് ഇന്ത്യ പരന്പരയെ സമീപിക്കുന്നത്.

വിരാട് കോലി നയിക്കുന്ന ടീമിൽ പ്രതിഭാസമ്പന്നരായ യുവതാരങ്ങളാണ് അണിനിരക്കുന്നത്.
ഇന്ത്യക്കായി രോഹിത് ശർമയും ശിഖർ ധവാനും ഓപൺ ചെയ്യും. കോലി മൂന്നാം നമ്പറിലും മനീഷ് പാണ്ഡെയോ ശ്രേയസ് അയ്യരോ നാലാം നമ്പറിലും ഇറങ്ങും. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഋഷഭ് പന്തിന് പരന്പര ഏറെ നിർണായകമാണ്.
സ്ഥിരത നിലനിർത്തിയില്ലെങ്കിൽ പന്തിന് പുറത്തേക്കുള്ള വഴിയൊരുങ്ങും. യുവതാരങ്ങൾക്ക് ഒരുപാട് അവസരങ്ങൾ ലഭിക്കില്ലെന്നും ലഭിക്കുന്ന അവസരങ്ങൾ ഉപയോഗപ്പെടുത്തണമെന്നും നായകൻ കോലി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ മോശം പ്രകടനം കാഴ്ചവെച്ച ദക്ഷിണാഫ്രിക്കക്ക് ലോക ക്രിക്കറ്റിന്റെ മുൻനിരയിലേക്ക് തിരിച്ചെത്താനുള്ള അവസരമാണ് ഇന്ത്യൻ പര്യടനം. പരിചയസമ്പന്നരായ ഫാഫ് ഡുപ്ലെസിസ്, ഹാഷിം അംല, ഡെയ്ൽ സ്‌റ്റെയ്ൻ തുടങ്ങിയവർ അവർക്കൊപ്പമില്ല.
എയ്ഡൻ മക്രാം, ടെംബ ബാവ്്മ, ആൻറിച് നോർട്ട്‌ജെ തുടങ്ങിയ യുവതാരങ്ങളും കഗിസോ റബാഡ, ഡേവിഡ് മില്ലർ അടക്കമുള്ള പരിചയസമ്പന്നരും ദക്ഷിണാഫ്രിക്കയുടെ കരുത്ത് കൂട്ടും.

ടിം ഇന്ത്യ: വിരാട് കോലി, രോഹിത് ശർമ, ശിഖർ ധവാൻ, കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, മനിഷ് പാണ്ഡെ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ക്രുനാൽ പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ, രാഹുൽ ചഹർ, ഖലീൽ അഹ്്്മദ്, ദീപക് ചഹർ, നവദീപ് സെയ്‌നി
ദക്ഷിണാഫ്രിക്ക: ക്വുന്റൺ ഡി കോക്ക്, റസ്സീ വാൻഡർ ദസ്സൻ, ടെംബ ബാവ്്മ, ജൂനിയർ ദാല, ബ്‌ജോൺ ഫോർച്യൂൺ, ബ്യൂറാൻ ഹെൻഡ്രിക്‌സ്, റീസ ഹെൻഡ്രിക്‌സ്, ഡേവിഡ് മില്ലർ, അൻറിച് നോർത്ത്‌ജെ, ആൻഡൈൽ പെഹ്്‌ലുക്യാവോ, ഡ്വെയ്ൻ പ്രിട്ടോറിയസ്, കഗിസോ റബാഡ, ജോർജ്് ലിൻഡെ.

Latest