ശബരിമല വിധി നടപ്പാക്കാമെങ്കില്‍ മരട് ഫ്ളാറ്റ് വിധിയും നടപ്പാക്കാം: കാനം

Posted on: September 17, 2019 9:25 pm | Last updated: September 17, 2019 at 9:25 pm

തിരുവനന്തപുരം: മരടിലെ ഫ് ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ . സര്‍വകക്ഷി യോഗത്തിലാണ് സുപ്രീം കോടതി വിധിയെ അനൂകൂലിച്ച് കാനം നിലപാടെടുത്തത്. ശബരിമല വിധിയുമായാണ് മരട് വിധിയെ കാനം താരതമ്യം ചെയ്തത്.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന വിധി നടപ്പാക്കാമെങ്കില്‍ ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെന്താണ് ബുദ്ധിമുട്ടെന്ന് കാനം രാജേന്ദ്രന്‍ ചോദിച്ചു. നഷ്ടപരിഹാരം ഫ്‌ളാറ്റ് നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കി നല്‍കണമെന്നും കാനം അഭിപ്രായപ്പെട്ടു. അതേ സമയം പൊളിക്കാതിരിക്കാന്‍ നിയമപരമായ സാധ്യതകളാരായാന്‍ സര്‍വകക്ഷി യോഗം തീരുമാനിച്ചു. കോടതിയുടെ കര്‍ശനമായ നിലപാടുള്ളത് കൊണ്ട് ഉടമകളെ വഞ്ചിച്ചത് നിര്‍മാതാക്കളാണ്. അത് കൊണ്ട് നഷ്ടപരിഹാരം അവരില്‍നിന്നും ഇടാക്കാന്‍ നിയമനിര്‍മാണം നടത്തണം. ശബരിമല വിധി നടപ്പാക്കിയിട്ടുണ്ട്. ഇതിലും സമാനമായ നിലപാട് സ്വീകരിക്കണമെന്നും കാനം പറഞ്ഞു.