വ്യാജ പ്രചാരകര്‍ക്ക് പി ജയരാജന്റെ ശക്തമായ മറുപടി; തന്റെ രാഷ്ട്രീയ ജിവിതം സംഘ്പരിവാറിനെതിരായ പോരാട്ടം

Posted on: September 12, 2019 8:05 pm | Last updated: September 12, 2019 at 10:05 pm

കണ്ണൂര്‍: താന്‍ ബി ജെ പിയില്‍ ചേരുകയാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ നടത്തിയ പ്രചാരണങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് സി പി എം സംസ്ഥാന സമിതിയംഗം പി ജയരാജന്‍. പ്രചാരണം വ്യാജമാണെന്നും പിന്നില്‍ സംഘപരിവാറും മുസ്ലീം തീവ്രവാദ ഗ്രൂപ്പുകളുമാണെന്നും ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ പ്രധാനഭാഗവും സംഘ്പരിവാര്‍ ശക്തികള്‍ക്കെതിരെ പോരാടിയതാണ്. അതിപ്പോഴും തുടരുന്നു. തനിക്കെതിരായ വ്യാജ വാര്‍ത്ത ജനം വിശ്വസിക്കില്ല. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ജയരാജന്‍ ഫേസ്ബുക്ക് പേജില്‍ പറഞ്ഞു.

ജയരാജന്റെ ഫേസ്ബുക്ക് പേജിന്റെ പൂര്‍ണരൂപം

എന്നെ സംബന്ധിച്ച ഒരു വ്യാജവാര്‍ത്ത ഇന്നലെ മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടിരുന്നു. എന്നാല്‍ ആ സമയത്ത് അത് ഞാന്‍ അവഗണിക്കുകയായിരുന്നു.
എന്നാല്‍ ഇന്ന് ആര്‍ എസ ്എസ് ചാനലായ ജനം ടിവിയുടെ ലോഗോ വെച്ച പോസ്റ്ററുകളാണ് കാണുന്നത്. പ്രചരിപ്പിക്കുന്നതോ സംഘികളും മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളും.
ഇതോടെ ഈ വ്യാജവാര്‍ത്ത പ്രചാരണത്തിന് പിന്നില്‍ സംഘപരിപാരവും മുസ്ലിം തീവ്രവാദി ഗ്രൂപ്പുകളും ആണെന്ന് വ്യക്തമായിരിക്കുകയാണ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും.

പിതൃശൂന്യ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നല്ല കഴിവുള്ളവരാണ് സംഘികള്‍. അച്ചടി പത്രങ്ങള്‍ പ്രസിദ്ധീകരിക്കാത്തതിന്റെ തലേ ദിവസം ഭീകരമായ കൊലപാതകങ്ങളും അക്രമണങ്ങളുമാണ് അവര്‍ നടത്താറുള്ളത്. റിപ്പബ്ലിക് ദിനത്തില്‍ സ: കെ വി സുധീഷിനെ വീട്ടില്‍ കയറി അച്ഛന്റെയും അമ്മയുടെയും മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയതും. 20 വര്‍ഷം മുമ്പൊരു തിരുവോണ നാളില്‍ എന്നെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്. ഈ തിരുവോണ നാളില്‍ തന്നെയാണ് ബി ജെ പിയില്‍ ചേരുന്നുവെന്ന നെറികെട്ട നുണയും സംഘപരിവാരം പ്രചരിപ്പിക്കുന്നത്.
സംഘ്പരിവാര ശക്തികള്‍ക്കെതിരായി രാഷ്ട്രീയ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഭാഗവും സി പി എം പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് പോരാടിയ ആളാണ് ഞാന്‍. അത് ഇപ്പോളും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ഈ വ്യാജ വാര്‍ത്തകള്‍ ജനങ്ങള്‍ക്കിടയില്‍ വിലപ്പോവില്ല.