അയവു വരുത്തി കേന്ദ്രം; വാഹന നിയമ ലംഘനത്തിന്റെ പിഴത്തുക സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം

Posted on: September 11, 2019 2:58 pm | Last updated: September 12, 2019 at 10:37 am

ന്യൂഡല്‍ഹി: വന്‍ തുക പിഴ ഈടാക്കുന്ന പുതിയ മോട്ടോര്‍ വാഹന ചട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അയവു വരുത്തി. വാഹന നിയമലംഘനത്തിനുള്ള പിഴത്തുക എത്ര വേണമെന്ന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. ആളുകളുടെ ജീവന്‍ രക്ഷിക്കുക എന്നതിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും മന്ത്രി പറഞ്ഞു. മോട്ടോര്‍ വാഹന ഭേദഗതി കോണ്‍കറന്റ് ലിസ്റ്റിലാണുള്ളത്. അതിനാല്‍ത്തന്നെ കേന്ദ്ര സര്‍ക്കാരിനൊപ്പം സംസ്ഥാനങ്ങള്‍ക്കും നിയമത്തിലെ ചട്ടങ്ങള്‍ ഭേദഗതി ചെയ്യാനാകും.

പിഴത്തുക ഈടാക്കുന്നതിലൂടെ വരുമാനം കൂട്ടുകയല്ല സര്‍ക്കാര്‍ ലക്ഷ്യം. സുരക്ഷിതമായ റോഡുകളും അപകടങ്ങള്‍ കുറയ്ക്കുകയെന്നതും പ്രധാനമാണ്. പിഴയല്ലല്ലോ ജീവനേക്കാള്‍ പ്രധാനം. നിയമം ലംഘിച്ചില്ലെങ്കില്‍ പിഴയീടാക്കേണ്ടി വരില്ലല്ലോ. സ്വകാര്യ ചടങ്ങില്‍ സംസാരിക്കവെ നിതിന്‍ ഗഡ്കരി പറഞ്ഞു. മോട്ടോര്‍ വാഹന നിയമത്തില്‍ ഇളവ് ആവശ്യപ്പെട്ട് കേരളം കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കാനിരിക്കെയാണ് മന്ത്രിയുടെ പ്രസ്്താവന. ബി ജെ പി ഭരിക്കുന്ന ഗുജറാത്ത് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ പിഴത്തുക കുറച്ച സാഹചര്യത്തിലാണ് കേന്ദ്രം നിലപാടില്‍ അയവ് വരുത്തുന്നത്.