Connect with us

Ongoing News

ജയം അനിവാര്യം; ഇന്ത്യക്കിന്ന് ഖത്വര്‍ കടമ്പ

Published

|

Last Updated

ദോഹ: ഇന്ത്യ ഇറങ്ങുന്നു കരുത്തരായ ഖത്വറിനെതിരേ. ലോകകപ്പ് സ്വപ്‌നങ്ങൾ നിലനിർത്തണമെങ്കിൽ ഇന്ത്യക്ക് ജയം അനിവാര്യം. ദോഹ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി പത്ത് മണിക്കാണ് മത്സരം.
ഗ്രൂപ്പ് ഇയിൽ ആദ്യ മത്സരത്തിൽ ഒമാനെതിരെ അവസാന എട്ട് മിനുട്ടിനുള്ളിൽ രണ്ട് ഗോൾ വഴങ്ങിയ ഇന്ത്യ പരാജയം രുചിച്ചിരുന്നു. 82 വരെ മിനുട്ട് വരെ ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് പടിക്കൽ കലമുടക്കുന്ന പതിവ് നീലപ്പട ആവർത്തിച്ചത്.

ഒമാനെതിരായ തോൽവിയിൽ നിന്ന പാഠമുൾക്കൊണ്ടാണ് ഇന്ത്യ ഇറങ്ങുക. എതിരാളികൾ കരുത്തരെങ്കിലും കഴിവിന്റെ പരമാവധി പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ഫുട്ബോൾ പ്രേമികൾ.
ഗ്രൂപ്പിലെ ഏറ്റവും ശക്തർക്കെതിരെ ഇന്ത്യക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്നും സമ്മർദമില്ലാതെ കളിക്കാൻ കഴിയുമെന്നും ഇന്ത്യയുടെ ക്രൊയേഷ്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച് പറയുന്നു.

ഖത്വറിനെതിരെ കളിക്കുക എളുപ്പമല്ല. അവരിൽ നിന്ന് പഠിക്കാനുള്ള വലിയ അവസരമാണിത്. ഇലവനിൽ മാറ്റമുണ്ടാകും. ഗോൾ നേടി മികച്ച ഫുട്‌ബോൾ കാഴ്ചവെക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക റാങ്കിംഗിൽ ഖത്വർ 62ാം സ്ഥാനത്തും ഇന്ത്യ 103ാം സ്ഥാനത്തുമാണ്. ആതിഥേയ രാജ്യമെന്ന നിലയിൽ ലോകകപ്പിന് നേരത്തേ തന്നെ യോഗ്യത നേടിയിട്ടുണ്ട് ഖത്വർ.
ഇന്ത്യക്കെതിരായ മത്സരം വ്യത്യസ്തമായിരിക്കുമെന്നും ജയം തന്നെയാണ് ലക്ഷ്യമെന്നും ഖത്വർ ദേശീയ ടീം പരിശീലകൻ ഫെലിക്‌സ് സാൻചെസ് പറഞ്ഞു. അഫ്ഗാനിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ നേടിയ ആറ് ഗോൾ ജയത്തിന്റെ ആത്മവിശ്വാസവും ഖത്വറിന് കൂട്ടിനുണ്ട്.
മുമ്പ് നാല് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ മൂന്ന് തവണയും ജയം ഖത്വറിനൊപ്പം നിന്നു. ഒരു മത്സരം സമനിലയിലായി.

2007 സെപ്തംബറിൽ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് ഇതിന് മുമ്പ് ഇന്ത്യ ഖത്വറിനെ നേരിട്ടത്. അന്ന് മറുപടിയില്ലാത്ത ആറ് ഗോളുകൾക്ക് ഇന്ത്യ പരാജയപ്പെട്ടു.
2011ൽ സൗഹൃദപ്പോരിൽ ഖത്വറിനെ 2-1ന് പരാജയപ്പെടുത്താൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. പക്ഷേ, ഔദ്യോഗിക മത്സരമായി പരിഗണിക്കപ്പെട്ടില്ല.

ഛേത്രി കളിക്കില്ല?

ദോഹ: ഖത്വറിനെതിരെ കളത്തിലിറങ്ങും മുമ്പേ ഇന്ത്യക്ക് തിരിച്ചടി. ഇന്ത്യൻ നായകനും മുന്നേറ്റ നിരയിലെ കരുത്തനുമായ സുനിൽ ഛേത്രി പരുക്കേറ്റെന്ന റിപ്പോർട്ടാണ് ഇന്ത്യൻ ക്യാമ്പിനെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. ഖത്വറിനെതിരെ ഛേത്രി കളിക്കുമൊയെന്ന് സംശയമാണ്. ഒമാനെതിരായ മത്സരത്തിൽ ഇന്ത്യയുടെ ഏക ഗോൾ നേടിയത് ഛേത്രിയാണ്.

Latest