അഭയ കേസ്: കൂറുമാറിയ രണ്ടു സാക്ഷികള്‍ക്കെതിരെ കേസെടുക്കാനൊരുങ്ങി സി ബി ഐ

Posted on: September 9, 2019 1:37 pm | Last updated: September 9, 2019 at 5:29 pm

തിരുവനന്തപുരം: അഭയ കേസില്‍ വിചാരണക്കിടെ കൂറുമാറിയ രണ്ടു സാക്ഷികള്‍ക്കെതിരെ കേസെടുക്കാന്‍ സി ബി ഐ നീക്കം. നാലാം സാക്ഷി സഞ്ജു പി മാത്യു, 50 ാം സാക്ഷി സിസ്റ്റര്‍ അനുപമ എന്നിവര്‍ക്കെതിരെയാണ് നിയമനടപടി സ്വീകരിക്കാനൊരുങ്ങുന്നത്. ക്രിമിനല്‍ ചട്ടപ്രകാരം സാക്ഷികള്‍ക്കെതിരെ കേസെടുക്കുന്നതിന് അനുമതി ലഭിച്ചാല്‍ ഈ മാസം പതിനാറോടുകൂടി കോടതിയില്‍ ഇതുസംബന്ധിച്ചുള്ള അപേക്ഷ സമര്‍പ്പിക്കും.

കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും നിയമ നടപടികളിലേക്ക് കടക്കുക.
രഹസ്യമൊഴി നല്‍കിയ സാക്ഷികള്‍ അടിക്കടി മൊഴി തിരുത്തുകയാണെന്ന് സി ബി ഐ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് കൂറുമാറിയ സാക്ഷികള്‍ക്കെതിരെ എന്തുകൊണ്ട് നിയമനടപടി സ്വീകരിക്കുന്നില്ലെന്ന് സി ബി ഐ യോട് സാക്ഷി വിസ്താരത്തിനിടെ കോടതി ചോദിച്ചിരുന്നു.

2009-ല്‍ കുറ്റപത്രം സമര്‍പ്പിച്ച അഭയ കേസില്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് തിരുവനന്തപുരം സി ബി ഐ പ്രത്യേക കോടതിയില്‍ വിചാരണ നടക്കുന്നത്.