ചന്ദ്രയാൻ 2 ദൗത്യം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ മുന്നേറ്റം: അമേരിക്ക

Posted on: September 8, 2019 8:52 am | Last updated: September 8, 2019 at 12:33 pm

ന്യൂഡൽഹി: ചന്ദ്രയാൻ 2 ദൗത്യം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു വലിയ മുന്നേറ്റമാണെന്ന് അമേരിക്ക. ബഹിരാകാശ സ്വപ്നങ്ങൾ ഇന്ത്യ നേടുമെന്നതിൽ ഞങ്ങൾക്ക് സംശയമില്ലെന്നും ദക്ഷിണ, മധ്യേഷ്യയുടെ ആക്ടിംഗ് അസിസ്റ്റന്റ് സെക്രട്ടറി ആലീസ് ജി വെൽസ് പറഞ്ഞു.

ചാന്ദ്രയാൻ-2 ദൗത്യത്തെ അഭിനന്ദിച്ച് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ യും രംഗത്തുവന്നു. ബഹിരാകാശ ദൗത്യങ്ങൾ കടുപ്പമേറിയ താണെന്നും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചാന്ദ്രയാൻ-2 ഇറക്കുവാൻ ഉള്ള ഇന്ത്യയുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്നും നാസ ട്വീറ്റ് ചെയ്തു.

ഇന്ത്യ നടത്തിയ ശ്രമങ്ങൾ തങ്ങൾക്കും പ്രചോദനമാണ്. ഒന്നിച്ച് സൗരയൂഥ പരീക്ഷണങ്ങളിൽ ഏർപ്പെടാനുള്ള ഭാവി അവസരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും നാസ വ്യക്തമാക്കി.

ചാന്ദ്രയാൻ 2 പേടകത്തിലെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറക്കുവാൻ ഉള്ള ഇന്ത്യയുടെ ശ്രമം അവസാന നിമിഷം പാളിയിരുന്നു. ലാൻഡർ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ഘട്ടത്തിൽ ദിശ മാറുകയും സിഗ്നൽ നഷ്ടപ്പെടുകയും ആയിരുന്നു.