അഞ്ച് ദിവസംകൂടി ശക്തമായ മഴക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Posted on: September 6, 2019 9:30 am | Last updated: September 6, 2019 at 11:31 am

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ചില ജില്ലകളില്‍ അഞ്ച് ദിവസംകൂടി ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, കോട്ടയം, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ഈ ജില്ലകളിലെ 25 ശതമാനം സ്ഥലത്തും മഴ പെയ്യും.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് ആയിരിക്കും. അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.

മണ്‍സൂണ്‍ ശക്തിപ്രാപിച്ചതാണ് കനത്ത മഴയ്ക്ക് കാരണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിക്കുന്നത്. ഒഡീഷ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദവും മഴക്ക് കാരണമാണ്. ഇത്തവണ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പാലക്കാടാണ്.