എയര്‍സെല്‍ മാക്‌സിസ് അഴിമതിക്കേസ്: ചിദംബരത്തിനും മകനും മുന്‍കൂര്‍ ജാമ്യം

Posted on: September 5, 2019 3:30 pm | Last updated: September 5, 2019 at 8:44 pm

ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്‌സിസ് അഴിമതിക്കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനും മുന്‍കൂര്‍ ജാമ്യം ലഭിച്ചു. ഡല്‍ഹി റോസ് അവന്യൂ പ്രത്യേക കോടതിയാണ് ഇരുവര്‍ക്കും ജാമ്യമനുവദിച്ചത്. 3,500 കോടി രൂപയുടെ വന്‍ ഇടപാടായിരുന്നു എയര്‍സെല്‍ – മാക്‌സിസ് ടെലികോം കമ്പനികളുടെ ലയനവുമായി ബന്ധപ്പെട്ട് നടന്നത്. ഇതില്‍ 80 കോടിയുടെ നിക്ഷേപം എയര്‍സെല്‍ കമ്പനിക്ക് ലഭിച്ചത് വഴിവിട്ട തരത്തിലാണെന്നതാണ് കേസിനാസ്പദമായ സംഭവം.

അതേസമയം, ഐ എന്‍ എക്സ് മീഡിയ അഴിമതിയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് (ഇ ഡി) ഫയല്‍ ചെയ്ത കേസില്‍ പി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് തള്ളി. മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ഇതോടെ ഇ ഡിക്ക് ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യമൊരുങ്ങി. സി ബി ഐ കസ്റ്റഡി ഇന്ന് അവസാനിക്കാനിരിക്കെയാണ് കോടതി ഉത്തരവ്.