Connect with us

National

സാമ്പത്തിക പ്രതിസന്ധി: മന്‍മോഹന്‍ സിംഗിന്റെ ഉപദേശം കേന്ദ്രം പരിഗണിക്കണം- ശിവസേന

Published

|

Last Updated

മുംബൈ: രാജ്യം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ വാക്കുകള്‍ കേന്ദ്രം വിലകല്‍പ്പിക്കണമെന്ന് ശിവസേന. രാജ്യത്തിന്റെ ആവശ്യത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും കേന്ദ്രസര്‍ക്കാറിന്റെകൂടി ഭാഗമായ ശിവസേന പാര്‍ട്ടി മുഖപത്രമായ സാംനയിലൂടെ ഓര്‍മിപ്പിച്ചു.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രം മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദനുമായ മന്‍മോഹന്‍സിംഗിന്റെ ഉപദേശം തേടണം. അദ്ദേഹത്തിന്റെ മുന്നറിയിപ്പുകളെ ഗൗനിക്കണമെന്നും സാംന പറഞ്ഞു.

മോദി സര്‍ക്കാറിന്റെ നയങ്ങളെ വിമര്‍ശിക്കുന്ന മന്‍മോഹന്‍സിംഗിന്റെ പ്രസ്താവന വ്യക്തിപരമായ അഭിപ്രായമാണെന്നായിരുന്നു ധനമന്ത്രി നിര്‍മലാസീതാരാമന്‍ നേരത്തെ പ്രതികരിച്ചത്. ഇതിനുള്ള ഒരു മറുപടികൂടിയാണ് ശിവസേന നല്‍കിയിരിക്കുന്നത്.

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാറിന്റെ പിടിപ്പുകേടാണ് രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന സാമ്പത്തികമാന്ദ്യത്തിന് കാരണമെന്ന് മന്‍മോഹന്‍സിംഗ് ആരോപിച്ചിരുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തിലെ ജി ഡി പി വളര്‍ച്ചാ നിരക്ക് വെറും അഞ്ച് ശതമാനത്തില്‍ ഒതുങ്ങിയതിന്റെ അര്‍ഥം നമ്മള്‍ വലിയൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നു എന്നാണ്. വന്‍ വളര്‍ച്ചക്ക് സാധ്യതയുള്ള രാജ്യമാണ് ഇന്ത്യ. പക്ഷേ, മോദി സര്‍ക്കാറിന്റെ ആകെ മൊത്തമുള്ള പിടിപ്പുകേടുകൊണ്ട് രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്കാണ് നീങ്ങുന്നത്. പകയുടെയും അന്ധമായ എതിര്‍പ്പിന്റെയും രാഷ്ട്രീയം ഉപേക്ഷിച്ച് മോദി സര്‍ക്കാര്‍ സാമ്പത്തിക രംഗത്തെക്കുറിച്ച് അറിവുള്ളവരില്‍ നിന്ന് വിദഗ്‌ധോപദേശം തേടണമെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞിരുന്നു.

Latest