Connect with us

Editorial

ശംസുദ്ദീന്‍ കമ്മീഷന്‍ ശിപാര്‍ശകള്‍ നടപ്പാക്കണം

Published

|

Last Updated

ഗുണ്ടായിസവും ഇടിമുറിയുമെല്ലാം കോളജ് സംസ്‌കാരത്തിന്റെ ഭാഗമായി മാറുകയാണോ? തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ മാത്രമല്ല, സംസ്ഥാനത്തെ മറ്റു പ്രമുഖ കോളജുകളിലും ഇടിമുറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ജനകീയ ജുഡീഷ്യല്‍ കമ്മീഷന്റെ കണ്ടെത്തല്‍. യൂനിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്തിന്റെ പശ്ചാത്തലത്തില്‍, കലാലയങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സേവ് യൂനിവേഴ്‌സിറ്റി കോളജ് ക്യാമ്പയിന്‍ കമ്മിറ്റിയാണ് ജസ്റ്റിസ് പി കെ ശംസുദ്ദീന്‍ അധ്യക്ഷനായി ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത്. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളജ്, എം ജി കോളജ്, എറണാകുളം മഹാരാജാസ് കോളജ്, കോഴിക്കോട് ആര്‍ട്‌സ് കോളജ്, മടപ്പള്ളി കോളജ് തുടങ്ങിയവ ഇടിമുറികള്‍ പ്രവര്‍ത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉദാഹരണമായി കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

ഒരു വിദ്യാര്‍ഥി സംഘടനക്ക് സ്വാധീനമുള്ള കോളജില്‍ മറ്റു വിദ്യാര്‍ഥി സംഘടനകളെ പ്രവര്‍ത്തിക്കാനും യൂനിയന്‍ തിരഞ്ഞെടുപ്പുകളില്‍ ഭയരഹിതമായി പങ്കെടുക്കാനും സമ്മതിക്കുന്നില്ല. ഏകപക്ഷീയമായി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥി യൂനിയനുകള്‍ മിക്കപ്പോഴും എതിര്‍ സ്ഥാനാര്‍ഥികളെ നോമിനേഷന്‍ നല്‍കാന്‍ പോലും അനുവദിക്കുന്നില്ല. ചില അധ്യാപക സംഘടനകള്‍ ഇതിനു കൂട്ടു നില്‍ക്കുന്നതായും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ക്യാമ്പസുകളിലെ രാഷ്ട്രീയ പ്രവര്‍ത്തനം അതിരുവിട്ട നിലയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ക്യാമ്പസില്‍ അക്രമങ്ങളും ക്രൂരതകളും നടക്കുമ്പോള്‍ സംഘടനാ നേതാക്കളായ അധ്യാപകര്‍ കാഴ്ചക്കാരായി നില്‍ക്കുകയോ അക്രമികളെ സഹായിക്കുകയോ ചെയ്യുന്നതായി വിദ്യാര്‍ഥികള്‍ കമ്മീഷന്‍ മുമ്പാകെ പരാതിപ്പെടുകയുണ്ടായി. അക്രമം തടയുന്നതിലും റാഗിംഗ് വിരുദ്ധ നിയമം നടപ്പാക്കുന്നതിലും ഭരണ നിയമ സംവിധാനങ്ങള്‍ പരാജയപ്പെട്ടിരിക്കുകയാണ്. പരീക്ഷാ ചോദ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കുക, ഉത്തരക്കടലാസുകള്‍ യൂനിയന്‍ നേതാക്കള്‍ക്ക് നിയമ വിരുദ്ധമായി എത്തിച്ചു കൊടുക്കുക തുടങ്ങിയ ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങളും നടപ്പുണ്ട്. വിവാദ പ്രശ്‌നങ്ങള്‍ ഉടലെടുക്കുമ്പോള്‍ സാധാരണ സര്‍ക്കാറുകളാണ് അന്വേഷണ കമ്മീഷനുകളെ നിയോഗിക്കാറുള്ളത്. തിരു. യൂനിവേഴ്‌സിറ്റി കോളജില്‍ നടന്ന അക്രമങ്ങള്‍ വന്‍ വിവാദം സൃഷ്ടിച്ചിട്ടും സര്‍ക്കാര്‍ ഇടപെടാത്ത സാഹചര്യത്തിലാണ് മനുഷ്യാവകാശ സംഘടനകള്‍ ഉള്‍പ്പെടെ മുന്‍കൈയെടുത്ത് സ്വതന്ത്ര അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.
വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ അതിപ്രസരവും കളങ്കിത രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണയുമാണ് കോളജുകളിലെ അക്രമത്തിനും ഗുണ്ടായിസത്തിനും കാരണമെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍. ഇതൊരു പുതിയ നിരീക്ഷണമല്ല, നേരത്തേ ഹൈക്കോടതിയും ക്യാമ്പസുകളിലെ രാഷ്ട്രീയത്തിന്റെ അതിപ്രസരം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടുകയും ക്യാമ്പസ് രാഷ്ട്രീയം അരുതെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. തീര്‍ത്തും ജനാധിപത്യ വിരുദ്ധവും അസഹിഷ്ണുതാപരവുമായ നിലയിലാണ് കലാലയങ്ങളിലെ രാഷ്ട്രീയ പ്രവര്‍ത്തനം മുന്നേറിക്കൊണ്ടിരിക്കുന്നത്. ഒരു വിദ്യാര്‍ഥിക്ക് അവന്റെ ആശയം ഉയര്‍ത്തിപ്പിടിക്കാന്‍ കേരളത്തിലെ പല ക്യാമ്പസുകളിലും സാധ്യമല്ല. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്കും വിദ്യാഭ്യാസപരമായ പ്രശ്‌നങ്ങള്‍ക്കും വേണ്ടി ശബ്ദിക്കുന്നതിലുപരി പിതൃ സംഘടനകളുടെ കക്ഷി രാഷ്ട്രീയ താത്പര്യത്തിലാണ് വിദ്യാര്‍ഥി സംഘടനകളുടെ ശ്രദ്ധ. ആണ്‍കുട്ടികളുടെ മെയ്കരുത്തിന്റെ പ്രകടനമാണ് പലയിടത്തും വിദ്യാര്‍ഥി രാഷ്ട്രീയം. ക്യാമ്പസുകളില്‍ ആധിപത്യമുള്ള വിദ്യാര്‍ഥി പ്രസ്ഥാനത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ ഇടിമുറികളിലിട്ട് ക്രൂരമായി മര്‍ദിക്കുകയും കൈയോ കാലോ തല്ലിയൊടിക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷമാണ് പ്രബുദ്ധമെന്നു പേരു കേട്ട കോളജുകളില്‍ പോലും. കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ തനിപ്പകര്‍പ്പ്. വിരുദ്ധ രാഷ്ട്രീയക്കാരെ അക്രമത്തിലൂടെ നിശ്ശബ്ദരാക്കുന്ന ഉത്തരേന്ത്യന്‍ കലാലയങ്ങളിലെ സംഘ്പരിവാര്‍ അനുകൂല വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ ശൈലി കടമെടുത്താണ് കേരളത്തിലെ മതേതര പാര്‍ട്ടികളുടെ കീഴിലുള്ള വിദ്യാര്‍ഥി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. ജനാധിപത്യ വിരുദ്ധതയും ഫാസിസ ശൈലിയും സംഘ്പരിവാര്‍ സംഘടനകളുടെ ജനിതക സ്വഭാവമാണ്. അതെങ്ങനെയാണ് മതേതര വിദ്യാര്‍ഥി പ്രസ്ഥാനങ്ങളിലേക്ക് പകര്‍ന്നത്? വൈവിധ്യമാര്‍ന്ന ആശയങ്ങള്‍ ഭയലേശമന്യേ പ്രകടിപ്പിക്കാനുള്ള ഇടങ്ങളായി ക്യാമ്പസുകള്‍ മാറുമ്പോഴാണ് വിദ്യാര്‍ഥി രാഷ്ട്രീയം പ്രസക്തമാകുന്നത്.

കോളജുകളിലെ മനുഷ്യാവകാശ ലംഘനങ്ങളെ പ്രതിരോധിക്കാന്‍ സംസ്ഥാനതല പ്രശ്‌ന പരിഹാര സമിതി രൂപവത്കരിക്കണം എന്നതുള്‍പ്പെടെ ജസ്റ്റിസ് ശംസുദ്ദീന്‍ കമ്മീഷന്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. നിര്‍ബന്ധപൂര്‍വം പ്രകടനങ്ങളിലും പരിപാടികളിലും വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കുന്നതും കോളജ് യൂനിയനുകളും മറ്റും നടത്തുന്ന നിര്‍ബന്ധിത പണപ്പിരിവും തടയുക, തിരഞ്ഞെടുപ്പുകള്‍ സര്‍വകലാശാല നിയോഗിക്കുന്ന നിരീക്ഷകരുടെ പൂര്‍ണ മേല്‍നോട്ടത്തിലായിരിക്കുക, കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍ യൂനിയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയുക, യൂനിയനുകള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നത് ഏകപക്ഷീയമായല്ലെന്ന് ഉറപ്പാക്കുകയും പരാതികളുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കുകയും ചെയ്യുക, സ്‌പോട്ട് അഡ്മിഷന്‍ കോളജ് തലത്തില്‍ നടത്തുന്നത് അവസാനിപ്പിച്ച് സര്‍വകലാശാല നേരിട്ടു നടത്തുക, പ്രവൃത്തി സമയം കഴിഞ്ഞു വിദ്യാര്‍ഥികള്‍ അനധികൃതമായി കോളജുകളില്‍ തങ്ങുന്നത് അവസാനിപ്പിക്കുക തുടങ്ങിയവയാണ് മറ്റു നിര്‍ദേശങ്ങള്‍. സംസ്‌കാര സമ്പന്നരായ ഒരു തലമുറയെ വാര്‍ത്തെടുക്കുകയാണല്ലോ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഇന്നത്തെ വിദ്യാര്‍ഥി രാഷ്ട്രീയം പക്ഷേ പടച്ചു വിടുന്നത് ഗുണ്ടകളെയും അക്രമികളെയുമാണ്. ശക്തമായ നിയന്ത്രണമില്ലെങ്കില്‍ കലാലയാന്തരീക്ഷത്തില്‍ സംഘര്‍ഷവും ഗുണ്ടായിസവും ഇനിയും വര്‍ധിക്കാനിടയാകും. ജസ്റ്റിസ് ശംസുദ്ദീന്‍ കമ്മീഷന്‍ സമര്‍പ്പിച്ച ശിപാര്‍ശകള്‍ നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ മുന്നോട്ടു വരേണ്ടതാണ്.

---- facebook comment plugin here -----

Latest