അല്‍ മര്‍മൂം മാരത്തണ്‍: പരിശീലനം തുടങ്ങി

Posted on: September 3, 2019 7:18 pm | Last updated: September 3, 2019 at 7:18 pm

ദുബൈ: അല്‍ മര്‍മൂം അള്‍ട്രാ മാരത്തണില്‍ പങ്കെടുക്കുന്നവര്‍ വാരാന്ത്യ പരിശീലനം തുടങ്ങി. ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി മാരത്തണാണിത്. ഡിസംബര്‍ ഒമ്പത് മുതല്‍ 13 വരെ അല്‍ മര്‍മൂം സംരക്ഷിത മരുഭൂമിയിലാണു മാരത്തണ്‍. 300 കിലോമീറ്റര്‍, 110 കിലോമീറ്റര്‍, 50 കിലോമീറ്റര്‍ എന്നീ ഇനങ്ങളിലാണ് മത്സരം. ആകര്‍ഷകമായ സമ്മാനങ്ങളുണ്ട്. മരുഭൂമിയിലെ പൂഴി മണലിലൂടെ ഓടുന്നതിനുള്ള പരിശീലനം നേടാനാണ് അവസരമൊരുക്കിയിട്ടുള്ളതെന്ന് സംഘാടകരായ ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ സഈദ് ഹറേബ് അറിയിച്ചു.

നവംബര്‍ 29വരെ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 5.30 മുതല്‍ 9.30 വരെയാണ് പരിശീലനം. അല്‍ മര്‍മൂം സംരക്ഷിത മരുഭൂമിയിലാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ശിളീ@ ൗഹേൃമാമൃമവേീി.മല
അല്‍ മര്‍മൂം സംരക്ഷിത മരുഭൂമി സെയ് അല്‍ സലാം മരുഭൂമിയുടെ ഭാഗമായി 40 ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന പ്രദേശമാണിത്. ദുബൈയുടെ ആകെ വിസ്തൃതിയുടെ പത്തുശതമാനം വരും. ഇവിടെ മനുഷ്യനിര്‍മിത തണ്ണീര്‍ത്തടങ്ങളും അല്‍ ഖുദ്ര തടാകവുമുണ്ട്. 204 ഇനം സ്വദേശി പക്ഷികളും 158 ഇനം ദേശാടന പക്ഷികളും ഉണ്ട്. 26 ഇനം ഉരഗവര്‍ഗ ജീവികളും 39 ഇനം സസ്യങ്ങളും ഇവിടുണ്ട്. വംശനാശം നേരിടുന്ന 19 ഇനം ജന്തുക്കളുടെയും പക്ഷികളുടെയും അഭയസ്ഥലമാണിത്.