സത്യവാങ്മൂലത്തില്‍ വ്യാജ വിവരങ്ങള്‍; അമിത് ജോഗി അറസ്റ്റില്‍

Posted on: September 3, 2019 1:16 pm | Last updated: September 3, 2019 at 2:47 pm

റായ്പൂര്‍: 2013ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യാജ വിവരങ്ങള്‍ നല്‍കിയതിന് ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ മകന്‍ അമിത് ജോഗിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ അമിതിന്റെ വസതിയില്‍ നിന്നായിരുന്നു അറസ്റ്റ്. ബി ജെ പി സ്ഥാനാര്‍ഥിയായിരുന്ന സമീര്‍ പൈക്ര ബിലാസ്പൂരിലെ ഗൗരേല പോലീസ് സ്‌റ്റേഷനില്‍ ഫയല്‍ ചെയ്ത കേസിലാണ് അമിത് ജോഗിയെ അറസ്റ്റ് ചെയ്തതെന്ന് ബിലാസ്പൂര്‍ എസ് പി. പ്രശാന്ത് അഗര്‍വാള്‍ വെളിപ്പെടുത്തി.

സംസ്ഥാന നിയമസഭയിലേക്ക് 2013ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ ജനന സര്‍ട്ടിഫിക്കറ്റുമായി തെറ്റായ വിവരം നല്‍കിയെന്നാണ് പൈക്ര ആരോപിച്ചതെന്നും എസ് പി പറഞ്ഞു. പട്ടിക വര്‍ഗ സംവരണ സീറ്റായ മാര്‍വാഹിയില്‍ നിന്ന് അമിത് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പരാജയപ്പെട്ട സമീറ പൈക്ര 2014ല്‍ അമിതിന്റെ ജാതിയും ജനനസ്ഥലവും ചോദ്യം ചെയ്ത് ബിലാസ്പൂര്‍ ഹൈക്കോടതിയില്‍ റിട്ട് ഹരജി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍, ഛത്തീസ്ഗഢ് നിയമസഭാ സെഷന്‍ അവസാനിച്ചതായി ചൂണ്ടിക്കാട്ടി ഈ വര്‍ഷം ജനുവരിയില്‍ ഹരജി ഹൈക്കോടതി തള്ളുകയായിരുന്നു.

സംസ്ഥാനത്ത് കാട്ടുനീതിയാണ് നടപ്പിലാക്കുന്നതെന്ന് ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഢ് (ജെ സി സി) പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അജിത് ജോഗി ആരോപിച്ചു. തന്നെയും മകനെയും വ്യാജ കേസുകളില്‍ പെടുത്തുകയാണ്. ഇത് പ്രതികാര രാഷ്ട്രീയമാണ്. നീതിന്യായ കോടതിക്കു മുമ്പില്‍ ഇത്തരം കേസുകളൊന്നും നിലനില്‍ക്കില്ല. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ അജിത് ജോഗി പറഞ്ഞു.