നിര്‍മാണ ചെലവ് കുറക്കല്‍; അബൂദബി മുന്‍സിപ്പാലിറ്റി കെട്ടിട നിര്‍മാണ ചട്ടം ഭേദഗതി ചെയ്തു

Posted on: September 2, 2019 4:44 pm | Last updated: September 2, 2019 at 4:44 pm

അബൂദബി: സ്വകര്യ മേഖലയില്‍ നിര്‍മാണം നടത്തുന്നതിന് അബൂദബി മുന്‍സിപ്പാലിറ്റി പുതിയ നിയമ നിര്‍മാണം നടത്തി. അബൂദബിയില്‍ സ്വകാര്യ ഭവന നിര്‍മാണം നിയന്ത്രിക്കുന്നതിനാണ് ഡി പി എം പുതിയ നിയമ നിര്‍മാണം നടത്തിയത്. ഭൂവുടമകളുടെയും എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്‍സികളുടെയും അഭ്യര്‍ഥനകള്‍ക്ക് അനുസൃതമായാണ് പുതിയ നിയമ നിര്‍മാണം. ഇത് നിര്‍മാണ ചെലവ് കുറക്കുമെന്ന് അബൂദബി മുന്‍സിപ്പാലിറ്റി നഗര ആസൂത്രണ വിഭാഗം അറിയിച്ചു.

കിടപ്പുമുറികള്‍, അടുക്കളകള്‍, ഡൈനിംഗ് ഏരിയകള്‍, മജ്ലിസ് ഇരിപ്പിടങ്ങള്‍ എന്നിവയുടെ വലുപ്പം കുറക്കുന്നതിനായി ഡി പി എം കെട്ടിട നിര്‍മാണം പരിഷ്‌കരിച്ചു. ഭൂവുടമകളില്‍ നിന്നുള്ള അഭ്യര്‍ഥന മാനിച്ചാണ് പുതിയ പരിഷ്‌ക്കരണം. പുതിയ നിയമത്തിന്റെ ഭാഗമായി ഭൂവുടമകള്‍ക്ക് അവരുടെ പുതിയ വീട്ടില്‍ ഇടനാഴി നിര്‍മിക്കേണ്ടി വരില്ല, കൂടാതെ സൈഡ് വേലികള്‍ക്കുള്ള പരമാവധി ഉയരം ഇപ്പോള്‍ ആറില്‍ നിന്ന് നാല് മീറ്ററായി കുറച്ചിട്ടുണ്ട്, ഇതെല്ലാം നിര്‍മാണച്ചെലവ് കുറക്കും. പുതിയ നിയമ നിര്‍മാണം ഭൂവുടമകള്‍ക്ക് അവരുടെ സ്വത്തുക്കളില്‍ വിപുലീകരണങ്ങള്‍ അനുവദിക്കുന്നതായി മുന്‍സിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.

അബൂദബി, അല്‍ ഐന്‍, അല്‍ ദാഫ്ര മുനിസിപ്പാലിറ്റികളിലെ എന്‍ജിനീയര്‍മാരും അധികാരികളും ഉള്‍പ്പെടെ പ്രത്യേക ഡി പി എം ടീം നടത്തിയ വര്‍ക്ക് ഷോപ്പുകളെ തുടര്‍ന്നാണ് പുതിയ നിയമ നിര്‍മാണം തയ്യാറാക്കിയത്. പുതിയ നിയമം ഭൂവുടമകളുടെ കെട്ടിട ചെലവ് കുറക്കുകയും പ്രായോഗികവും ആധുനികവുമായ പരിഹാരങ്ങള്‍ എളുപ്പത്തില്‍ പ്രയോഗിക്കുകയും ഭവന പദ്ധതികളുടെ നിര്‍മാണം വേഗത്തിലാക്കുകയും താമസക്കാരുടെ ജീവിതനിലവാരം ഉയര്‍ത്തുകയും ചെയ്യും. ഡി പി എം സ്ട്രാറ്റജിക് അഫയേഴ്സ് സെക്ടര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അല്‍ ഖാദര്‍ അല്‍ അഹമ്മദ് പറഞ്ഞു. എമിറേറ്റിന്റെ മത്സരശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം ബിസിനസ്്, നിക്ഷേപം, കമ്മ്യൂണിറ്റി വികസനം, ജീവിതശൈലി എന്നിവ ഉത്തേജിപ്പിക്കുന്നതിനും നിയമ നിര്‍മാണം സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.