Connect with us

Kerala

ബഷീർ കേസ്: പോലീസിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

Published

|

Last Updated

കണ്ണൂര്‍: സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസില്‍ പോലിസിനെതിരെ രൂക്ഷ വിമര്‍ശവുമായി മുഖ്യമന്ത്രി. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തിലാണ് മരണപ്പെട്ട കെ എം ബഷീറിന്റെയും മരണത്തിനുത്തരവാദിയായ ശ്രീറാം വെങ്കിട്ടരാമന്റെയും പേരെടുത്ത് പറയാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലിസിനെതിരെ കടുത്ത വിമര്‍ശം നടത്തിയത്.

സമീപകാലത്തുണ്ടായ ഒരു കേസില്‍ സാമാന്യ ബുദ്ധിപോലും ഉപയോഗിക്കാതെയാണ്‌ പൊലീസ്‌ പ്രവർത്തിച്ചത്‌. ‘മൃദു ഭാവേ ദൃഢ ചിത്തേ’യെന്ന ആപ്തവാക്യത്തിലൂടെ കേരളപൊലീസ്‌ നേടിയെടുത്ത മികവാകെ ഈ ഒരൊറ്റ സംഭവത്തിലൂടെ ഇടിഞ്ഞുപോയി.

ഉന്നതനായാല്‍ എന്തുമാകാം. സംരക്ഷിക്കാന്‍ പല വഴികളും നോക്കും. തെറ്റ് ചെയ്തയാളുടെ കൂട്ടാളികള്‍ മാത്രമല്ല അതിനെ കുറിച്ച് അന്വേഷിക്കുന്നവരും ഈ പ്രമുഖനാണെല്ലോ എന്ന് കണ്ട് സംരക്ഷിക്കാന്‍ പുറപ്പെടും. ആ ഏര്‍പ്പാട് വേണ്ട. തെറ്റ് കാണിച്ചിട്ടുണ്ടോ. ആരായാലും അതിനെതിരെ ഒരു തരത്തിലുള്ള മൃദു ഭാവവും വേണ്ട. നല്ല നടപടികളിലേക്ക് നീങ്ങണം. ശക്തമായ നടപടികളിലേക്കാണ് നീങ്ങേണ്ടത്. ഇത് നിങ്ങള്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണ്. ഇപ്പോള്‍ വന്നിട്ടുള്ള അപചയം അത്ര എളുപ്പത്തില്‍ പരിഹരിക്കപ്പെടുന്ന ഒന്നല്ല. അത് യശസിനെ ബാധിച്ച് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

റോഡ് അപകടക്കേസുകളില്‍ നല്ല നഷ്ടപരിഹാരം ലഭിക്കുന്ന തരത്തിൽ കേസ്‌ ഫ്രെയിം ചെയ്യാൻ ചില ഉദ്യോഗസ്ഥർ ഒരു വിഹിതം ആവശ്യപ്പെടുന്നതായി വിവരം ലഭിച്ചിട്ടുണ്ട്‌. ഇത്തരം തെറ്റായ പ്രവണതകൾ അവസാനിപ്പിക്കണം. കണ്ടുപിടിച്ചാൽ ആ സ്ഥാനത്തു മാത്രമല്ല, സർവീസിലും ഉണ്ടാവില്ലെന്ന്‌ ഓർക്കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.