ബെഹ്‌റക്കെതിരെ കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധം

Posted on: September 2, 2019 2:41 pm | Last updated: September 2, 2019 at 4:52 pm

കണ്ണൂര്‍: കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കാനുള്ള ഡി ജി പി ലോക്‌നാഥ് ബെഹ്‌റയുടെ നടപടിയില്‍ കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധം. ബെഹ്‌റ സി പി എം ബ്രാഞ്ച് സെക്രട്ടറി എന്ന ബോര്‍ഡുമായി പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സമ്മേളന വേദിയിലേക്ക് യൂത്ത്‌കോണ്‍ഗ്രസുകാര്‍ മാര്‍ച്ച് നടത്തുകയായിരുന്നു. ഹാളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പോസ്റ്റല്‍ വോട്ട് വിവാദവുമായി ബന്ധപ്പെട്ട് മുല്ലപ്പള്ളി ഡി ജി പിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇടതുനിയന്ത്രണത്തിലുള്ള പോലീസ് അസോസിയേഷന് പോസ്റ്റല്‍ വോട്ടുകള്‍ തട്ടിയെടുക്കാന്‍ ഡി ജി പി സഹായം നല്‍കുന്നുവെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ ആരോപണം. ഈ പ്രസ്താവനക്കെതിരെ മാനനഷ്ട കേസ് നല്‍കാന്‍ അനുമതി ആവശ്യപ്പെട്ട് ബെഹ്‌റ തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ കത്തില്‍ സര്‍ക്കാര്‍ അനുമതിയും നല്‍കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു യൂത്ത്‌കോണ്‍ഗ്രസന്റെ പ്രതിഷേധം.