ഫണ്ടുകളും ആനുകൂല്യങ്ങളും ബന്ധുക്കൾക്കും പാർട്ടിക്കാർക്കും മാത്രമെന്ന്‌; ലീഗ് അംഗത്തിനെതിരെ കോൺഗ്രസ്

Posted on: September 2, 2019 12:10 pm | Last updated: September 2, 2019 at 12:10 pm
ലീഗ് അംഗത്തിനെതിരെ വിവിധ സ്ഥലങ്ങളിൽ കോൺഗ്രസ് സ്ഥാപിച്ച ബോർഡ്

വണ്ടൂർ: പഞ്ചായത്ത് ഫണ്ടുകളും ആനുകൂല്യങ്ങളും ബന്ധുക്കൾക്കും പാർട്ടിക്കാർക്കും മാത്രം നൽകുന്നുവെന്നാരോപണം. മുസ്്ലിം ലീഗ് പഞ്ചായത്ത് അംഗത്തിനെതിരെ പരസ്യവിമർശനവുമായി വാർഡ് കോൺഗ്രസ് കമ്മിറ്റി. വണ്ടൂർ പഞ്ചായത്ത് 15ാം വാർഡ് അംഗവും മുൻ വൈസ് പ്രസിഡന്റുമായിരുന്ന എം കെ നാസറിനെതിരെയാണ് കോൺഗ്രസ് പരസ്യമായി രംഗത്തെത്തിയിട്ടുള്ളത്.

15ാം വാർഡ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ എസ് യു കമ്മിറ്റികളുടെ പേരിലുള്ള ബോർഡുകളും വിവിധ സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടു.

സ്വന്തം പാർട്ടിക്കാർക്കും ബന്ധുക്കൾക്കും മാത്രം ആനുകൂല്യങ്ങൾ കൊടുക്കുന്നത് അവസാനിപ്പിക്കുക, മെമ്പറുടെ ധിക്കാരനടപടികൾ അവസാനിപ്പിക്കുക, ജാതി, മത, വർണ വിവേചനമില്ലാതെ അർഹതപ്പെട്ട എല്ലാവർക്കും ആനുകൂല്യങ്ങൾ കൊടുക്കുക തുടങ്ങിയ കാര്യങ്ങളാണ് ബോർഡിലുള്ളത്. പഞ്ചായത്ത് നടപ്പിലാക്കിയ ‘വണ്ടർഫുൾ വണ്ടൂർ’ പദ്ധതിയുമായി ബന്ധപ്പെട്ടും നേരത്തെ നാസറിനെതിരെ ആരോപണമുയർന്നിരുന്നു.