Connect with us

Religion

സവിശേഷ ദിനങ്ങൾ

Published

|

Last Updated

ഇസ്‌ലാമിൽ ചില മാസങ്ങൾക്കും ദിവസങ്ങൾക്കും രാവുകൾക്കും പ്രാധാന്യമുണ്ട്. മുഹർറം അങ്ങനെ പ്രത്യേകതയുള്ള ഒരു മാസമാണ്. ചന്ദ്ര വർഷം തുടങ്ങുന്നത് ഈ മാസത്തോടെയാണ്. ഒരുപാട് സംഭവവികാസങ്ങൾ അരങ്ങേറിയ മാസമാണിത്. ഈ മാസം മുഴുവൻ നോമ്പനുഷ്ഠിക്കൽ പുണ്യമേറിയതാണ്. വിശിഷ്യ, മുഹർറം ഒമ്പതിനും പത്തിനും.

മുഹർറം ഒമ്പത് താസൂആ എന്നും പത്ത് ആശൂറ എന്നും അറിയപ്പെടുന്നു. നബിമാരിൽ ചിലർക്ക് അല്ലാഹു ആദരവ് നൽകിയ ദിനമാണിത്. മൂസ നബിയെയും അനുയായികളെയും സാമ്രാജ്യത്വ കരങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയ ദിവസം, അല്ലാഹുവിന്റെ പരീക്ഷണ പ്രകാരം മത്സ്യ വയറ്റിൽ അകപ്പെട്ട യൂനുസ് നബി പുറത്തുവന്ന ദിനം, സഹോദരങ്ങൾ കിണറ്റിൽ ഇട്ട യൂസുഫ് നബി കരകയറിയതും ഈ ദിനത്തിലാണ്. ആദം നബിക്ക് ആദരവ് നൽകിയത്, ഈസ നബി ജനിച്ചതും ആകാശത്തേക്ക് ഉയർത്തപ്പെട്ടതും, ഇബ്‌റാഹീം നബി ഭൂജാതനായത്, നൂഹ് നബി നിർമിച്ച കപ്പൽ ജൂദിയ്യ് പർവതത്തിൽ ചെന്നുനിന്നത്, ദാവൂദ് നബിക്ക് വലിയ പദവി നൽകപ്പെട്ടത്, യഅ്ഖൂബ് നബിയുടെ കണ്ണിന്റെ മങ്ങൽ മാറിയത്, ഇദ്‌രീസ് നബിയെ ആകാശത്തേക്ക് ഉയർത്തിയത്, സുലൈമാൻ നബിക്ക് അധികാരം ലഭിച്ചത് തുടങ്ങിയവയെല്ലാം ഈ ദിനത്തിലാണ്.
മുഹർറം നോമ്പിനെ കുറിച്ചുള്ള ഒരു ഹദീസ് കാണുക. നബി തങ്ങൾ മദീനയിൽ ആയിരിക്കെ ഒരു ദിവസം യഹൂദികൾ നോമ്പനുഷ്ഠിച്ചത് ശ്രദ്ധയിൽപ്പെട്ടു. മുത്ത് നബി അവരോട് കാരണമന്വേഷിച്ചു. അവർ പറഞ്ഞു: ഈ ദിനം മൂസാ നബിക്ക് വിജയം നൽകി, ഫിർഔനെ നിലംപരിശാക്കി. ആകയാൽ ആ ദിനത്തെ ആദരിച്ച് ഞങ്ങൾ നോമ്പ് അനുഷ്ഠിക്കുകയാണ്.

മുത്ത് നബി പറഞ്ഞു: നിങ്ങളേക്കാൾ ഞങ്ങളാണ് മൂസാ നബിയോട് ബന്ധപ്പെട്ടത്. ശേഷം നബി തങ്ങൾ മുഹർറം പത്തിന് വ്രതമനുഷ്ഠിക്കാൻ കൽപ്പിച്ചു. ആ അവസരത്തിൽ അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ) നബിയോട് ചോദിച്ചു, തിരുദൂതരേ, ഈ ദിവസം യഹൂദികളും ക്രിസ്ത്യാനികളും ആദരിച്ച ദിനമല്ലേ? നബി തങ്ങൾ പറഞ്ഞു: അടുത്ത വർഷം ജീവിച്ചിരിപ്പുണ്ടെങ്കിൽ നമ്മൾ മുഹർറം ഒമ്പതിനും നോൽക്കും. ഉപര്യുക്ത ഹദീസിൽ നിന്നും ഗ്രഹിക്കാവുന്നത് മുഹർറം ഒമ്പതിനും നോമ്പ് എടുക്കൽ സുന്നത്താണ് എന്നാണല്ലോ. മുഹർറം ഒമ്പതിനും നോമ്പ് എടുക്കണം എന്ന് പറയുന്നതിന്റെ ഒരു കാരണം യഹൂദികളോട് എതിരാവുക എന്നതാണ്, ഒമ്പതിനും 10നും നാം നോമ്പ് എടുക്കുന്നതിലൂടെ അവരോട് എതിരാവുക എന്നത് സംഗതമാണ്. ഇതര ആശയ ധാരയെ അതേപടി പിൻപറ്റാൻ പാടില്ല എന്ന സന്ദേശം ഇവിടെ ഉൾവഹിക്കുന്നുണ്ട്. അല്ലാഹു പറഞ്ഞല്ലോ, സത്യവിശ്വാസികളെ നിങ്ങൾ പരിപൂർണമായി ഇസ്‌ലാമിൽ പ്രവേശിക്കുക, പിശാചിന്റെ കാലടികളെ നിങ്ങൾ അനുധാവനം ചെയ്യാതിരിക്കുക (2:208).
അലി (റ)യോട് ഒരാൾ ചോദിച്ചു: റമസാന് ശേഷം നോമ്പ് നോൽക്കാൻ അങ്ങ് ഏത് മാസത്തിലാണ് എന്നോട് കൽപ്പിക്കുക. അദ്ദേഹം പറഞ്ഞു: മുത്ത് നബിയോട് ഒരാൾ ഇതേ ചോദ്യം ചോദിച്ചിരുന്നു. അന്ന് അവിടുന്ന് പറഞ്ഞു: റമസാൻ മാസത്തിന് ശേഷം നീ വ്രതമനുഷ്ഠിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ മുഹർറം മാസത്തിൽ നോമ്പ് അനുഷ്ഠിക്കുക. കാരണം മുഹർറത്തിൽ അല്ലാഹു ഒരു സമുദായത്തിലെ തൗബ സ്വീകരിച്ചിരിക്കുന്നു. മറ്റൊരു സമുദായത്തിന്റെ തൗബ സ്വീകരിക്കാനിരിക്കുന്നു (തുർമുദി).

സവിശേഷതകൾ നിറഞ്ഞ മാസമാണ് മുഹർറം. മുസ്‌ലിമിന്റെ പുതുവർഷം ആരംഭിക്കുന്നത് മുഹർറത്തിലാണ്. മഹാരഥൻമാരുമായി ബന്ധപ്പെട്ട ഒരുപാട് സംഭവവികാസങ്ങൾക്ക് സാക്ഷിയായ മാസം. മുത്ത് നബിയുടെ പേരക്കുട്ടി ഹുസൈൻ (റ) കർബല യുദ്ധത്തിൽ ശഹീദായതും ഈ മാസത്തിലെ കണ്ണീരണിഞ്ഞ ഓർമച്ചിത്രമാണ്.

അശ്റഫ് സുറൈജി തോട്ടീക്കൽ
• ashrafthottikkal85@gmail

---- facebook comment plugin here -----

Latest