കര്‍ണാടകയില്‍ ബീഫ് നിരോധനത്തിന് സര്‍ക്കാര്‍ നീക്കം

Posted on: August 30, 2019 9:12 pm | Last updated: August 30, 2019 at 11:47 pm

ബെംഗളൂരു: കര്‍ണാടകയില്‍ ബീഫ് കൈവശം വെക്കുന്നതും വില്‍ക്കുന്നതും നിരോധിച്ചുകൊണ്ടുള്ള ബില്‍ കൊണ്ടുവരാന്‍ യെദ്യൂരപ്പ സര്‍ക്കാറിന്റെ നീക്കം. ബി ജെ പിയുടെ ഗോസംരക്ഷണ സെല്ലിന്റെ ആവശ്യത്തില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തിവരികയാണെന്ന് സംസ്ഥാന ടൂറിസം-സാംസ്‌കാരിക മന്ത്രി സി ടി രവി പറഞ്ഞു. വ്യാഴാഴ്ചയാണ് ഗോവധം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള നിവേദനം ഗോസംരക്ഷണ സെല്‍ സര്‍ക്കാറിന് നല്‍കിയത്.

2010ല്‍ ബീഫ് നിരോധനം നടപ്പിലാക്കാന്‍ അന്നത്തെ ബി ജെ പി സര്‍ക്കാര്‍ ശ്രമിച്ചതും എന്നാല്‍ അത് ഗവര്‍ണര്‍ നിഷേധിച്ചതും നിവേദനത്തില്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. ബി ജെ പി അധികാരത്തില്‍ തിരിച്ചെത്തിയ പശ്ചാത്തലത്തില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കണമെന്ന് ഗോ സംരക്ഷ സെല്‍ തലവന്‍ സിദ്ധാര്‍ഥ് ഗോയങ്ക ആവശ്യപ്പെട്ടു.

വിഷയത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ നിയമം കൊണ്ടുവന്നതിന്റെ വിശദാംശങ്ങള്‍ പഠിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് മന്ത്രി സി ടി രവി പറഞ്ഞു.
2010ല്‍ നീണ്ട സംവാദങ്ങള്‍ക്കു ശേഷമാണ് കര്‍ണാടക ഗോവധ നിരോധന കന്നുകാലി സംരക്ഷണ ബില്‍ അന്നത്തെ ബി ജെ പി സര്‍ക്കാര്‍ പാസാക്കിയത്. എന്നാല്‍, ബില്ലിന് അംഗീകാരം നല്‍കാന്‍ ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് തയാറായില്ല. നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷ നേതാവായ സിദ്ധരാമയ്യ ശക്തമായി എതിര്‍ത്തിരുന്നു. ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ് ബില്ലെന്ന് അദ്ദേഹം പറയുകയും ബില്ലിന്റെ പകര്‍പ്പ് നിയമസഭയില്‍ വച്ച് കീറി പ്രതിഷേധിക്കുകയും ചെയ്തു.