എയര്‍ ഇന്ത്യയെ പൂര്‍ണമായും സ്വകാര്യവത്കരിക്കുക സര്‍ക്കാര്‍ ലക്ഷ്യം: കേന്ദ്ര വ്യോമയാന സഹമന്ത്രി

Posted on: August 29, 2019 9:01 pm | Last updated: August 30, 2019 at 10:28 am

ന്യൂഡല്‍ഹി: പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ പൂര്‍ണമായും സ്വകാര്യവത്കരിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ സഹമന്ത്രി ഹര്‍ദീപ് സിംഗ് പുരി. എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കുന്നതിന് കേന്ദ്രം ഉറച്ച് തീരുമാനമെടുത്തിട്ടുണ്ട്. അതില്‍ വെള്ളം ചേര്‍ക്കില്ല. പൂര്‍ണമായുമുള്ള ഒരു സ്വകാര്യവത്കരണമാകും അതെന്നും പുരി വ്യക്തമാക്കി.

നേരത്തെ നടത്തിയ ഓഹരി വിറ്റഴിക്കല്‍ ശ്രമത്തില്‍ 76 ശതമാനം ഓഹരികള്‍ വിറ്റ് ബാക്കി നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചു. ഇതാണ് ഒരു സ്വകാര്യ കമ്പനിയും പങ്കാളിത്തം ഏറ്റെടുക്കാന്‍ മുന്നോട്ട് വരാത്തതിന് കാരണമായത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി അടുത്ത ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തും. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം തയ്യാറാക്കിയതും സെക്രട്ടറിമാരുടെ സമിതി അടുത്തിടെ അവലോകനം ചെയ്തതുമായ പ്രൊപ്പോസല്‍ സമിതി വിശദമായി പരിശോധിക്കുമെന്നും പുരി പറഞ്ഞു. എയര്‍ ഇന്ത്യയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് നിരവധി കമ്പനികള്‍ രംഗത്തുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ തെറ്റുകളില്‍ നിന്ന് സര്‍ക്കാര്‍ ഏറെ പഠിച്ചു. അതുകൊണ്ട് തന്നെ എയര്‍ ഇന്ത്യയില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയാണ് വേണ്ടതെന്ന് സര്‍ക്കാര്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും പുരി പറഞ്ഞു.