Kerala
സസ്പെൻഷനിലായ ജയപ്രകാശിനെ പ്രതിചേർക്കണമെന്ന ആവശ്യം ശക്തം; എസ് ഐയെ സാക്ഷിയാക്കുന്നതിൽ ആശയക്കുഴപ്പം

തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ച് കൊന്ന കേസിൽ തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്ന മ്യൂസിയം ക്രൈം എസ് ഐ ജയപ്രകാശിനെ പ്രതിചേർക്കുന്നതും സാക്ഷിയാക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിനും ആശയക്കുഴപ്പം. സംഭവം നടന്ന് നിമിഷങ്ങൾക്കകം അപകട സ്ഥലത്തെത്തിയ മ്യൂസിയം ക്രൈം എസ് ഐയായിരുന്ന ജയപ്രകാശിനെ കേസിൽ സാക്ഷിയാക്കുന്നത് സംബന്ധിച്ച് പരിഗണിച്ചിരുന്നുവെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല.
ജയപ്രകാശിന്റെ ഇടപെടലാണ് ശ്രീറാമിനെതിരായ തെളിവുകൾ നശിപ്പിക്കുന്നതിനിടയായതെന്നതിനാൽ ഇയാളെ കേസിൽ പ്രതിചേർക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
സംഭവത്തിൽ എസ് ഐയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് ആദ്യഘട്ടത്തിൽ ശ്രീറാം മദ്യപിച്ചിട്ടുണ്ടോയെന്ന് രക്തസാമ്പിളെടുത്ത് പരിശോധിക്കാത്തതിന് കാരണമായതെന്ന ആക്ഷേപം നിലവിലുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ എസ് ഐയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്്തിരുന്നു.
എസ് ഐയെ കേസിൽ പ്രതിചേർക്കണമെന്ന ആവശ്യമാണ് വ്യാപകമായി ഉയർന്നിരിക്കുന്നത്. എന്നാൽ പ്രത്യേക അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയപ്പോൾ തന്റെ ഭാഗത്ത് നിന്നും ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന മൊഴിയാണ് ക്രൈം എസ് ഐ നൽകിയത്. സംഭവം നടന്നയുടൻ തന്നെ കാര്യങ്ങൾ സി ഐ ഉൾപ്പെടെയുള്ളവരെ അറിയിച്ചിരുന്നെന്നും അവരുടെ കൂടി നിർദേശാനുസരണമാണ് കാര്യങ്ങൾ ചെയ്തതെന്നുമാണ് എസ് ഐ മൊഴി നൽകിയത്. ശ്രീറാമിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ രക്തമെടുത്ത് പരിശോധന നടത്താൻ ഡോക്ടറോട് ആവശ്യപ്പെട്ടുവെങ്കിലും ചെയ്തില്ലെന്നും എസ് ഐ മൊഴി നൽകിയിരുന്നു.
എസ് ഐയുടെ ഈ മൊഴിയുടെ കൂടി അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് ദിവസങ്ങൾക്കുള്ളിൽ പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തിന് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ എസ് ഐയുടെ ഭാഗത്ത് നിന്നല്ല, മറിച്ച് ഡോക്ടറുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചുവെന്ന തരത്തിലാണ് അന്വേഷണം നീങ്ങുന്നത്. സംഭവം നടന്നയുടൻ സ്ഥലത്തെത്തിയ ക്രൈം എസ് ഐ ശ്രീറാം മദ്യപിച്ചിരുന്നതായി അന്ന് വ്യക്തമാക്കിയിരുന്നു. ആ സാഹചര്യത്തിൽ എസ് ഐ ജയപ്രകാശിനെ കേസിൽ സാക്ഷിയാക്കുന്ന കാര്യവും അന്വേഷ ണസംഘം പരിഗണിക്കുന്നുണ്ട്.
എന്നാൽ എസ് ഐയെ സാക്ഷിയാക്കിയാൽ പേലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയെ വെള്ളപൂശുന്നതായുള്ള ആരോപണം ഉയരുമെന്ന ആശങ്കയും അന്വേഷണ സംഘത്തിനുണ്ട്. ഇതിനിടെ കേസിൽ ദൃക്‌സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്ന നടപടിയും പുരോഗമിക്കുകയാണ്. കേസിൽ കൂടുതൽ അനുകൂലമായ നിലപാടുണ്ടാകാനായാണ് നേരത്തേ മൊഴി നൽകിയവരുടേതുൾപ്പെടെ രഹസ്യമൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തുന്നത്.