വിദേശ നിക്ഷേപ വ്യവസ്ഥകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രം; കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുക ലക്ഷ്യം

Posted on: August 28, 2019 11:47 pm | Last updated: August 29, 2019 at 8:58 am

ന്യൂഡല്‍ഹി: പ്രത്യക്ഷ വിദേശ നിക്ഷേപ വ്യവസ്ഥകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. സാമ്പത്തിക മേഖലയില്‍ പ്രതിസന്ധിയുണ്ടാകാത്ത വിധം നിയന്ത്രിച്ചു നിര്‍ത്തുന്നതിനാണ് വിദേശ നിക്ഷേപ വ്യവസ്ഥകള്‍ ഉദാരമാക്കുന്നതെന്ന് കേന്ദ്ര ഊര്‍ജ വകുപ്പ് സഹ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയില്‍, ഡിജിറ്റല്‍, ഉത്പാദന മേഖലകളിലാണ് വ്യവസ്ഥകള്‍ ഉദാരമാക്കിയത്. വിദേശ നിക്ഷേപം വര്‍ധിപ്പിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. കൂടുതല്‍ നിക്ഷേപം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവക്ക് നടപടി സഹായകമാകുമെന്ന് മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ മന്ത്രി വ്യക്തമാക്കി.

രാജ്യത്ത് കല്‍ക്കരി ഖനനത്തിലെ വിദേശ നിക്ഷേപം നൂറു ശതമാനമാക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഡിജിറ്റല്‍ മീഡിയ രംഗത്ത് 26 ശതമാനം വിദേശ നിക്ഷേപത്തിനും അനുമതി നല്‍കി. 75 പുതിയ മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജുകള്‍ ഇല്ലാത്ത ജില്ലകള്‍ക്കായിരിക്കും പ്രഥമ പരിഗണന.