ആമര്‍ കേന്ദ്രങ്ങള്‍ നടത്തിയത് പത്ത് ലക്ഷത്തിലധികം ഇടപാടുകള്‍

Posted on: August 27, 2019 8:57 pm | Last updated: August 27, 2019 at 8:57 pm

ദുബൈ: ദുബൈയിലെ ആമര്‍ കേന്ദ്രങ്ങള്‍ ഈ വര്‍ഷം ആദ്യത്തെ ആറ് മാസത്തിനുള്ളില്‍ പത്ത് ലക്ഷത്തിലധികം വിസ-സേവന ഇടപാടുകള്‍ പൂര്‍ത്തിയാക്കിയെന്ന് ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്സ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു ഈ വര്‍ഷം ആമര്‍ സെന്ററുകള്‍ കൂടുതല്‍ ഇടപാടുകള്‍ നടത്തി.

847.476 സേവന- ഇടപാടുകളാണ് കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ ആമര്‍ സെന്ററുകള്‍ നല്‍കിയതെന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ജിഡി ആര്‍ എഫ് എ ദുബൈ ഹെഡ്ക്വാട്ടേഴ്സില്‍ വിളിച്ചു ചേര്‍ത്ത ആമര്‍ സെന്റര്‍ ഉടമകളുടെയും മാനേജ്മെന്റുകളുടെയും യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ദുബൈയിലുള്ള 69 മാതൃകാ ആമര്‍ കേന്ദ്രങ്ങള്‍ വഴിയാണ് ഇത്തരത്തിലുള്ള ഇടപാടുകള്‍ ഏറെയും നല്‍കിയത്. അതിനൊപ്പം തന്നെ ആമര്‍ സേവനങ്ങള്‍ ലഭിക്കുന്ന ചില തസ്ഹീല്‍ സെന്ററുകള്‍ വഴിയും വിസ ഇടപാടുകള്‍ പൂര്‍ത്തിയാക്കി നല്‍കി.
ഉപയോക്താകള്‍ക്ക് നല്‍കിയ ഇടപാടുകളുടെ വര്‍ധനവ് സൂചിപ്പിക്കുന്നത് ആമര്‍ കേന്ദ്രങ്ങള്‍ നല്‍കുന്ന ഏറ്റവും പുതിയതും സൗകര്യപ്രദവുമായ സേവനങ്ങളുടെ കൂടുതല്‍ ലഭ്യതയെയാണ്. ആമര്‍ സെന്ററുകളില്‍ സേവനം തേടുന്ന ഉപഭോക്തൃ- സംത്യപ്തിയുടെയും സന്തോഷത്തിന്റെയും നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുവാന്‍ ആമര്‍- പങ്കാളികളുമായുള്ള ഇത്തരത്തിലുള്ള യോഗങ്ങള്‍ സഹായിക്കുമെന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി പറഞ്ഞു.

ദുബൈലെ വിസ സേവന-അപേക്ഷ ഇടപാടുകളുടെ കാര്യക്ഷമത കൂടുതല്‍ വര്‍ധിപ്പിക്കുവാനും ഏറ്റവും വേഗത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കാനും ലക്ഷ്യമിട്ട് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായുള്ള സ്റ്റാന്‍ഡേര്‍ഡ് സേവന കേന്ദ്രങ്ങളാണ് ആമര്‍ സെന്ററുകളെന്ന് ജി ഡി ആര്‍ എഫ് എ ദുബൈ ആമര്‍ സേവന വിഭാഗം ഡയറക്ടര്‍ മേജര്‍ സലിം ബിന്‍ അലി പറഞ്ഞു. ആമര്‍ കേന്ദ്രങ്ങള്‍ വഴി നല്‍കുന്ന ഉയര്‍ന്ന സേവന-സൗകര്യങ്ങള്‍ കൂടുതല്‍ മികവോടെ ലഭ്യമാകാന്‍ സഹകരിക്കുന്ന ഉടമകളെയും മനേജ്മെന്റിന്റെയും അദ്ദേഹം പ്രശംസിച്ചു. സെന്ററുകളില്‍ നടപ്പാക്കുന്ന സ്വദേശിവത്കരണത്തെ കുറിച്ച് ഈ യോഗത്തില്‍ ചര്‍ച്ച ചെയ്തു. രാജ്യത്തിന്റെ ഭരണാധികാരികള്‍ നിര്‍ദേശിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസ്യതമായി കേന്ദ്രങ്ങളില്‍ ഇമിറാത്തികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. സേവന നടപടിക്രമങ്ങളില്‍ മികച്ച പരിശീലനം ലഭിച്ചവരുടെയും യോഗ്യതള്ളവരുടെയും സേവനങ്ങള്‍ ജിഡിആര്‍എഫ്എ ദുബൈയുടെ സേവന-വിതരണ സംവിധാനം കൂടുതല്‍ ഏകോപിക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം യോഗത്തില്‍ വെളിപ്പെടുത്തി. ചടങ്ങില്‍ ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്സിന്റെ മികച്ച പിന്തുണക്ക് ആമര്‍ കേന്ദ്രങ്ങളുടെ ഉടമകളും മാനേജ്മെന്റും സ്റ്റാഫും നന്ദിയറിയിച്ചു. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച സൗകര്യങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ ഇനിയും. കൂടുതല്‍ മികവ് പുലര്‍ത്തുമെന്ന് അവര്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു.