സിറാജ് ഇംപാക്ട്: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട വിപിനും കുടുംബത്തിനും വീടൊരുക്കി മാനുപ്പ

Posted on: August 27, 2019 11:51 am | Last updated: August 29, 2019 at 12:46 pm

കോഴിക്കോട്: ”ഇനി കരയരുത് ഞങ്ങളൊക്കെ കൂടെയുണ്ട്”. പ്രളയത്തില്‍ കൂര തകര്‍ന്ന് പെരുവഴിയിലായ വിപിനും കുടുംബത്തിനും മൂന്ന് മാസത്തിനിടെ വീട് ഒരുക്കാം എന്ന് പ്രഖ്യാപിച്ച കാടാമ്പുഴ പാങ്ങ് നാസര്‍ മാനുവിന്റെ മുമ്പില്‍ വിതുമ്പിയ വിപിന്റെ പിതാവ് ബിജുവിനെ ചേര്‍ത്ത് പിടിച്ച് അദ്ദേഹം പറഞ്ഞ സമാശ്വാസ വാക്കുകളാണിത്. ‘വിപിനും കുടുംബവും ഇനി അനസിന്റെ വീട്ടില്‍’ എന്ന തലകെട്ടില്‍ സിറാജില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് വിപിനേയും കുടുംബത്തേയും തേടി മാനുപ്പയും സംഘവും ഇന്നലെ അനസിന്റെ വീട്ടില്‍ എത്തിയത്.

താമസിച്ചുകൊണ്ടിരുന്ന കൂര പ്രളയത്തില്‍ മുങ്ങി ഉപയോഗ ശൂന്യമായതിനെ തുടര്‍ന്ന് ചെറുവണ്ണൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ദുരിതശ്വാസ ക്യാമ്പില്‍ നിന്ന് തിരിച്ചു പോകാനാകാതെ വിപിനും കുടുംബവും വിഷമിച്ച് ഇരിക്കുകയായിരുന്നു. ഈ ഒരു സാഹചര്യത്തില്‍ ആറാം ക്ലാസ്സുകാരനായ വിപിന്റെ സഹപാഠി അനസ് ഉപ്പയുടേയും ഉമ്മയുടേയും സഹായത്തോടെ വിപിന്റെ മാതാപിതാക്കളെയും സഹോദരിയേയും അവന്റെ വീട്ടില്‍ താമസിപ്പിക്കാന്‍ തയ്യാറാവുകയായിരുന്നു.

സിറാജ് വാര്‍ത്ത ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് എസ് വൈ എസ് കുറ്റിച്ചിറ സര്‍ക്കിള്‍ കമ്മറ്റിയുടെയും യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആദം മുല്‍സിയുടേയും നേതൃത്വത്തില്‍ കുടുംബത്തിന് സമാശ്വാസം എത്തിച്ചിരുന്നു. എങ്കിലും വീട് എന്ന സ്വപ്‌നം ബാക്കിയായി. എന്നാല്‍ മാനുപ്പയും സംഘവും ഈ ദൗത്യം ഏറ്റെടുത്തതോടെ മനം നിറഞ്ഞ് കണ്ണീര്‍ വാര്‍ക്കുകയാണ് വിപിന്റെ കുടുംബം. കുറ്റിപ്പുറം കുമ്പിടിയിലുള്ള തന്റെ ഒരേക്കര്‍ ഭൂമിയാണ് നാസര്‍ മാനു പ്രളയ ബാധിതര്‍ക്കു വീടൊരുക്കുവാനായി നല്‍കിയത്. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും വിവിധ സന്നദ്ധ സംഘടനയ്ക്കും കൂടി മാനുപ്പ രണ്ടേക്കര്‍ ഭൂമിയും വിട്ടുനല്‍കിയിട്ടുണ്ട്.

കുറ്റിപ്പുറം കമ്പിടിയിലാണ് വിപിനും കുടുംബത്തിനും വീടൊരുക്കുകയെന്ന് നാസര്‍മാനു സിറാജിനോട് പറഞ്ഞു. വീട് നിര്‍മ്മിക്കുന്നതിന് മുബൈയിലെ മാധവ വാര്യരും കുടുംബവും ആക്ടോ ഗ്രൂപ്പും സഹകരിക്കുന്നുണ്ട്.