ദുബൈയില്‍ വാഹനാപകടം; മലയാളിക്ക് ദാരുണാന്ത്യം

Posted on: August 26, 2019 9:14 pm | Last updated: August 26, 2019 at 9:14 pm

ദുബായ്: ദുബൈയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം തിരൂര്‍ പൂക്കയില്‍ മൊയ്തീന്‍കുട്ടി, കുഞ്ഞീമ ദമ്പതികളുടെ മകന്‍ ഇസ്മായില്‍ വാഴപ്പാട്ട്(46)ആണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് ആറരക്ക് ദുബൈ എമിറേറ്റ്‌സ് റോഡിലായിരുന്നു അപകടം. ഫുജൈറയില്‍ പച്ചക്കറി സ്ഥാപനം നടത്തുന്ന ഇസ്മായില്‍ ദുബൈ അവീര്‍ മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങളുമായി തിരിച്ചുപോകുമ്പോള്‍ സഞ്ചരിച്ചിരുന്ന പിക്കപ്പിലേക്ക് ബസ് ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ ഡ്രൈവര്‍, ഒപ്പമുണ്ടായിരുന്ന കടയിലെ മറ്റൊരു ജീവനക്കാരന്‍ എന്നിവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

കഴിഞ്ഞ 26 വര്‍ഷമായി ഫുജൈറയില്‍ വ്യാപാരിയായ ഇസ്മായില്‍ മാതാവ്, ഭാര്യ ജസീനാ ബീഗം, മക്കളായ മുഹമ്മദ് ഇഹ്‌സാന്‍, ഇര്‍ഷാന റസ്ലി എന്നിവരോടൊപ്പമായിരുന്നു താമസം. ഭാര്യ ഗര്‍ഭിണിയാണ്. കുടുംബം ഇന്നലെ ഉച്ചക്ക് നാട്ടിലേക്ക് തിരിച്ചു. നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നേതൃത്വം നല്‍കുന്ന സാമൂഹിക പ്രവര്‍ത്തകന്‍ റിയാസ് കൂത്തുപറമ്പ് പറഞ്ഞു.