സിസ്റ്റര്‍ അഭയ കേസ്; ഒന്നാം സാക്ഷി വിചാരണവേളയില്‍ കൂറുമാറി

Posted on: August 26, 2019 1:01 pm | Last updated: August 26, 2019 at 9:54 pm

തിരുവനന്തപുരം: പത്ത് വര്‍ഷത്തിന് ശേഷം വിചാരണ ആരംഭിച്ച സിസ്റ്റര്‍ അഭയ കേസില്‍ ഒന്നാം സാക്ഷി കൂറുമാറി. അഭയയോടൊപ്പം കോണ്‍വെന്റില്‍ താമസിച്ചിരുന്ന സിസ്റ്റര്‍ അനുപമയാണ് വിചാരണ വേളയില്‍ കൂറുമാറിയത്. അനുപമ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി അംഗീകരിച്ചു.

പ്രോസിക്യൂഷന്‍ പട്ടികയില്‍ 50 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒന്ന്, രണ്ട് സാക്ഷികള്‍ മരിച്ചതിനെ തുടര്‍ന്നാണ് സിസ്റ്റര്‍ അനുപമയെ ഒന്നാം സാക്ഷിയായി വിസ്തരിച്ചത്.

2009 ല്‍ കുറ്റപത്രം സമര്‍പ്പിച്ച അഭയ കേസില്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. വിചാരണ തടയണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് വിചാരണ നടപടികള്‍ നീണ്ടുപോയത്.
ഫാ.തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രതികള്‍. രണ്ടാം പ്രതി ഫാ ജോസ് പൂതൃക്കയില്‍, ക്രൈം ബ്രാഞ്ച് മുന്‍ എസ് പി, കെ ടി മൈക്കിള്‍ എന്നിവരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു.

1992 മാര്‍ച്ച് 27 ന് കോട്ടയം പയസ് ടെന്റ് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ ഏറ്റെടുത്തത്.