മോദിയെ സ്തുതിക്കുന്നവര്‍ക്ക് ബിജെപിയിലേക്ക് പോകാം; തരൂരിനെതിരെ കര്‍ശന നടപടിക്ക് ആവശ്യപ്പെടും: കെ മുരളീധരന്‍ എംപി

Posted on: August 26, 2019 12:05 pm | Last updated: August 26, 2019 at 8:35 pm

തിരുവനന്തപുരം: നരേന്ദ്രമോദി അനുകൂല പ്രസ്താവന നടത്തിയ ശശി തരൂര്‍ എംപിക്കെതിരെ രൂക്ഷ ഭാഷയില്‍ കെ മുരളീധരന്‍ എംപി. മോദിയെ സ്തുതിക്കേണ്ടവര്‍ക്കു ബിജെപിയിലേക്കു പോകാമെന്നു മുരളീധരന്‍ തുറന്നടിച്ചു. മോദിയെ സ്തുതിക്കുന്നത് കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ വേണ്ട. ശശി തരൂര്‍ വട്ടിയൂര്‍ക്കാവില്‍ പ്രചാരണത്തിന് വരണമെന്നില്ലെന്നും തരൂരിനെതിരെ കര്‍ശനനടപടി വേണമെന്ന് പാര്‍ട്ടിയില്‍ ആവശ്യപ്പെടുമെന്നും മുരളീധരന്‍ പറഞ്ഞു.

നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തരൂരിന്റെ പ്രസ്താവനക്കെതിരെ സ്വരം കടുപ്പിച്ചിരുന്നു. ആയിരം തെറ്റുകള്‍ ചെയ്തിട്ട് ഒരു ശരി ചെയ്തുവെന്ന് പറഞ്ഞ് മോദിയെ ഉയര്‍ത്തിപ്പിടിക്കേണ്ട ആവശ്യമില്ലെന്നും മോദിയുടെ ഭരണം ഇന്ത്യയിലെ ജനങ്ങള്‍ക്ക് അസ്വീകാര്യമാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു. എന്നാല്‍ തന്നെ പഠിപ്പിക്കാന്‍ ആരും വരേണ്ടെന്നായിരുന്നു ഇതിനോട് തരൂര്‍ പ്രതികരിച്ചത്. മോദിയുടെ നല്ല കാര്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ വിശ്വാസ്യത കുറയും. പാര്‍ട്ടിയെ അത് ദോഷകരമായി ബാധിക്കുമെന്നും തരൂര്‍ പറഞ്ഞു. ഇതിന് പിറകെയാണ് മുരളീധരനും തരൂരിനെതിരെ വിമര്‍ശവുമായി രംഗത്തെത്തിയത്.