Kerala
പാലാ സീറ്റ് ആര്‍ക്കെന്ന് എല്ലാവര്‍ക്കും അറിയാം; ജോസ് കെ മാണി തീരുമാനമെടുക്കും: റോഷി അഗസ്റ്റിന്‍

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരള കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കം സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് വഴിമാറി. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ സ്റ്റിയറിങ്ങ് കമ്മിറ്റി തന്നെ ചുമതലപ്പെടുത്തിയെന്ന പി ജെ ജോസഫിന്റെ വാദം തള്ളി റോഷി അഗസ്റ്റിന്‍ രംഗത്തെത്തി. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ സ്റ്റിയറിങ് കമ്മിറ്റി ചുമതലപ്പെടുത്തിയത് ജോസ് കെ മാണിയെയാണെന്ന് റോഷി വ്യക്തമാക്കി. കെ എം മാണിയുടെ സീറ്റിനെ ചൊല്ലി തര്‍ക്കങ്ങള്‍ക്ക് പ്രസക്തിയില്ല. സീറ്റ് ആര്‍ക്കാണെന്ന് എല്ലാവര്‍ക്കും അറിയാം. അതില്‍ ആരും അവകാശവാദം ഉന്നയിക്കേണ്ടെന്നും റോഷി അഗസ്റ്റിന്‍.
പാര്‍ട്ടി യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ തന്നെ ചുമതലപ്പെടുത്തിയെന്ന് പി ജെ ജോസഫ് ഇന്നലെ പറഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് തിരഞ്ഞടുപ്പുകളിലെയും ഫലം നോക്കി തീരുമാനം എടുക്കണം. വിജയസാധ്യതക്കാണ് മുഖ്യപരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് പിജെ ജോസഫിനെ തിരുത്തി റോഷി അഗസ്റ്റിന്‍ രംഗത്തെത്തിയിരിക്കുന്നത്.