Kozhikode
ദഫ് മുട്ടിന്റെ ശീലുകൾ തേടി ന്യൂസിലാൻഡിൽ നിന്ന് ആലസ്സം വീട്ടിൽ

കോഴിക്കോട്: കേരളത്തിന്റെ അനുഷ്ഠാന കലാരൂപങ്ങളായ ദഫ്, അറബന മുട്ട് എന്നിവയെ കുറിച്ച് പഠിക്കാൻ ന്യൂസിലാൻഡ് സ്വദേശി കാപ്പാട്ടെത്തി. ആസ്‌ത്രേലിയയിൽ പ്രൊഡക്‌ഷൻ മാനേജറായി ജോലി നോക്കുന്ന അബ്ദുൽ ഹമീദ് ഹസനാണ് കാപ്പാട് ആലസ്സം വീട്ടിലെത്തിയത്.
കേരളത്തിലെ പാരമ്പര്യ ഗുരുമുഖത്ത് നിന്ന് ദഫ് മുട്ട്, അറബന എന്നീ കലാരൂപങ്ങളെ സംബന്ധിച്ചും കുത്ത് റാത്തീബിനെ കുറിച്ചും മനസ്സിലാക്കുകയും പരിശീലിക്കുകയെന്ന ആഗ്രഹത്തോടെയാണ് അദ്ദേഹം കാപ്പാടെത്തിയത്. രണ്ട് വർഷമായി ആസ്‌ത്രേലിയയിലെ സിഡ്‌നിയിലാണ് അബ്ദുൽ ഹമീദ് ഹസ്സന്റെ താമസം.
അബ്ദുൽ ഹമീദ് ഹസന് കോഴിക്കോട്ടിനടുത്ത് നടുവട്ടത്ത് കുടുംബ വേരുകളുണ്ട്. ഹസന്റെ പിതാവ് ഹസൻ അബ്ദു, കോഴിക്കോട്ടുകാരൻ ബബ്രി അബ്ദുല്ലയുടെയും മാതാവ് സൈനബ, മൊയ്തീൻകോയ ഹാജിയുടെയും പിന്മുറക്കാരാണ്.
ദഫ്മുട്ട്, അറബനമുട്ട്, കുത്ത് റാത്തീബ് രംഗത്ത് 137 വർഷത്തെ പാരമ്പര്യമുള്ള കാപ്പാട് ആലസ്സം വീട്ടിൽ ഇപ്പോഴത്തെ ആചാര്യനും കേന്ദ്ര സർക്കാറിന്റെ ഗുരു പദവിയുള്ള കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവുമായ ഡോ. കോയ കാപ്പാടിനെക്കുറിച്ച് അറിയുന്നത് ന്യൂസിലാൻഡിലെ ഓക്‌ലാൻഡിൽ മിനിസ്റ്റർ ഓഫ് റിലീജിയനായി സേവനം ചെയ്യുന്ന ആലിം സാലിഹ് സഖാഫി മുഖേനയാണ്. കഴിഞ്ഞ വർഷം ഫിജിയിൽ നടത്തിയ കോയ കാപ്പാടിന്റെ പരിപാടിയിൽ പങ്കെടുത്തത് ആലസ്സം വീട്ടിലെത്താൻ തന്നെ പ്രേരിപ്പിച്ചതായി അബ്ദുൽ ഹമീദ് ഹസ്സൻ പറയുന്നു. ദഫ് മുട്ടിനും അറബനമുട്ടിനും അനുഷ്ഠാന കല എന്നതിനപ്പുറം സൂഫി സംഗീതത്തിന്റെ ഉദാത്തമായ തലങ്ങളിലേക്ക് മനുഷ്യ മനസ്സുകളെ കൊണ്ടെത്തിക്കുകയെന്ന ആത്മീയ തലമുണ്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ദഫ്മുട്ട്, അറബനമുട്ട്, കുത്ത് റാത്തീബ് എന്നിവ അമേരിക്കൻ ഐക്യനാടുകളിലും മറ്റും സദസ്സുകൾ സംഘടിപ്പിക്കാനുള്ള “ഗുരുസമ്മതം” കോയ കാപ്പാടിൽ നിന്ന് നേടിയെടുക്കുക എന്ന ലക്ഷ്യമാണ് ഇദ്ദേഹത്തിനുള്ളത്. ഉന്നത ഭൗതിക പഠനം നടത്തുന്ന യുവാക്കളെ തിരഞ്ഞെടുത്ത് പരിശീലനം നൽകുന്നതിനെയും കേന്ദ്ര, സംസ്ഥാന സർക്കാറുകളുമായി ബന്ധപ്പെട്ട് ഡോ.കോയ നടത്തുന്ന പ്രവർത്തനങ്ങളെയും അദ്ദേഹം പ്രകീർത്തിച്ചു.