അരുണ്‍ ജെയ്റ്റ്‌ലിക്ക് രാജ്യത്തിന്റെ ആദരാഞ്ജലി; സംസ്‌കാരം ഇന്ന്

Posted on: August 25, 2019 10:29 am | Last updated: August 25, 2019 at 11:48 am

ന്യൂഡല്‍ഹി: ഇന്നലെ അന്തരിച്ച ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ സംസ്‌കാരം ഇന്ന് നടക്കും. ഡല്‍ഹിയിലെ കൈലാഷ് കോളനിയിലെ വസതിയില്‍ പൊതു ദര്‍ശനത്തിന് വെച്ചിരിക്കുന്ന മൃതദേഹത്തില്‍ സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ ആദരഞ്ജലികളര്‍പ്പിച്ചു. രാവിലെ 11 മണിയോടെ ഭൗതിക ശരീരം ബിജെപി ആസ്ഥാനത്തേക്ക് കൊണ്ടുപോകും. രണ്ട് മണി വരെ ഇവിടെ പൊതു ദര്‍ശനത്തിന് വെക്കും. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം നടക്കുക. വൈകിട്ട് നിഗം ബോധ്ഘട്ടിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രിമാര്‍ തുടങ്ങി പ്രതിപക്ഷത്തെ നേതാക്കളും സംസ്‌കാര ചടങ്ങില്‍ സംബന്ധിക്കും. വിദേശ സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് മടങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരിമാനിച്ചിരുന്നെങ്കിലും സന്ദര്‍ശനം തുടരണമെന്നായിരുന്നു ജെയ്റ്റ്‌ലിയുടെ കുടുംബം അഭ്യര്‍ത്ഥിച്ചത്. അതിനാല്‍ മോദി സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കില്ല. വൃക്കരോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അരുണ്‍ ജെയ്റ്റ്‌ലി ഇന്നലെ ഉച്ചക്ക് ഡല്‍ഹിയിലെ എയിംസില്‍ വച്ചാണ് അന്തരിച്ചത്.