Kerala
യുവതീ പ്രവേശനത്തിന് മുന്‍കൈ എടുക്കേണ്ട; ശബരിമലയില്‍ നിലപാട് മയപ്പെടുത്താനൊരുങ്ങി സിപിഎം

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിലപാട് മയപ്പെടുത്താനൊരുങ്ങി സിപിഎം. യുവതീപ്രവേശനത്തില്‍ തല്‍ക്കാലം ആവേശം വേണ്ടെന്നാണ് സിപിഎം സംസ്ഥാനസമിതിയിലെ ചര്‍ച്ചയിലുയര്‍ന്ന നിര്‍ദേശം. പാലക്കാട് പ്ലീനത്തില്‍ എടുത്ത തീരുമാനം തിരുത്താനാണ് പാര്‍ട്ടി നീക്കമെന്നറിയുന്നു. വിശ്വാസകാര്യങ്ങളില്‍ നിന്ന് മാറിനില്‍ക്കണമെന്നായിരുന്നു പ്ലീനം തീരുമാനം. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി വിവാദ നിലപാടുകളാല്‍ വിശ്വാസികളായ പാര്‍ട്ടി അനുഭാവികളെ അകറ്റരുതെന്നും വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തരുതെന്നുമാണ് പാര്‍ട്ടി ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് സിപിഎമ്മിലെ പുതിയ നീക്കം. പ്രാദേശിക ക്ഷേത്ര കമ്മറ്റികളില്‍ സജീവമാകണമെന്നും യുവതീ പ്രവേശത്തില്‍ മുന്‍കൈ എടുക്കേണ്ടതില്ലെന്നും സംസ്ഥാന സമതിയിലും സെക്രട്ടറിയേറ്റിലും നിര്‍ദേശമുയര്‍ന്നു. രണ്ട് ദിവസമായി നടക്കുന്ന സംസ്ഥാനസമിതി യോഗത്തില്‍ പാര്‍ട്ടിയ്ക്ക് പറ്റിയ പിഴവുകള്‍ കണ്ടെത്തി പരിഹരിക്കാന്‍ നിരവധി നിര്‍ദേശങ്ങളുയര്‍ന്നു. മന്ത്രിമാരുടെ പ്രവര്‍ത്തന രീതിയെക്കുറിച്ചും പണപ്പിരിവ് നടത്തുന്നതിനെക്കുറിച്ച് ഉയരുന്ന ആക്ഷേപങ്ങളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചയായി.