National
ചിദംബരത്തിന് ജാമ്യമില്ല; നാല് ദിവസം സി ബി ഐ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഐ എന്‍ എസ് മീഡിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന് ജാമ്യമില്ല. ചിദംബരത്തെ നാല് ദിവസത്തേക്ക് റോസ് അവന്യൂവിലുള്ള പ്രത്യേക സി ബി ഐ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. കോടതി ഉത്തരവ് പ്രകാരം ചിദംബരം വരുന്ന തിങ്കളാഴ്ചവരെ സി ബി ഐ കസ്റ്റഡിയില്‍ തുടരും. ദിവസവും അരമണിക്കൂര്‍ കുടുംബത്തിനും അഭിഭാഷകനും അദ്ദേഹത്തെ കാണാന്‍ കോടതി അനുമതി നല്‍കി. എല്ലാ 48 മണിക്കൂറുകള്‍ക്കുള്ളിലും അദ്ദേഹത്തെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
തിങ്കളാഴ്ച വൈകിട്ട് ഇതേ കോടതിയില്‍ ചിദംബരത്തെ ഹാജരാക്കണം. പ്രഥമദൃഷ്ട്യാ ചിദംബരത്തിന് എതിരെ തെളിവുണ്ടെന്നും സി ബി ഐയുടെ വാദം ന്യായമാണെന്ന് കരുതിയാണ് നാല് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടുന്നതെന്നും കോടതി പറഞ്ഞു.
പി ചിദംബരത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ഡല്‍ഹിയിലെ സി ബി ഐ കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. ചിദംബരത്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ കബില്‍ സിബലും മനു അഭിഷേക് സിംഗ്വിയും ശക്തമായ വാദമുഖങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു ദിവസത്തോളം പോലീസ് കസ്റ്റഡിയില്‍ വെച്ചിട്ടും മുന്‍ധനമന്ത്രിയായ ചിദംബരത്തോട് 12 ചോദ്യങ്ങള്‍ മാത്രമാണ് ചോദിച്ചതെന്ന് കബില്‍ സിബല്‍ പറഞ്ഞു. ചോദ്യം ചെയ്യാനായി ചിദംബരം ആവശ്യപ്പെട്ടെങ്കിലും സി ബി ഐ തയ്യാറായില്ലെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ ചിദംബരം ചോദ്യം ചെയ്യലിനോട് തീര്‍ത്തും സഹകരിക്കുന്നില്ലെന്ന പ്രോസിക്യൂഷന്റെ വാദം മുഖവിലക്കെടുത്ത കോടതി കസ്റ്റഡിയില്‍ വിട്ടുനല്‍കുകയായിരുന്നു.
ഒരിടക്ക് സ്വന്തമായി ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് പി ചിദംബരം കോടതിയില്‍ പറഞ്ഞു. സോളിസിറ്റര്‍ ജനറലിന്റെ എതിര്‍പ്പ് വകവെക്കാതെ കോടതി സ്വന്തം വാദം ഉന്നയിക്കാന്‍ ചിദംബരത്തിന് അവസരവും നല്‍കി.സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കേസില്‍ സി ബി ഐക്ക് വേണ്ടി ഹാജരായത്. ജാമ്യമില്ലാ വാറണ്ട് ചിദംബരത്തിന് മേല്‍ ചുമത്തിയിരുന്നതാണെന്നും ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയിരുന്നുവെന്നും എസ് ജി കോടതിയില്‍ വാദിച്ചു.
മിണ്ടാതിരിക്കുക എന്നത് ഭരണഘടനാപരമായ അവകാശമായിരിക്കാം. പക്ഷേ കേസുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിനും വ്യക്തമായ ഉത്തരം ഒരിക്കലും ചിദംബരം നല്‍കിയില്ലെന്ന് കോടതിയില്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. മറ്റ് പ്രതികളോടൊപ്പം ഇരുത്തി ചിദംബരത്തെ ചോദ്യം ചെയ്യേണ്ടതുണ്ട്.
ഡല്‍ഹി ഹൈക്കോടതിയില്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു കൊണ്ട് ജസ്റ്റിസ് ജെ. ഗൗര്‍ നടത്തിയ വിധിപ്രസ്താവവും കോടതിയില്‍ എസ് ജി പരാമര്‍ശിച്ചു. ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിട്ടുള്ളതെന്നും മുന്‍കൂര്‍ ജാമ്യം നല്‍കാനാകില്ലെന്നും കോടതി വിധിയില്‍ പരാമര്‍ശിച്ചത് മേത്ത ചൂണ്ടിക്കാട്ടി.
കേസ് ഡയറിയും അന്വേഷണത്തിന്റെ നാള്‍വഴിയും കോടതി്ക്ക് മുമ്പാകെ സമര്‍പ്പിച്ചു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താലേ കേസിലെ മറ്റ് വിവരങ്ങളും വ്യക്തമാകൂ എന്ന് സി ബി ഐക്ക് വേണ്ടി ഹാജരായ എസ് ജി വാദിച്ചു. ഇന്ദ്രാണി മുഖര്‍ജിയുമായുള്ള ഇടപാടുകളെക്കുറിച്ച് വ്യക്തമായ തെളിവുകളുണ്ടെന്നും സി ബി ഐ വ്യക്തമാക്കി. ഇതെല്ലാം പരിഗണിച്ചാണ്‍ കോടതി ജാമ്യം നിഷേധിച്ച് ചിദംബരത്തെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്.