പ്രളയ രക്ഷാപ്രവര്‍ത്തനം: പി വി അന്‍വറിന്റെ ഇടപെടലിനെ പുകഴ്ത്തി മന്ത്രി തോമസ് ഐസക്

Posted on: August 22, 2019 6:15 pm | Last updated: August 23, 2019 at 10:12 am

തിരുവനന്തപുരം: നിലമ്പൂരിലുണ്ടായ പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ എം എല്‍ എ പി വി അന്‍വര്‍ നടത്തിയ ഇടപെടലിനെ വാനോളം പുകഴ്ത്തി ധനമന്ത്രി തോമസ് ഐസക്. രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ രംഗത്തും ജനപ്രതിനിധി എങ്ങനെ ഇടപെടണമെന്നതിനുള്ള മാതൃകയാണ് പി വി അന്‍വറെന്ന് ഐസക് ഫേസ്ബുക്ക് പേജില്‍ പറഞ്ഞു. സാമൂഹിക മാധ്യമം വഴി ദുരന്ത ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പൊതുപ്രവര്‍ത്തനകന് എങ്ങനെ ഇടപെടാമെന്നതിനുള്ള ഒരു കേസ് സ്റ്റഡിയാണ് അന്‍വറിന്റെ ഫേസ്ബുക്ക് പേജജെന്നും ഐസക് പറഞ്ഞു. അന്‍വറിന്റെ പ്രവര്‍ത്തനങ്ങളെ ഹൃദയത്തോട് ചേര്‍ത്ത് അഭിവാദ്യം ചെയ്യുന്നെന്നും മന്ത്രി പറഞ്ഞു

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

തുടര്‍പ്രളയങ്ങളും ഉരുള്‍പൊട്ടലും ദുരന്തം വിതച്ച നിലമ്പൂരില്‍, പി വി അന്‍വര്‍ എം എല്‍ എ നടത്തിയ ഇടപെടലുകള്‍ പൊതുപ്രവര്‍ത്തകര്‍ക്കാകെ മാതൃകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസപ്രയത്‌നങ്ങള്‍ക്കും ഏറ്റവും സമര്‍ഥമായ രീതിയിലാണ് അദ്ദേഹം സോഷ്യല്‍ മീഡിയയെ ഉപയോഗിച്ചത്. ഇത്തരം ദുരന്തങ്ങളെ അതിജീവിക്കേണ്ടതെങ്ങനെ എന്നകാര്യത്തില്‍ ഒരു കേസ് സ്റ്റഡിയാണ് അദ്ദേഹത്തിന്റെ ഇടപെടലുകള്‍. മഴ കനത്ത ആഗസ്റ്റ് എട്ടു മുതല്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജ് ഞാനൊന്ന് ഓടിച്ചു നോക്കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്, സഹായമെത്തിക്കുന്നതിന്, വ്യാജവാര്‍ത്തകളില്‍ നിന്ന് ആശ്വാസം പകരുന്നതിന്, വിദൂരത്തുള്ള ബന്ധുക്കളുടെ അന്വേഷണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുന്നതിന്, രക്ഷാപ്രവര്‍ത്തനങ്ങളുടെ സംഘാടനത്തിന്, ഇതരപ്രദേശങ്ങളില്‍ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകരുടെ ഏകോപനത്തിന് തുടങ്ങി ഏറ്റവുമൊടുവില്‍ റീബില്‍ഡ് നിലമ്പൂര്‍ എന്ന ബ്രഹത്പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതില്‍ എത്തി നില്‍ക്കുന്ന മഹാപ്രയത്‌നത്തിന്റെ നാള്‍വഴികളുടെ ചിട്ടയായ രേഖപ്പെടുത്തലാണ് ആ പേജില്‍.

പ്രളയം ആരംഭിച്ച് മണിക്കൂറുകള്‍ക്കകം എം എല്‍ എ ഓഫീസ് 24ഃ7 ഹെല്‍പ്പ് ഡെസ്‌കാക്കി മാറ്റുകയും മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം നേരിട്ടു തന്നെ നേതൃത്വം നല്‍കുകയും ചെയ്തു. ദുരന്തവേളയില്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജ് എത്രമാത്രം പ്രയോജനകരമായിരുന്നു എന്ന് പല പോസ്റ്റുകള്‍ക്കും ചുവടെയുള്ള കമന്റുകള്‍ സാക്ഷി പറയുന്നുണ്ട്. പെരുമഴയത്ത് വൈദ്യുതിബന്ധം പൂര്‍ണമായും നിലയ്ക്കുകയും മൊബൈല്‍ നെറ്റുവര്‍ക്കുകള്‍ പ്രവര്‍ത്തനരഹിതമാവുകയും ചെയ്തപ്പോള്‍ പുറംലോകത്തെ നിലമ്പൂരുമായി ബന്ധിപ്പിച്ചത് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജാണ്.

പ്രവാസികള്‍ അടക്കമുള്ളവര്‍ നിലമ്പൂരുമായി ആ സമയത്ത് നിത്യസമ്പര്‍ക്കം പുലര്‍ത്തിയത് അന്‍വറിന്റെ പേജു വഴിയായിരുന്നു. അന്‍വര്‍ തന്നെ പറഞ്ഞതുപോലെ ഒരു മിനി കണ്‍ട്രോള്‍ റൂമായി ഫേസ്ബുക്ക് പേജിനെ സമീപിക്കുകയും അങ്ങനെ ആക്കിത്തീര്‍ക്കുന്നതില്‍ പൂര്‍ണമായും വിജയിക്കുകയും ചെയ്തു. അഞ്ചു സന്നദ്ധ പ്രവര്‍ത്തകര്‍ അടങ്ങിയ ടീമാണ് ഈ ചുമതല കൈകാര്യം ചെയ്തതെന്നും അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. എംഎല്‍എയുടെ സ്റ്റാഫും പൂര്‍ണമായും ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. അവരെയെല്ലാപേരെയും ഹൃദയത്തോട് ചേര്‍ത്ത് അഭിവാദ്യം ചെയ്യുന്നു.