National
രാജീവ് വധം: നളിനിയുടെ പരോള്‍ മൂന്നാഴ്ച കൂടി നീട്ടി

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരന്റെ പരോള്‍ മദ്രാസ് ഹൈക്കോടതി മൂന്നാഴ്ച കൂടി നീട്ടി. മകളുടെ വിവാഹ ഒരുക്കങ്ങള്‍ക്കായി പരോള്‍ ഒരുമാസം കൂടി നീട്ടിനല്‍കണമെന്ന നളിനിയുടെ അപേക്ഷയിലാണ് കോടതി ഉത്തരവ്. കഴിഞ്ഞ മാസം കോടതി 30 ദിവസം പരോള്‍ അനുവദിച്ചതിനെ തുടര്‍ന്ന് ജൂലൈ 25ന് വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ നളിനി നിലവില്‍ സത്വാചാരിയിലാണ് താമസിച്ചു വരുന്നത്. 28 വര്‍ഷമായി ജയിലില്‍ കഴിയുന്ന നളിനി ആറു മാസത്തെ പരോളിനാണ് ആദ്യ ഘട്ടത്തില്‍ അപേക്ഷ നല്‍കിയിരുന്നത്.
കഴിഞ്ഞ വര്‍ഷം പിതാവ് ശങ്കരനാരായണന്റെ സംസ്‌കാരം ചടങ്ങില്‍ പങ്കെടുക്കുന്നതിനായി നളിനിക്ക് ഒരു ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. ജയിലിലടക്കപ്പെടുമ്പോള്‍ ഗര്‍ഭിണിയായിരുന്ന നളിനി ചെങ്കല്‍പേട്ടിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് പ്രസവിച്ചത്. തുടര്‍ന്ന് നാലു വര്‍ഷത്തോളം മകള്‍ നളിനിക്കൊപ്പം ജയിലിലായിരുന്നു. 2005 മുതല്‍ ലണ്ടനില്‍ ബന്ധുക്കളുടെ സംരക്ഷണത്തിലാണ് മകള്‍ കഴിയുന്നത്. രാജീവ് വധക്കേസില്‍ നളിനിയുടെ ഭര്‍ത്താവ് ശ്രീഹരനും ഇതേ ജയിലില്‍ തടവുശിക്ഷ അനുഭവിച്ചു വരികയാണ്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഭരണഘടനയുടെ 161ാം വകുപ്പ് പ്രകാരം ഇവര്‍ രണ്ടു പേരുമുള്‍പ്പടെ കേസിലെ ഏഴ് കുറ്റവാളികളെയും വിട്ടയക്കണമെന്ന തമിഴ്‌നാട് സര്‍ക്കാറിന്റെ ശിപാര്‍ശ ഗവര്‍ണറുടെ പരിഗണനയിലാണ്.