ഐഎന്‍എക്‌സ് കേസ്: നാള്‍വഴി ഇങ്ങനെ

Posted on: August 21, 2019 10:45 pm | Last updated: August 22, 2019 at 11:13 am

ന്യൂഡല്‍ഹി: 2007ല്‍ പി ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത് ഐഎന്‍എക്‌സ് മീഡിയക്ക് വേണ്ടി ചട്ടങ്ങള്‍ മറികടന്ന് 305 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിച്ചതാണ് അദ്ദേഹത്തിന് കുരുക്കായത്. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ ചട്ടപ്രകാരം 4.62 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കാനേ കമ്പനിക്ക് അര്‍ഹതയുണ്ടായിരുള്ളൂ. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന് ഐഎന്‍എക്‌സ് മീഡിയ അപേക്ഷ നല്‍കുകയും ധനകാര്യമന്ത്രാലയം ചട്ടങ്ങള്‍ മറികടന്ന് ഇതിന് അംഗീകാരം നല്കുകയുമായിരുന്നു. ഇന്ദ്രാണി മുഖര്‍ജിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയുമായിരുന്നു ഐഎന്‍എക്‌സ് മീഡിയയുടെ ഉടമകള്‍. ഇവര്‍ക്കുപുറമേ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിംദബരവും കേസില്‍ പ്രതിയാണ്.

കേസിന്റെ നാള്‍വഴി ഇങ്ങനെ:

2017 മേയ് 15: വിദേശത്തുനിന്ന് നിയമവിരുദ്ധമായി 305 കോടിയുടെ നിക്ഷേപം സ്വീകരിച്ചതിന് ഐഎന്‍എക്‌സ് മീഡിയയ്‌ക്കെതിരെ സിബിഐ കേസെടുത്തു.

2017 മേയ് 16: പി.ചിദംബരത്തിന്റേയും മകന്‍ കാര്‍ത്തി ചിദംബരത്തിന്റേയും ചെന്നൈയിലെ വീടുകളിലും ഓഫീസുകളിലും സിബിഐ റെയ്ഡ്.

2017 ജൂണ്‍ 16: കാര്‍ത്തി ചിദംബരത്തിനെതിരെ ലുക്കൗട്ട് നോട്ടീസ്.

2017 ഓഗസ്റ്റ് 10: കാര്‍ത്തിക്കെതിരായ ലുക്കൗട്ട് നോട്ടീസ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു.

2017 ഓഗസ്റ്റ് 14: മദ്രാസ് ഹൈക്കോടതിയുടെ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു.

2017 ഓഗസ്റ്റ് 18: ഓഗസ്റ്റ് 23നു മുമ്പ് സിബിഐക്കു മുന്നില്‍ ഹാജരാകാന്‍ കാര്‍ത്തി ചിദംബരത്തിന് സുപ്രീംകോടതിയുടെ നിര്‍ദേശം.

2017 സെപ്റ്റംബര്‍ 22: വിദേശത്തെ ബാങ്ക് അക്കൗണ്ടുകള്‍ ഇല്ലാതാക്കാന്‍ സാധ്യതയുളളതിനാല്‍ കാര്‍ത്തിയുടെ വിദേശയാത്രകള്‍ സിബിഐ തടഞ്ഞു.

2017 ഒക്ടോബര്‍ 09: മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി ബ്രിട്ടനില്‍ പോകാന്‍ അനുമതി തേടി കാര്‍ത്തി സുപ്രീംകോടതിയെ സമീപിച്ചു.

2017 നവംബര്‍ 20: ബ്രിട്ടനില്‍ പോകാന്‍ കാര്‍ത്തിക്ക് സുപ്രീംകോടതിയുടെ അനുമതി.

2018 ഫെബ്രുവരി 16: കാര്‍ത്തി ചിദംബരത്തിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ സിബിഐ അറസ്റ്റു ചെയ്തു.

2018 ഫെബ്രുവരി 28: കാര്‍ത്തി ചിദംബരത്തെ ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റു ചെയ്തു.

2018 മാര്‍ച്ച് 01: കാര്‍ത്തി ചിദംബരത്തെ മാര്‍ച്ച് ആറ് വരെ സിബിഐ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവ്.

2018 മാര്‍ച്ച് 12: കാര്‍ത്തിയെ തിഹാര്‍ ജയിലിലാക്കി.

2018 മാര്‍ച്ച് 23: കാര്‍ത്തി ചിദംബരത്തിന് ജാമ്യം അനുവദിച്ചു.

2018 മേയ് 30: അഴിമതിക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പി ചിദംബരം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.

2018 ജൂണ്‍ 01: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പി ചിദംബരത്തിന് സിബിഐയുടെ നിര്‍ദ്ദേശം.

2018 ജൂലൈ 23: എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ ജാമ്യം തേടി ചിദംബരം വീണ്ടും ഡല്‍ഹി ഹൈക്കോടതിയില്‍.

2018 ജൂലൈ 23: ചിദംബരത്തിനെതിരായ രണ്ടു കേസുകളിലും അറസ്റ്റ് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവ്.

2018 ഒക്ടോബര്‍ 11: കാര്‍ത്തി ചിദംബരത്തിന്റെ ഇന്ത്യയിലും വിദേശത്തുമുളള 54 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.

2019 ഫെബ്രുവരി 04: ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രനിയമ മന്ത്രാലയത്തിന്റെ അനുമതി.

2019 ജൂലൈ 04: കേസില്‍ തന്നെ മാപ്പുസാക്ഷിയാക്കണമെന്ന ഇന്ദ്രാണി മുഖര്‍ജിയുടെ ആവശ്യം പ്രത്യേക സിബിഐ കോടതി അംഗീകരിച്ചു.

2019 ഓഗസ്റ്റ് 20: പി.ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തളളി.

2019 ഓഗസ്റ്റ് 21: പി ചിദംബരത്തെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് സിബിഐ സംഘം അറസ്റ്റ് ചെയ്യുന്നു.