കാന്തപുരം ചെചന്‍ പ്രസിഡന്റിന്റെ അതിഥി

Posted on: August 21, 2019 10:57 am | Last updated: August 21, 2019 at 10:57 am

കോഴിക്കോട്: ചെച്‌നിയന്‍ പ്രസിഡന്റ് റമദാന്‍ ഖാദിറോവിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച യൂറോപ്പിലെ ഏറ്റവും വലിയ മുസ്‌ലിം പള്ളിയുടെ ഉദ്ഘാടനത്തില്‍ പ്രസിഡന്റിന്റെ പ്രത്യേക ക്ഷണപ്രകാരം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പങ്കെടുക്കും.

ഇരുപതിനായിരം വിശ്വാസികള്‍ക്ക് ഒരേ സമയം നിസ്‌കരിക്കാന്‍ പറ്റുന്ന പള്ളി, ചെച്‌നിയയുടെ പ്രഥമ പ്രസിഡന്റ് അഹ്മദ് ഹാജി ഖാദിറോവിന്റെ പേരിലാണ് നിര്‍മിച്ചിരിക്കുന്നത്. 43 രാജ്യങ്ങളില്‍ നിന്നുള്ള 200 പ്രധാന പണ്ഡിതരും രാഷ്ട്രീയ നേതാക്കളും നാളെ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിക്കും.
ചെച്‌നിയന്‍ പ്രസിഡന്റ് റമദാന്‍ ഖാദിറോവുമായും ചെച്‌നിയന്‍ ഗ്രാന്‍ഡ് മുഫ്തി സലാഹ് മെസീവുമായും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കൂടിക്കാഴ്ച നടത്തും.

ഉദ്ഘാടനത്തിന് അനുബന്ധമായി നടക്കുന്ന അന്തരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരം, മദ്ഹു നബി സമ്മേളനം എന്നിവയിലും അദ്ദേഹം സംബന്ധിക്കും.
റഷ്യന്‍ റിപ്പബ്ലിക്കിലെ മറ്റൊരു പ്രധാന രാജ്യമായ ദാഗിസ്ഥാനിലെ ഇസ്‌ലാമിക നേതൃത്വവും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ ക്ഷണിച്ചിട്ടുണ്ട്. ദാഗിസ്ഥാനില്‍ എത്തിയ ഗ്രാന്‍ഡ് മുഫ്തി ഇന്ന് ദാഗിസ്ഥാന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അഹ്മദ് അല്‍ ഹാജിയുമായി കൂടിക്കാഴ്ച നടത്തും.
മര്‍കസ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, മര്‍കസ് യു എ ഇ കറസ്‌പോണ്ടന്റ് അലി അസ്ഗര്‍ സഖാഫി, മഹ്്മൂദ് ഹാജി കടവത്തൂര്‍ എന്നിവരും വിവിധ പരിപാടികളില്‍ സംബന്ധിക്കും.