Eranakulam
ഇനി നിർമിക്കുക പേമാരിയെ അതിജീവിക്കുന്ന റോഡുകൾ

കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതിയിൽ 4,600 കിലോമീറ്റർ റോഡ് തകർന്നതായി പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് തയ്യാറാക്കി.വിവിധ ജില്ലകളിൽ നിന്ന് കഴിഞ്ഞ പത്ത് ദിവസമായി പൊതുമരാമത്ത് വകുപ്പ് ഇന്നലെ വരെ ശേഖരിച്ച കണക്ക് പ്രകാരമാണ് നഷ്ടം സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കിയത്. പൊതുമരാമത്ത് വകുപ്പിന്റെയും ദേശീയപാതാ ഡിവിഷന്റെയും അധീനതയിലുള്ള റോഡുകളിൽ പലതിന്റെയും കേടുപാടുകൾ തീർക്കുന്ന പ്രവൃത്തി ഇതിനകം തുടങ്ങിയിട്ടുണ്ടെങ്കിലും പ്രളയത്തെ അതിജീവിക്കുന്ന പുതിയ സാങ്കേതിക വിദ്യയുപയോഗിച്ചുള്ള റോഡ് നിർമാണം വ്യാപകമാക്കാനാണ് പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം. പൊതുമരാമത്ത് വകുപ്പിന് കീഴിൽ 3,900 കിലോമീറ്ററും ദേശീയ പാതയിൽ 650 കിലോമീറ്ററും റോഡ് തകർന്നിട്ടുണ്ട്.പ്രളയം കനത്ത നാശം വിതച്ച വടക്കൻ ജില്ലകളിലാണ് ഇക്കുറി റോഡ് തകർച്ച വ്യാപകമായത്.ഇടുക്കിയിൽ 500 കിലോമീറ്റർ റോഡ് തകർന്നിട്ടുണ്ട്. മലപ്പുറം-420, വയനാട്-400, കാസർകോട്-225, കണ്ണൂർ-140, പാലക്കാട്-380 കിലോമീറ്റർ എന്നിങ്ങനെയാണ് പ്രധാനമായും തകർന്ന റോഡുകളുടെ കണക്ക്.
മലപ്പുറം,വയനാട് ജില്ലയിലെ രണ്ട് റോഡുകളാണ് പൂർണമായും തകർന്നത്. ഇവയൊഴിച്ച് മറ്റു റോഡുകളുടെ അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കാൻ നേരത്തേ തന്നെ വകുപ്പ് നിർദേശം നൽകിയിരുന്നു. റോഡ് തകർന്ന പ്രദേശങ്ങളിൽ പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാർ ക്യാമ്പ് ചെയ്ത് നടപടിയെടുക്കാനാണ് നിർദേശം. എന്തൊക്കെ നടപടിയെത്തുവെന്ന റിപ്പോർട്ട് അപ്പോൾ തന്നെ ചീഫ് എൻജിനീയർക്കും സർക്കാറിനും നൽകണമെന്നും നിർദേശിച്ചിരുന്നു. ഓരോ ജില്ലകളിലും പൊതുമരാമത്ത് നിരത്ത് വിഭാഗം എൻജിനീയർ, ദേശീയപാത സൂപ്രണ്ടിംഗ് എൻജിനീയർ, ദേശീയപാതാ ചീഫ് എൻജിനീയർ എന്നിങ്ങനെ വിവിധ തസ്തികകളിലെ ഉദ്യോഗസ്ഥർക്കാണ് ഇതിന്റെ ചുമതല നൽകിയിട്ടുള്ളത്. റോഡ് മുറിഞ്ഞുപോയത്, ടാർ ഇളകിപ്പോയത്, വലിയ കുഴികൾ രൂപപ്പെട്ടത് എന്നിങ്ങനെ പ്രത്യേക വിഭാഗമാക്കിയാണ് റോഡിന്റെ തകർച്ച കണക്കാക്കിയത്.
റോഡിന് പിറകെ പൊതുമരാമത്ത് വകുപ്പിന് കീഴിലെ കെട്ടിടം എന്നിവയുടെ നാശം കൂടി കണക്കിലെടുക്കുമ്പോൾ 2,600 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. വലുതും ചെറുതുമായ 70 പാലങ്ങൾക്കും 85 സർക്കാർ കെട്ടിടങ്ങൾക്കും വലിയ നാശം സംഭവിച്ചിട്ടുണ്ട്. അതേസമയം പ്രളയത്തെത്തുടർന്ന് നാശം നേരിട്ട റോഡുകൾ പുതിയ സാങ്കേതിക വിദ്യയനുസരിച്ച് പുനർനിർമിക്കാനാണ് പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം. വെള്ളപ്പൊക്കമോ ഉരുൾപൊട്ടലോ വന്നാൽ തകരാത്ത റോഡുകളും പാലങ്ങളും നിർമിക്കാൻ കഴിഞ്ഞ പ്രളയകാലത്ത് തന്നെ സർക്കാർ തീരുമാനിച്ചിരുന്നു.
റീബിൽഡ് കേരള പദ്ധതി പ്രകാരം 62 റോഡുകളാണ് കഴിഞ്ഞ തവണ നിർമിക്കാൻ തീരുമാനിച്ചിരുന്നത്. നൂതന ജർമൻ സാങ്കേതിക വിദ്യയായ ഫുൾ ഡെപ്ത് റിക്ലമേഷൻ ബൈ സോയിൽ സ്റ്റെബിലൈസേഷൻ വിത്ത് സിമന്റ് ഉപയോഗിച്ച് നിർമിക്കുന്ന റോഡുകളാണ് പൊതുമരാമത്ത് വകുപ്പ് ഇനി നിർമിക്കുക. ഈ രീതിയിൽ ആനയടി പഴകുളം റോഡ് നിർമിച്ചിരുന്നു. തകർന്ന റോഡുകൾ നേരെയാക്കാനായി ജർമൻ യന്ത്രോപകരണങ്ങൾ ഉപയോഗിച്ച് നിലവിലുള്ള റോഡ് 30 സെ.മീ ആഴത്തിൽ വെട്ടിയെടുക്കുകയും പിന്നീട് അത് കുഴച്ച് അതേ ഭാഗത്ത് തന്നെ ഇടുകയും ചെയ്യുന്നതിലൂടെ പുതിയ മെറ്റലിന്റെ ഉപയോഗം വലിയ അളവിൽ കുറക്കാനാവും. ഇങ്ങനെ നിർമിക്കുന്ന റോഡിന്റെ മുകളിൽ ഒരു ലെയർ ബിറ്റുമിനസ് കോൺക്രീറ്റ് നൽകുന്നതോടെ റോഡ് നിർമാണം പൂർത്തിയാകും. 15 വർഷത്തോളം ഇത്തരത്തിലുള്ള റോഡുകളുടെ ബേസ് നിലനിൽക്കുമെന്നാണ് കരുതുന്നത്. വയനാട്, ഇടുക്കി ജില്ലകളിലെ മലയോര മേഖലകളിലെ റോഡുകൾ ഇവിടുത്തെ ഭൂപ്രകൃതിക്കനുസരിച്ച് തുടർച്ചയായ മഴയെയും ദുരന്തങ്ങളെയും അതിജീവിക്കുന്ന സാങ്കേതിക വിദ്യയനുസരിച്ചാണ് പ്രകൃതി സൗഹൃദമായി പുനർനിർമിക്കുക.