സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

Posted on: August 20, 2019 2:34 pm | Last updated: August 20, 2019 at 11:03 pm

ന്യൂഡല്‍ഹി: നവമാധ്യമങ്ങളിലെ ഇടപെടലിന് കടുത്ത നിയന്ത്രണം വേണമെന്ന നിലപാടിനൊപ്പം കേന്ദ്ര സര്‍ക്കാറും. ഇതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കി. വ്യാജ വാര്‍ത്തകളും സൈബര്‍ കുറ്റകൃത്യങ്ങളും തടയാനും ദേശവിരുദ്ധമായ ഉള്ളടക്കങ്ങള്‍ തടയുന്നതിനും നവമാധ്യമങ്ങളില്‍ നിലവില്‍ സംവിധാനമില്ലെന്നും ഇതിനാലാണ് നിയന്ത്രണം ആവശ്യപ്പെടുന്നതെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലാണ് കോടതിയില്‍ കേന്ദ്ര നിലപാട് അറിയിച്ചത്.

സമൂഹിക മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹൈക്കോടിതികളില്‍ നടക്കുന്ന കേസ് സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ഫേസ്ബുക്കിന്റെ ഹരജി പരിഗണിക്കവെയാണ് കേന്ദ്രം നിലപാട് അറിയിച്ചത്. അതേ സമയം നിലവില്‍ മദ്രാസ്, ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളില്‍ നടക്കുന്ന കേസില്‍ ഇടപെടില്ലെന്ന് കേന്ദ്രം അറിയിച്ചു.

ആധാറുമായി അക്കൗണ്ടുകള്‍ ബന്ധിപ്പിക്കാന്‍ ആവശ്യപ്പെടുന്നത് ഉപഭോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ഫേസ്ബുക്ക് അറിയിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളെ വരുതിയിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന് ഫേസ്ബുക്കിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി വാദിച്ചു. വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്നും അദ്ദേഹം പറഞ്ഞു.

കേസ് സെപ്റ്റംബര്‍ 13ന് വീണ്ടും കോടതി പരിഗണിക്കും. അന്നേ ദിവസം വാദം കേള്‍ക്കാനായി കേന്ദ്ര സര്‍ക്കാറിനും ഗൂഗിളിനും ട്വിറ്ററിനും യൂട്യൂബിനും സുപ്രീംകോടതി നോട്ടീസയച്ചു.