Connect with us

National

അഭിമാന നിമിഷം; നിര്‍ണായക ചുവട് പിന്നിട്ട് ചാന്ദ്രയാന്‍-2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍

Published

|

Last Updated

ബംഗളൂരു: ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തി ചാന്ദ്രയാന്‍ – 2 ചാന്ദ്രദൗത്യ പേടകം വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. ഇതോടെ ചാന്ദ്രദൗത്യത്തിലെ ഏറ്റവും നിര്‍ണായക ചുവടുകള്‍ ഐഎസ്ആര്‍ഒ പിന്നിട്ടു. വിക്ഷേപണത്തിന് 29 ദിവസങ്ങള്‍ക്ക് ശേഷമാണ് ചാന്ദ്രയാന്‍ ചരിത്രനേട്ടം കൈവരിക്കുന്നത്. 11 മണിക്ക് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. ശിവന്‍ മാധ്യമങ്ങളെ കാണും.

ഭൂമിയുടെ ഭ്രമണപഥം വിട്ട് കഴിഞ്ഞ ബുധനാഴ്ച ചന്ദ്രവലയത്തിലേക്ക് നീങ്ങിത്തുടങ്ങിയ ചന്ദ്രയാന്‍ ഇന്ന് രാവിലെ 9.02നാണ്‌ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കടന്നത്. പേടകം അടുത്ത മാസം ഏഴിന് ചന്ദ്രോപരിതലത്തിലിറങ്ങും.

രാവിലെ 8.30നും 9.30നും ഇടയിലാണ് ചാന്ദ്രയാന്‍ വേഗം കുറച്ച് ചന്ദ്രന്റെ ആകര്‍ഷണ വലയത്തില്‍ പ്രവേശിച്ചത്. തുടര്‍ന്ന് പേടകം ചന്ദ്രനെ ഭ്രമണം ചെയ്തു തുടങ്ങി. നാളെ വീണ്ടും എഞ്ചിന്‍ ജ്വലിപ്പിച്ച് ഭ്രമണപഥം ശരിയാക്കും. ഈ മാസം 28, 30 അടുത്ത മാസം ഒന്ന് തിയ്യതികളിലും എഞ്ചിന്‍ ജ്വലിപ്പിച്ച് പേടകത്തെ ചന്ദ്രനിലേക്ക് കൂടുതല്‍ അടുപ്പിക്കും.

അടുത്ത മാസം 7ന് പുലര്‍ച്ചെ 1.30നും 2.30നും ഇടയ്ക്ക് പേടകം ചന്ദ്രോപരിതലത്തിന്റെ 100 കിലോമീറ്റര്‍ അടുത്തെത്തും. പിന്നീട് പേടകത്തില്‍ നിന്ന് പുറത്തുവരുന്ന ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലിറങ്ങും.

Latest